മുംബൈ: പ്ലെ ഓഫില്‍ സ്ഥാനമുറപ്പിക്കാന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ഭേദപ്പെട്ട സ്കോര്‍. മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. 43 റണ്‍സെടുത്ത റോവ്മാന്‍ പവലാണ് ടോപ് സ്കോറര്‍. മുംബൈക്കായി ജസ്പ്രിത് ബുംറ മൂന്ന് വിക്കറ്റ് നേടി.
മികച്ച തുടക്കം ലക്ഷ്യമിട്ടിറങ്ങിയ ഡല്‍ഹിക്ക് പവര്‍പ്ലെയില്‍ തന്നെ തിരിച്ചടി നേരിട്ടു. സ്കോര്‍ 21 ല്‍ നില്‍ക്കെ ഫോമിലുള്ള ഡേവിഡ് വാര്‍ണറിനെ (5) ഡാനിയല്‍ സാംസ് മടങ്ങി. പിന്നാലെ എത്തിയ മിച്ചല്‍ മാര്‍ഷിനെ പൂജ്യനാക്കിയാണ് ബുംറ പറഞ്ഞയച്ചത്. ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ പൃഥ്വി ഷായ്ക്കും തിളങ്ങാനായില്ല. 24 റണ്‍സെടുത്ത ഷായേയും ബുംറയാണ് പുറത്താക്കിയത്.
നാലാമനായെത്തിയ നായകന് റിഷഭ് പന്ത് സര്‍ഫറാസ് ഖാനെ കൂട്ടുപിടിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സര്‍ഫറാസിനെ മടക്കി മായങ്ക് മാര്‍ഖണ്ഡെ ഡല്‍ഹിയെ 50-4 എന്ന നിലയിലെത്തിച്ചു. പിന്നീടെത്തിയ റോവ്മാന്‍ പവലും പന്തുമാണ് ഡല്‍ഹിയെ കരകയറ്റിയത്. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഡല്‍ഹി നേടിയത് 55 റണ്‍സ് മാത്രമായിരുന്നു.
ഇന്നിങ്സിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ പവലും പന്തും സ്കോറിങ്ങിന് വേഗത കൂട്ടി. അനായാസം ഇരുവരും ബൗണ്ടറികള്‍ നേടി. 33 പന്തില്‍ 39 റണ്‍സെടുത്താണ് പന്ത് പുറത്തായത്. പവല്‍ 34 പന്തില്‍ നിന്നാണ് 43 റണ്‍സ് എടുത്തത്. ഒരു ഫോറും നാല് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെടുന്നു. ബുംറയ്ക്ക് പുറമെ മുംബൈക്കായി രമണ്‍ദീപ് സിങ് രണ്ട് വിക്കറ്റ് നേടി.
Also Read: റയലിന് എംബാപ്പയുടെ റെഡ് കാര്‍ഡ്; താരം പി എസ് ജിയില്‍ തുടരും