IPL 2022 KKR vs RR: മുംബൈ: ജോസ് ബട്ലര്‍ ഒരിക്കല്‍ കൂടി സംഹാര താണ്ഡവമാടിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് കൂറ്റന്‍ സ്കോര്‍. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. ബട്ലര്‍ (61 പന്തില്‍ 103), സഞ്ജു സാംസണ്‍ (19 പന്തില്‍ 39), ഷിമ്രോണ്‍ ഹെയ്റ്റ്മയര്‍ (13 പന്തില്‍ 26) എന്നിവരുടെ പ്രകടനമാണ് നിര്‍ണായകമായത്. ബട്ലറിന്റെ സീസണിലെ രണ്ടാം സെഞ്ചുറിയാണിത്.
ബോളര്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ തനതുശൈലിയിലായിരുന്നു ബട്ലര്‍ ഇന്നും ബാറ്റ് വീശിയത്. അനായാസം ബൗണ്ടറികള്‍ പിറന്നു. ഓപ്പണറായി ഒപ്പമെത്തിയ ദേവദത്ത് പടിക്കല്‍ താരത്തിന് മികച്ച പിന്തുണയാണ് നല്‍കിയത്. പത്താം ഓവറില്‍ സുനില്‍ നരെയ്നിന്റെ പന്തില്‍ ബൗള്‍ഡായി ദേവദത്ത് മടങ്ങുമ്പോള്‍ സ്കോര്‍ 97 ലെത്തിയിരുന്നു. ഇതില്‍ 24 റണ്‍സ് മാത്രമായിരുന്നു ദേവദത്തിന്റെ സംഭാവന. ബട്ലറിന്റെ ആധിപത്യം വ്യക്തം.
മൂന്നാമനായി എത്തിയ നായകന്‍ സഞ്ജുവും ബട്ലറിന്റെ പാത തന്നെ സ്വീകരിച്ചു. ഇരുവരും ചേര്‍ന്ന് രാജസ്ഥാന്റെ സ്കോറിങ്ങിന്റെ വേഗത കൂട്ടി. മൂന്ന് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെയായിരുന്നു സഞ്ജുവിന്റെ പ്രകടനം. ആന്ദ്രെ റസലിന്റെ പന്തില്‍ ശിവം മവിക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങിയത്. നായകന്‍ മടങ്ങിയിട്ടും ബട്ലര്‍ സെഞ്ചുറിയിലേക്കുള്ള കുതിപ്പ് തുടര്‍ന്നു. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ സിക്സടിച്ചായിരുന്നു ബട്ലര്‍ മൂന്നക്കം കടന്നത്. ഒന്‍പത് ഫോറും അഞ്ചു സിക്സും ഉള്‍പ്പെട്ടു ഇന്നിങ്സില്‍.
സെഞ്ചുറി പിന്നിട്ട ഓവറില്‍ തന്നെ ബട്ലറിനെ കമ്മിന്‍സ് മടക്കി. പിന്നാലെയെത്തിയ റിയാന്‍ പരാഗ്, കരുണ്‍ നായര്‍ എന്നിവര്‍ അതിവേഗം പവലിയനിലേക്ക് മടങ്ങി. അവസാന ഓവറില്‍ ഹെയ്റ്റ്മയര്‍ നടത്തിയ പോരാട്ടമാണ് രാജസ്ഥാനെ 200 കടത്തിയത്. റസല്‍ എറിഞ്ഞ ഓവറില്‍ 18 റണ്‍സാണ് പിറന്നത്. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത നരെയ്നാണ് കൊല്‍ക്കത്തയ്ക്കായി തിളങ്ങിയത്. റസല്‍, മവി, കമ്മിന്‍സ് എന്നിവര്‍ ഓരൊ വിക്കറ്റും നേടി.
Also Read: IPL Covid Scare: ഐപിഎല്‍ കോവിഡ് ഭീഷണിയില്‍; ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങള്‍ ക്വാറന്റൈനില്‍