ഐപിഎല്ലില്‍ ആദ്യ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി പഞ്ചാബ് കിങ്സ്. ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാള്‍ (52), ശിഖര്‍ ധവാന് (70) എന്നിവരുടെ മികവില്‍ പഞ്ചാബ് നിശ്ചിത ഓവറില്‍ 198 റണ്‍സ് നേടി. അവസാന ഓവറുകളില്‍ ജിതേഷ് ശര്‍മയും ഷാരൂഖ് ഖാനും സ്കോറിങ്ങിന് വേഗം കൂട്ടിയതും പഞ്ചാബിന് തുണയായി. മുംബൈക്കായി ബേസില്‍ തമ്പി രണ്ടും, ജസ്പ്രിത് ബുംറ, ജയദേവ് ഉനദ്കട്ട്, മുരുഗന് അശ്വിന് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുക എന്ന സമീപനം ആയിരുന്നു മായങ്കും ധവാനും സ്വീകരിച്ചത്. ഒരു ഘട്ടത്തിലും ഇരുവര്‍ക്കും വെല്ലുവിളി ഉയര്‍ത്താന്‍ ബുംറയുള്പ്പടെയുള്ള ബോളര്‍മാര്‍ക്ക് സാധിച്ചില്ല. ആദ്യ വിക്കറ്റ് നേടാന്‍ മുംബൈക്ക് പത്താം ഓവര്‍ വരെ കാത്തു നില്‍ക്കേണ്ടി വന്നു. 32 പന്തില്‍ 52 റണ്‍സുമായി തകര്‍ത്തടിച്ചിരുന്ന മായങ്കിനെ മുരുഗന് അശ്വിനാണ് പുറത്താക്കിയത്. മായങ്ക് പുറത്തായ അവസരം മുംബൈ ഉപയോഗിച്ചു.
പിന്നീട് പഞ്ചാബിന്റെ റണ്ണൊഴുക്ക് തടയാന്‍ മുംബൈക്ക് കഴിഞ്ഞു. മായങ്കിന് പിന്നാലെയെത്തിയ ജോണി ബയര്സ്റ്റോയ്ക്ക് താളം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ധവാന് മറുവശത്ത് അനായാസം ബൗണ്ടറികള്‍ നേടി. ബെയര്സ്റ്റൊയെ ഉനദ്കട്ടും, അപകടകാരിയായ ലിയാം ലിവിങ്സ്റ്റണെ ബുംറയും മടക്കി. നിലയുറപ്പിച്ച ധവാനെ പൊള്ളാര്‍ഡിന്റെ കൈകളില്‍ ബേസില്‍ തമ്പിയും എത്തിച്ചതോടെ പഞ്ചാബ് പരുങ്ങലിലായി. 50 പന്തില്‍ നിന്നായിരുന്നു ധവാന് 70 റണ്‍സ് നേടിയത്. അഞ്ച് ഫോറും മൂന്ന് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു.
എന്നാല്‍ പിന്നീടെത്തിയ യുവതാരങ്ങളായ ജിതേഷും ഷാരൂഖും ചേര്‍ന്ന് പഞ്ചാബിനെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. ഉനദ്കട്ടിന്റെ അവസാന ഓവറില്‍ 23 റണ്‍സാണ് പിറന്നത്. ജിതേഷ് രണ്ട് ഫോറും രണ്ട് സിക്സുമടക്കം 30 റണ്‍സ് നേടി. ഷാരൂഖ് രണ്ട് സിക്സടക്കം ആറ് പന്തില്‍ 15 റണ്‍സും. ഷാരൂഖിനെ ബേസില്‍ അവസാന ഓവറില്‍ ബൗള്‍ഡാക്കുകയായിരുന്നു.