മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് ഇന്ന് നിര്‍ണായക മത്സരം. കളിച്ച നാല് മത്സരങ്ങളിലും പരാജയം രുചിച്ച മുംബൈ ഇന്ന് ഏഴാം സ്ഥാനക്കാരായ പഞ്ചാബ് കിങ്സിനെ നേരിടും. നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ് രോഹിത് ശര്‍മയും കൂട്ടരും.
മുംബൈ നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്ന് നായകന് രോഹിത് ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങളുടെ ഫോമില്ലായ്മയാണ്. ആദ്യ രണ്ട് കളികളില്‍ തിളങ്ങിയ ഇഷാന് കിഷന് പിന്നീടുള്ളവയില്‍ പരാജയപ്പെട്ടു. കീറോണ്‍ പൊള്ളാര്‍ഡ് ടൂര്‍ണമെന്റില്‍ ഇതുവരെ നിലവാരത്തിനൊത്ത് ഉയര്‍ന്നിട്ടുമില്ല.
സൂര്യകുമാര്‍ യാദവും തിലക് വര്‍മയും മാത്രമാണ് ഇതുവരെ സ്ഥിരത പുലര്‍ത്തിയിട്ടുള്ള മുംബൈ താരങ്ങള്‍. രോഹിത്-ഇഷാന്-പൊള്ളാര്‍ഡ് എന്നിവര്‍ തങ്ങളുടെ നിലവാരത്തിനൊത്ത് ഉയര്‍ന്നില്ലെങ്കില്‍ അഞ്ചാം പരാജയം സുനിശ്ചിതമാണെന്ന് പ്രവചിക്കേണ്ടതായി വരും.
ബോളിങ്ങിലേക്കെത്തിയാലും സമാനമാണ് കാര്യങ്ങള്‍. വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുള്ള ബോളര്‍മാരുടെ അഭാവം തന്നെയാണ് ടീമിന് തിരിച്ചടി. കൃത്യമായൊരു ബോളിങ് നിരയെ ഇതുവരെ കണ്ടെത്താന്‍ ടീമിനായിട്ടില്ല. പല പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും തോല്‍വി തന്നെയായിരുന്നു ഫലം.
സീസണില്‍ മുംബൈക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ടൈമല്‍ മില്‍സിനെ വരെ ഒഴിവാക്കിക്കൊണ്ടായിരുന്നു ബാംഗ്ലൂരിനെതിരെ ഇറങ്ങിയത്. ഒരു ഘട്ടത്തിലും ബാംഗ്ലൂര്‍ ബാറ്റിങ് നിരക്ക് വെല്ലുവിളി ഉയര്‍ത്താന്‍ മുംബൈക്ക് കഴിഞ്ഞില്ല.
മറുവശത്ത് ഗുജറാത്തിനെതിരെ തോല്‍വി വഴങ്ങിയതിന് ശേഷമാണ് പഞ്ചാബ് എത്തുന്നത്. ലിയാം ലിവിങ്സ്റ്റണെ പോലെയുള്ള കൂറ്റനടിക്കാരുടെ നിരതന്നെയുള്ള പഞ്ചാബിന് ബാറ്റിങ് നിര തലവേദന ഉയര്‍ത്തുന്നില്ല. എന്നാല്‍ മുംബൈയെ പോലെ തന്നെ ബോളിങ് നിരയാണ് ടീമിന്റെ വെല്ലുവിളി.
കഗിസൊ റബാഡ, രാഹുല്‍ ചഹര്‍, അര്‍ഷദീപ് സിങ് എന്നിവര്‍ തിളങ്ങുന്നുണ്ടെങ്കിലും റണ്‍സ് വിട്ടുനല്‍കുന്നതില്‍ തല്‍പ്പരരാണ്. മികച്ച ബൊളിങ് പ്രകടനം കാഴ്ച വച്ചാല്‍ മുംബൈയെ അനായാസം പഞ്ചാബിന് മറികടക്കാന്‍ കഴിഞ്ഞേക്കും.