മുംബൈ: ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി പഞ്ചാബ് കിങ്സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു. 27 പന്തില്‍ 64 റണ്‍സെടുത്ത ലിയാം ലിവിങ്സ്റ്റണാണ് പഞ്ചാബിനായി തിളങ്ങിയത്. ഗുജറാത്തിനായി റാഷിദ് ഖാന് നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.
രണ്ടാം ഓവറില്‍ തന്നെ നായകന് മായങ്ക് അഗര്‍വാളിനെ പഞ്ചാബിന് നഷ്ടപ്പെട്ടു. പവര്‍പ്ലെയ്ക്കുള്ളില്‍ തന്നെ മൂന്നാമനായെത്തിയ ജോണി ബയര്‍സ്റ്റോയും പുറത്തായതോടെ പഞ്ചാബ് പരുങ്ങലിലായി. എന്നാല്‍ ലിയാം ലിവിങ്സ്റ്റണ് എന്ന പടക്കുതിര പഞ്ചാബിനെ കരകയറ്റി. തുടക്കം മുതല്‍ ഗുജറാത്ത് ബോളര്‍മാരെ ലിവിങ്സ്റ്റണ് ആക്രമിച്ചു.
ശിഖര്‍ ധവാനെ മറുവശത്ത് കാഴ്ചക്കാരനാക്കി സിക്സും ഫോറും പറത്തി ലിവങ്സറ്റണ് ആറാടുകയായിരുന്നു. കേവലം 21 പന്തില്‍ അര്‍ധ സെഞ്ചുറി പിന്നിട്ടു താരം. ഏഴ് ഫോറും നാല് സിക്സുമടങ്ങിയതായിരുന്നു ഇന്നിങ്സ്. 35 റണ്‍സെടുത്ത ധവാന് ലിവിങ്സ്റ്റണ് മികച്ച പിന്തുണ നല്കി. ധവാന് മടങ്ങിയതിന് ശേഷമെത്തിയ ജിതേഷ് ശര്‍മയും ചെറു വെടിക്കെട്ട് നടത്തി. 11 പന്തില്‍ 23 റണ്‍സ്.
ജിതേഷിനേയും ഒടിയന് സ്മിത്തിനേയും മടക്കി ദര്ശന് നാല്കണ്ഠെയാണ് ഗുജറാത്തിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്. എട്ട് പന്തില്‍ 15 റണ്‍സുമായി പഞ്ചാബിനെ കൂറ്റന്‍ സ്കോറിലേക്ക് എത്തിക്കുമെന്ന സൂചന നല്കിയ ഷാരൂഖ് ഖാനെയും ലിവിങ്സറ്റണേയും ഒരു ഓവറില്‍ മടക്കി റാഷിദ് ഖാന് പഞ്ചാബിന്റെ ബാറ്റിങ് നിരയുടെ പോരാട്ടം അവസാനിപ്പിച്ചു.
രണ്ട് ഓവര്‍ മാത്രം ബാക്കി നില്‍ക്കെ 162-9 എന്ന നിലയിലേക്ക് പഞ്ചാബ് വീണു. എന്നാല്‍ അവസാന വിക്കറ്റില്‍ രാഹുല്‍ ചഹറും അര്‍ഷ്ദീപ് സിങ്ങും ചേര്‍ന്ന് 180 കടത്തി. ചഹര്‍ 14 പന്തില്‍ 22 റണ്‍സാണ് നേടിയത്. അര്‍ഷ്ദീപ് അഞ്ച് പന്തില്‍ പത്തും. ദര്‍ശനും റാഷിദിനും പുറമെ ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ലോക്കി ഫെര്ഗൂസണ് എന്നിവര്‍ ഗുജറാത്തിനായി ഓരോ വിക്കറ്റും നേടി.