scorecardresearch

IPL 2022 MI vs KKR: ഹാട്രിക് തോല്‍വി ഒഴിവാക്കാന്‍ മുംബൈ; എതിരാളികള്‍ കൊല്‍ക്കത്ത

ഇഷാന്‍ കിഷന്‍, തിലക് വര്‍മ എന്നീ യുവതാരങ്ങള്‍ ഒഴികെ മുംബൈ ബാറ്റിങ് നിരയില്‍ ആരും തന്നെ സീസണില്‍ മികവിനൊത്ത് ഉയര്‍ന്നിട്ടില്ല

IPL 2022, MI vs KKR
Photo: Facebook/ Mumbai Indians

മുംബൈ: സീസണിലെ ആദ്യം ജയം തേടി മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങും. ഉജ്വല ഫോമിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികള്‍. വൈകിട്ട് ഏഴരയ്ക്ക് പൂനയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. പോയ വര്‍ഷങ്ങള്‍ക്ക് സമാനമായി തന്നെയാണ് ഇത്തവണയും മുംബൈയുടെ തുടക്കം. ട്രാക്കിലേക്ക് എത്താന്‍ തോല്‍വികള്‍ അനിവാര്യമാണ് എന്ന ചീത്തപ്പേര് ആവര്‍ത്തിക്കുകയാണ് രോഹിത് ശര്‍മയും സംഘവും. ഇത്തവണ വെല്ലുവിളി ഉയര്‍ത്തുന്നത് ബാറ്റിങ് നിരയാണ്.

ഇഷാന്‍ കിഷന്‍, തിലക് വര്‍മ എന്നീ യുവതാരങ്ങള്‍ ഒഴികെ ആരും തന്നെ സീസണില്‍ മികവിനൊത്ത് ഉയര്‍ന്നിട്ടില്ല. രോഹിത് ശര്‍മ, ടിം ഡേവിഡ്, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ഫോമിലേക്ക് മടങ്ങിയെത്തേണ്ടത് ടീമിന് അനിവാര്യമാണ്. എല്ലാ സീസണുകളിലും സ്ഥിരതയോടെ ബാറ്റ് വീശുന്ന സൂര്യകുമാര്‍ യാദവിന്റെ അഭാവം മുംബൈയുടെ പ്രകടനത്തില്‍ തെളിവാകുന്നുണ്ട്. കൊല്‍ക്കത്തെയ്ക്കെതിരായ മത്സരം താരമുണ്ടാകുമെന്നാണ് പ്രതീക്ഷ.

ബോളിങ് നിരയിലും പോരായ്മകളുണ്ട്. ജസ്പ്രിത് ബുംറയ്ക്ക് കൂട്ടായി ഇത്തവണ ട്രെന്‍ ബോള്‍ട്ടിനെ പോലൊരു താരമില്ല എന്നതാണ് പ്രധാന തിരിച്ചടി. ബുംറയ്ക്ക് പുറമെ ടൈമല്‍ മില്‍സ് മാത്രമാണ് വിക്കറ്റ് വീഴ്ത്തുന്നത്. മറ്റ് ബോളര്‍മാര്‍ സ്ഥിരത പുലര്‍ത്തുന്നില്ല. ‍ഡാനിയല്‍ സാംസ്, ബേസില്‍ തമ്പി എന്നിവര്‍ സ്വന്തം നിലവാരം തെളിയിക്കേണ്ടിയിരിക്കുന്നു. സ്പിന്നര്‍ മുരുഗന്‍ അശ്വിന്‍ ഭേദപ്പെട്ട പ്രകടനമാണ് ഇതുവരെ പുറത്തെടുത്തത്.

മറുവശത്ത് കൊല്‍ക്കത്ത മികച്ച ഫോമിലാണ്. കളിച്ച മൂന്ന് മത്സരത്തില്‍ രണ്ടും വിജയിച്ചു. പഞ്ചാബ് കിങ്സിനെതിരെ നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈയെ നേരിടാന്‍ എത്തുന്നത്. ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസല്‍ ഫോമിലേക്ക് എത്തിയതാണ് കൊല്‍ക്കത്തയ്ക്ക് കരുത്തേകുന്ന പ്രധാന ഘടകങ്ങളില്‍ ഒന്ന്. ഓപ്പണര്‍ വെങ്കിടേഷ് അയ്യര്‍ സീസണില്‍ ഇതുവരെ താളം കണ്ടെത്താത്ത് പോരായ്മയാണ്.

സീസണില്‍ അപ്രതീക്ഷിത പ്രകടനം പുറത്തെടുക്കുന്ന ഉമേഷ് യാദവാണ് ബോളിങ് നിരയുടെ നട്ടെല്ല്. മൂന്ന് കളികളില്‍ നിന്ന് ഉമേഷ് ഇതുവരെ എട്ട് വിക്കറ്റാണ് നേടിയിട്ടുള്ളത്. വിക്കറ്റ് വേട്ടക്കാരില്‍ മുന്‍പന്തിയിലാണ് താരം. ഉമേഷിന്റെ പങ്കാളിയായ ടിം സൗത്തിയും മികവ് പുലര്‍ത്തുന്നുണ്ട്. ഇരുടീമുകളും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ഫോം അടിസ്ഥാനത്തില്‍ കൊല്‍ക്കത്തയ്ക്കാണ് മുന്‍തൂക്കം.

Also Read: IPL 2022, RR vs RCB Cricket Score Online: രാജസ്ഥാനെതിരെ ആർസിബിക്ക് നാല് വിക്കറ്റ് ജയം

Stay updated with the latest news headlines and all the latest Ipl news download Indian Express Malayalam App.

Web Title: Ipl 2022 mi vs kkr mumbai indians to take kolkata knight riders today