കുട്ടി ക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞതായിരുന്നു ഇന്നലെ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മത്സരം. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ ക്വിന്റണ്‍ ഡി കോക്കിന്റെ സെഞ്ചുറിയുടേയും (140) നായകന് കെ. എല്‍ രാഹുലിന്റെ അര്‍ധ സെഞ്ചുറിയുടേയും മികവില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 210 റണ്‍സായിരുന്നു നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായിരുന്നു തുടക്കത്തില്‍. എന്നാല്‍ അവസാന ഓവറുകളില്‍ ആളിക്കത്തിയ റിങ്കു സിങ്ങും സുനില്‍ നരെയ്നും ചേര്‍ന്ന് കൊല്‍ക്കത്തയെ വിജയത്തിന്റെ പടിവാതില്ക്കല് എത്തിച്ചു. 15 പന്തില്‍ 40 റണ്‍സായിരുന്നു റിങ്കുവിന്റെ സമ്പാദ്യം. നരെയ്ന് ഏഴ് പന്തില്‍ 21 റണ്‍സുമെടുത്തു.
അവസാന ഓവറില്‍ കൊല്‍ക്കത്തയ്ക്ക് ജയിക്കാനാവശ്യമായിരുന്നത് 21 റണ്‍സായിരുന്നു. മാര്‍ക്കസ് സ്റ്റോയിനിസിനാണ് രാഹുല്‍ പന്തു നല്‍കിയത്. ആദ്യ പന്തില്‍ റിങ്കു ഫോര്‍ നേടി. പിന്നീട് രണ്ട് സിക്സറുകള്‍. മൂന്ന് പന്തില്‍ അഞ്ച് എന്ന നിലയിലേക്ക് കളിയെത്തി. നാലാം പന്തില്‍ രണ്ട് റണ്‍സും റിങ്കു നേടി. കൊല്‍ക്കത്തയ്ക്ക് വിജയിക്കാന്‍ മൂന്ന് റണ്‍സ്. രണ്ട് പന്തും.
നിര്‍ണായകമായ അഞ്ചാം പന്തില്‍ സ്റ്റോയിനിസിന്റെ ബ്രില്യന്‍സ്. വേഗത കുറഞ്ഞെത്തിയ പന്ത് റിങ്കു ഉയര്‍ത്തിയടിച്ചു. ബൗണ്ടറി ലൈനില്‍ നിന്ന് ഓടിയെത്തിയ എവിന്‍ ലൂയിസ് പന്ത് ഒറ്റക്കൈപ്പിടിയിലൊതുക്കി. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ക്യാച്ചെന്ന് പറയാം.
റിങ്കുവിന് പിന്നാലെ എത്തിയത് ഉമേഷ് യാദവായിരുന്നു. കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ ഒരു പന്തില്‍ മൂന്ന് റണ്‍സും. സൂപ്പര്‍ ഓവറിന്റെ സാധ്യതകള്‍ തുറന്നെങ്കിലും ഉമേഷ് സിക്സര്‍ പറത്താനാണ് ശ്രമിച്ചത്. സ്റ്റോയിനിസിന്റെ അളന്നു മുറിച്ചുള്ള യോര്‍ക്കര്‍ ഉമേഷിനെ ബൗള്‍ഡാക്കി. ലഖ്നൗവിന് ആവേശ ജയം.
Also Read: എഎഫ്സി കപ്പ് അരങ്ങേറ്റം ഗംഭീരമാക്കി ഗോകുലം; എടികെ മോഹൻ ബഗാനെ തകർത്തത് രണ്ടിനെതിരെ നാല് ഗോളിന്