മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) 16-ാം ഗ്രൂപ്പ് മത്സരത്തില്‍ പഞ്ചാബ് കിങ്സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ബാര്‍ബോള്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം. രണ്ട് മത്സരങ്ങള്‍ വീതം ജയിച്ച ഗുജറാത്തും പഞ്ചാബും പോയിന്റ് പട്ടികയില്‍ യഥാക്രമം മൂന്നും നാലും സ്ഥാനത്താണ്.
ടൂര്‍ണമെന്റിലെ കന്നിക്കാരായ ഗുജറാത്ത് കളിച്ച രണ്ട് മത്സരങ്ങളും ജയിച്ചു കഴിഞ്ഞു. നടപ്പ് സീസണില്‍ തോല്‍വിയറിയാത്ത ഏക ടീമും ഗുജറാത്ത് തന്നെയാണ്. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ- മുഖ്യപരിശീലകന്‍ ആശിഷ് നെഹ്റ ദ്വയം ഇതുവരെ വിജയിച്ചു കഴിഞ്ഞു.
ബാറ്റിങ്ങില്‍ ഷുഭ്മാന്‍ ഗില്ലിന്റെ ഫോമാണ് ഗുജറാത്തിന് ആശ്വാസം പകരുന്ന ഒന്ന്. ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തേവാത്തിയ എന്നിവര്‍ ബാറ്റുകൊണ്ട് സംഭാവന ചെയ്യുന്നുണ്ട്. എന്നാല്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറും ഓപ്പണര്‍ മാത്യു വെയ്ഡും ഫോമിലേക്ക് ഉയരേണ്ടത് ആവശ്യമാണ്.
ഗുജറാത്തിന്റെ ബോളിങ് നിര സജ്ജമാണ്. മുഹമ്മദ് ഷമി, ലോക്കി ഫെര്‍ഗൂസണ്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ മികവ് പുലര്‍ത്തുന്നുണ്ട്. ട്വന്റി 20 സ്പെഷ്യലിസ്റ്റായ റാഷിദ് ഖാന് ആദ്യ രണ്ട് മത്സരങ്ങളിലും നിലവാരത്തിനൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ല.
മറുവശത്ത് ടൂര്‍ണമെന്റില്‍ എല്ലാവരെയും ഞെട്ടിക്കുന്ന മുന്നേറ്റമാണ് പഞ്ചാബ് കാഴ്ച വയ്ക്കുന്നത്. ആദ്യ മത്സരത്തില്‍ ബാംഗ്ലൂര്‍ ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടന്നു. പിന്നീട് കൊല്‍ക്കത്തയോട് പരാജയം രുചിച്ചെങ്കിലും നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സിനെ ആധികാരികമായ കീഴടക്കി.
ഭാനുക രാജപക്സെ, ലിയാം ലിവിങ്സ്റ്റണ്‍ എന്നിവരാണ് പഞ്ചാബിന്റെ കരുത്ത്. ഒപ്പം പരിചയസമ്പന്നരായ ശിഖര്‍ ധവാനും മായങ്ക് അഗര്‍വാളുമുണ്ട്. ബോളിങ്ങില്‍ കഗിസൊ റബാഡയാണ് പഞ്ചാബിന്റെ പ്രധാന ആയുധം. മുംബൈയില്‍ നിന്നെത്തിയ രാഹുല്‍ ചഹറും തിളങ്ങുന്നുണ്ട്.