IPL 2022 GT vs KKR: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഉജ്വല ജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്. 157 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ പോരാട്ടം 148 റണ്‍സില്‍ അവസാനിച്ചു. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് ഗുജറാത്ത് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഏഴ് കളികളില്‍ നിന്ന് 12 പോയിന്റാണ് ഗുജറാത്തിനുള്ളത്.
ഗുജറാത്ത് ടൈറ്റന്‍സിനെ ബോളിങ് മികവു കൊണ്ടായിരുന്നു കൊല്‍ക്കത്ത 156 റണ്‍സിലൊതുക്കിയത് . ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അര്‍ധ സെഞ്ചുറിയുടെ മികവിലാണ് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയത്. കൊല്‍ക്കത്തക്കായി ആന്ദ്രെ റസല്‍ നാലും ടിം സൗത്തി മൂന്നും വിക്കറ്റ് നേടി.
ഫോമിലുള്ള ഷുഭ്മാന്‍ ഗില്ലിനെ (7) രണ്ടാം ഓവറില്‍ നഷ്ടമായെങ്കിലും നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും വൃദ്ധിമാന്‍ സാഹയും കരുതലോടെ ബാറ്റു വീശി. ഒരു വശത്ത് ഹാര്‍ദിക് സ്കോറിങ്ങിന് വേഗം കൂട്ടിയപ്പോള്‍ സാഹയുടെ ചുമതല പിന്തുണ നല്‍കലായിരുന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 75 റണ്‍സ് നേടി. 24 പന്തില്‍ 25 റണ്‍സെടുത്ത സാഹയെ ഉമേഷ് യാദവാണ് മടക്കിയത്.
കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്തിനെ വിജയത്തിലെത്തിച്ച ഡേവിഡ് മില്ലറായിരുന്നു നാലാമനായി എത്തിയത്. മില്ലറും ഹാര്‍ദിക്കും അനായാസം റണ്‍സ് കണ്ടെത്തി. അതിനിടയില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഹാര്‍ദിക് അര്‍ധസെഞ്ചുറി നേടി. തകര്‍ത്തടിച്ചുകൊണ്ടിരുന്ന മില്ലറിനെ സ്ലൊ ബോളില്‍ ശിവം മവി കുടുക്കി. 20 പന്തില്‍ 27 റണ്‍സായിരുന്നു സമ്പാദ്യം.
133-2 എന്ന നിലയില്‍ നിന്ന് ഗുജറാത്തിന്റെ തകര്‍ച്ച തുടങ്ങുകയായിരുന്നു. ആദ്യം മില്ലര്‍, പിന്നാലെ ഹാര്‍ദിക്കും. 49 പന്തില്‍ നാല് ഫോറും രണ്ട് സിക്സുമടക്കം 67 റണ്‍സായിരുന്നു ഹാര്‍ദിക് നേടിയത്. ഹാര്‍ദിക്കിന്റെ വിക്കറ്റിന് ശേഷമെത്തിയ റാഷീദ് ഖാനെയും ഒരു ഓവറില്‍ പറഞ്ഞയച്ച് സൗത്തി കൊല്‍ക്കത്തയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു.
12 പന്തില്‍ 17 റണ്‍സെടുത്ത രാഹുല്‍ തേവാത്തിയയാണ് ഗുജറാത്തിനെ 150 കടത്തിയത്. എന്നാല്‍ 170 എന്ന സ്കോറിലേക്ക് എത്തുക എന്ന ലക്ഷ്യത്തെ തടഞ്ഞത് ആന്ദ്രെ റസലായിരുന്നു. റസല്‍ എറിഞ്ഞ 20-ാം ഓവറില്‍ ഗുജറാത്ത് നേടിയത് അഞ്ചു റണ്‍സ് മാത്രം, നഷ്ടമായത് നാലു വിക്കറ്റും. ഐപിഎല്ലില്‍ ഒരു ഓവര്‍ മാത്രമെറിഞ്ഞു കൂടുതല്‍ വിക്കറ്റെടുക്കുന്ന താരമെന്ന റെക്കോര്‍ഡ് റസലിന് സ്വന്തം.
Also Read: ആർസിബിയാണ് എന്റെ ടീം; വിരാട് കോഹ്ലിയെ പല തവണ കാണാൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ടെന്ന് ഹാരി കെയ്ൻ