മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 176 റണ്‍സ് വിജയലക്ഷ്യം. നിതിഷ് റാണ (54), ആന്ദ്രെ റസല്‍ (49), ശ്രേയസ് അയ്യര്‍ (28) എന്നിവരുടെ പ്രകടനമാണ് കൊല്‍ക്കത്തയ്ക്ക് തുണയായത്. ഹൈദരാബാദിനായി ടി നടരാജന്‍ മൂന്നും ഉമ്രാന്‍ മാലിക് രണ്ടും വിക്കറ്റ് വീഴ്ത്തി.
ആത്മവിശ്വാസമില്ലാത്ത തുടക്കമായിരുന്നു കൊല്‍ക്കത്തയുടേത്. ആദ്യ 27 പന്തുകള്‍ക്കുള്ളില്‍ തന്നെ വെങ്കിടേഷ് അയ്യരും ആരോണ്‍ ഫിഞ്ചും സുനില്‍ നരെയ്നും മടങ്ങി. തുടര്‍ച്ചയായ ആറാം മത്സരത്തിലും വെങ്കിടേഷ് പരാജയപ്പെട്ടു. നടരാജന്റെ ഒരോവറിലാണ് വെങ്കിടേഷും നരെയ്നും മടങ്ങിയത്. ഫിഞ്ചിനെ മാര്‍ക്കൊ ജാന്‍സണും പുറത്താക്കി.
പിന്നീട് നായകന്‍ ശ്രേയസ് അയ്യരും നിതീഷ് റാണയും ചേര്‍ന്ന് ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷപെടുത്തി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 39 റണ്‍സ് ചേര്‍ത്തു. 28 റണ്‍സെടുത്ത ശ്രേയസിനെ ബൗള്‍ഡാക്കി ഉമ്രാന്‍ മാലിക്കാണ് ഹൈദരാബാദിന് വിക്കറ്റ് സമ്മാനിച്ചത്. ആറാമനായി എത്തിയ ഷെല്‍ഡണ്‍ ജാക്സണും ഉമ്രാന്‍ മാലിക്കിന് മുന്നില്‍ കീഴടങ്ങി.
ശേഷം റാണയും അന്ദ്രെ റസലു ചേര്‍ന്ന് കൊല്‍ക്കത്തയെ നയിച്ചു. 36 പന്തില്‍ 54 റണ്‍സ് നേടിയാണ് റാണ പുറത്തായത്. ആറ് ഫോറും രണ്ട് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. താരത്തെ മടക്കിയത് നടരാജനായിരുന്നു. പിന്നീട് ആന്ദ്രെ റസലിന്റെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു. 25 പന്തില്‍ നാല് വീതം സിക്സും ഫോറുമടക്കം 49 റണ്‍സ്. റസലിന്റെ പോരാട്ടമാണ് കൊല്‍ക്കത്തയെ 175 ല്‍ എത്തിച്ചത്.
Also Read: ‘മുംബൈയുടെ അവസ്ഥയില്‍ അതിശയമില്ല’; കാരണം ചൂണ്ടിക്കാണിച്ച് വാട്സണ്‍