IPL 2022, MI vs KKR: ജസ്പ്രിത് ബുംറ അവസാന ഓവറുകളില്‍ കത്തിക്കയറിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 164-5 എന്ന നിലയിലേക്ക് ഒതുങ്ങി. 18, 20 ഓവറുകളില്‍ ബുംറ കേവലം ഒരു റണ്‍സ് മാത്രം വിട്ടു നല്‍കി മൂന്ന് വിക്കറ്റുകളാണ് നേടിയത്. ട്വന്റി 20 ക്രിക്കറ്റിലെ ബുംറയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് അതിവേഗ തുടക്കമാണ് വെങ്കിടേഷ് അയ്യര്‍ നല്‍കിയത്. പവര്‍പ്ലെയുടെ അവസാന ഓവറിലായിരുന്നു വെങ്കിടേഷ് പുറത്തായത്. എന്നാല്‍ സ്കോര്‍ 60 എത്തിയിരുന്നു. 24 പന്തില്‍ നിന്ന് മൂന്ന് ഫോറും നാല് സിക്സുമടക്കമാണ് വെങ്കിടേഷ് 43 റണ്‍സ് നേടിയത്.
മൂന്നാമനായെത്തിയ നിതീഷ് റാണയും വെങ്കിടേഷിന്റെ പാത പിന്തുടര്‍ന്നതോടെ മുംബൈ പ്രതിരോധത്തിലായി. നിതീഷ് ഒരു വശത്ത് തകര്‍ത്തടിച്ചപ്പോള്‍ മറുവശത്ത് ഓപ്പണര്‍ അജിങ്ക്യ രഹാനെയും (25) നായകന്‍ ശ്രേയസ് അയ്യരും അതിവേഗം മടങ്ങി. 14 ഓവര്‍ എത്തിയപ്പോള്‍ കൊല്‍ക്കത്ത 130 കടന്നിരുന്നു.
ഡെത്ത് ഓവറിലേക്ക് ബുംറയെ കാത്തു വച്ച രോഹിതിന്റെ ബുദ്ധി വിജയിക്കുന്നതാണ് പിന്നീട് കണ്ടത്. ബുംറ എറിഞ്ഞ 15-ാം ഓവറിലാണ് കൊല്‍ക്കത്തയുടെ തകര്‍ച്ചയ്ക്ക് തുടക്കം. രണ്ടാം പന്തില്‍ അപകടകാരിയായ ആന്ദ്രെ റസലിനെ പൊള്ളാര്‍ഡിന്റെ കൈകളിലെത്തിച്ചു. അഞ്ചാം പന്തില്‍ റാണയെ ഷോര്‍ട്ട് ബോളിലും ബുംറ കുടുക്കി.
26 പന്തില്‍ 43 റണ്‍സാണ് റാണ നേടിയത്. പിന്നീട് 18-ാം ഓവറിലായിരുന്നു ബുംറ എത്തിയത്. ഷെല്‍ഡണ്‍ ജാക്സണ്‍, പാറ്റ് കമ്മിന്‍സ്, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഒരു ഓവറില്‍ മടങ്ങി. ഫോമിലേക്ക് മടങ്ങിയെത്തിയ ബുംറയെയായിരുന്നു കളത്തില്‍ കണ്ടത്. 200 കടന്നേക്കാമായിരുന്ന കൊല്‍ക്കത്തയുടെ സ്കോര്‍ 165 ല്‍ ഒതുങ്ങി.