IPL 2022 PBKS vs DC: മുംബൈ: പഞ്ചാബ് കിങ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് അനായാസ ജയം. പഞ്ചാബ് ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യം 57 പന്തുകള്‍ ബാക്കി നില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു. തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത ഓപ്പണര്‍മാരായ പൃഥ്വി ഷാ (20 പന്തില്‍ 41), ഡേവിഡ് വാര്‍ണര്‍ (30 പന്തില്‍ 60) എന്നിവരുടെ പ്രകടനമാണ് ജയം എളുപ്പത്തിലാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ 115 റണ്‍സിന് പുറത്തായി. ജിതേഷ് ശര്‍മ (32), മായങ്ക് അഗര്‍വാള്‍ (24) എന്നിവര്‍ മാത്രമാണ് പഞ്ചാബിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഡല്‍ഹിക്കായി ഖലീല്‍ അഹമ്മദ്, ലളിത് യാദവ്, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
പതിവുപോലെ മികച്ച തുടക്കമായിരുന്നു ശിഖര്‍ ധവാനും മായങ്കും പഞ്ചാബിന് നല്‍കിയത്. എന്നാല്‍ നാലാം ഓവറില്‍ ധവാനെ (9) പറഞ്ഞയച്ച് ലളിത് യാദവ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. അടുത്ത ഓവറില്‍ മുസ്തഫിസൂറിന്റെ പന്തില്‍ മായങ്ക് ബൗള്‍ഡ്. പഞ്ചാബ് 35-2 എന്ന നിലയിലേക്ക് വീണു.
മൂന്നാമനായി ഇറങ്ങിയ ജോണി ബെയര്‍സ്റ്റൊ ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. ഒന്‍പത് റണ്‍സെടുത്ത താരത്തെ ഖലീലാണ് പുറത്താക്കിയത്. അപകടകാരിയായ ലിയാം ലിവിങ്സ്റ്റണെ അക്സറാണ് മടക്കിയത്. ഷോട്ടിന് ശ്രമിച്ച ലിവിങ്സ്റ്റണെ റിഷഭ് പന്ത് അനായാസം സ്റ്റമ്പ് ചെയ്ത് പുറത്താക്കി.
അഞ്ചാം വിക്കറ്റില്‍ ജിതേഷം ഷാരൂഖാനും ചേര്‍ന്നുള്ള ചെറുത്തു നില്‍പ്പ്. ഇരുവരും ചേര്‍ന്ന് 54-4 എന്ന നിലയില്‍ നിന്ന് 85 ലേക്ക് എത്തിച്ചു. ജിതേഷിനെ പുറത്താക്കി അക്സറാണ് ഡല്‍ഹിക്ക് അനിവാര്യമായ വിക്കറ്റ് സമ്മാനിച്ചത്. കഗിസൊ റബാഡ (2), നാതാന് എല്ലിസ് (0) എന്നിവരെ ഒരു ഓവറില്‍ മടക്കി കുല്‍ദീപ് പഞ്ചാബിന്റെ തകര്‍ച്ചയുടെ ആഴം കൂട്ടി.
15-ാം ഓവറില്‍ ഷാരൂഖും (12) കീഴടങ്ങിയതോടെ 92-8 എന്ന നിലയിലായി പഞ്ചാബ്. ഒന്ന് വീതം ഫോറും സിക്സുമടക്കം 12 റണ്‍സ് നേടിയ രാഹുല്‍ ചഹറാണ് പഞ്ചാബിന്റെ സ്കോര്‍ 100 കടത്തിയത്. ഒന്‍പത് റണ്‍സെടുത്ത അര്‍ഷദീപും 115 എന്ന സ്കോറിലേക്കെത്താന്‍ പഞ്ചാബിനെ സഹായിച്ചു.
Also Read: വീണു കിടക്കുന്ന നായകന് മുതല്‍; മുംബൈ ഇന്ത്യന്‍സിന്റെ തോല്‍വികള്‍ക്ക് പിന്നിലെ അഞ്ച് കാരണങ്ങള്‍