മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഉജ്വല വിജയം. ഡല്‍ഹി ഉയര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ പോരാട്ടം 171 റണ്‍സില്‍ അവസാനിച്ചു. നാല് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റുമായി തിളങ്ങിയ ഖലീല്‍ അഹമ്മദുമാണ് കൊല്‍ക്കത്തയുടെ ബാറ്റിങ് നിരയെ തകര്‍ത്തത്.
216 എന്ന പടുകൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷിച്ച തുടക്കം നല്കാന് ഓപ്പണര്‍മാര്‍ക്ക് കഴിഞ്ഞില്ല. എട്ട് പന്തില്‍ 18 റണ്‍സെടുത്ത വെങ്കിടേഷ് അയ്യരേയും 14 പന്തില്‍ എട്ട് റണ്‍സെടുത്ത അജിങ്ക്യ രഹാനെയും മടക്കി ഖലീല്‍ അഹമ്മദ് ഡല്‍ഹിയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചു.
നായകന് ശ്രേയസ് അയ്യരും നിതീഷ് റാണയും ചേര്‍ന്ന് ടീമിനെ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമമായിരുന്നു പിന്നീട്. ഇരുവരും സ്കോറിങ്ങിന് വേഗം കൂട്ടി താളം കണ്ടെത്തിയെന്ന് തോന്നിച്ച നിമിഷത്തിലായിരുന്നു ലളിത് യാദവ് റാണയെ മടക്കിയത്. 20 പന്തില്‍ 30 റണ്‍സായിരുന്നു റാണയുടെ സമ്പാദ്യം. പിന്നീട് കൊല്‍ക്കത്തയുടെ കൂട്ടത്തകര്‍ച്ചയായിരുന്നു കണ്ടത്.
33 പന്തില്‍ 54 റണ്‍സെടുത്ത നായകന് ശ്രേയസ് അയ്യരെ കുല്‍ദീപ് യാദവ് പറഞ്ഞയച്ചു. അപകടകാരികളായ പാറ്റ് കമ്മിന്‍സ്, സുനില്‍ നരെയ്ന് എന്നിവര്‍ക്ക് പുറമെ ഉമേഷ് യാദവിനേയും തന്റെ അടുത്ത ഓവറില്‍ മടക്കി കുല്‍ദീപ് കളി ഡല്‍ഹിയുടെ വരുതിയിലാക്കി. ഒറ്റയാനായി പൊരുതാന്‍ ആന്ദ്രെ റസലിനും കഴിയാതെ പോയതോടെ കൊല്‍ക്കത്ത തോല്‍വി വഴങ്ങി.
ആദ്യം വാര്‍ണര്‍-ഷാ ‘ഷൊ’; ശേഷം അക്സര്‍-ശാര്‍ദൂല്‍ വെടിക്കെട്ട്;
ഓപ്പണര്‍മാരായ പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവില്‍ ഡല്‍ഹി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ അക്സര്‍ പട്ടേലും ശാര്‍ദൂല്‍ താക്കൂറും സ്കോറിങ്ങിന് വേഗം കൂട്ടിയതാണ് 200 കടക്കാന്‍ ഡല്‍ഹിയെ സഹായിച്ചത്.
കഴിഞ്ഞ മത്സരത്തിലെ ഉജ്വല ഫോം തുടരുന്ന പൃഥ്വി ഷായെയാണ് കളിത്തില്‍ കണ്ടത്. നേരിട്ട ഒന്നാം പന്തില്‍ തന്നെ ബൗണ്ടറി നേടിയായിരുന്നു തുടക്കം. ആദ്യ മൂന്ന് ഓവറുകളിലും ഷായുടെ ആധിപത്യമായിരുന്നു. ബോളിങ്ങില്‍ സീസണില്‍ മിന്നുന്ന പ്രകടനം കാഴ്ച വയ്ക്കുന്ന ഉമേഷ് യാദവിന് നിലയുറപ്പിക്കാനുള്ള സാവകാശം പോലും കൊടുക്കാതെ ഷാ ആക്രമിച്ചു.
പിന്നീട് ഡേവിഡ് വാര്‍ണറും ചേര്‍ന്നതോടെ ഡല്‍ഹി സര്‍വാധിപത്യത്തിലേക്ക് എത്തി. ഇരുവരും ചേര്‍ന്ന് 8.4 ഓവറില്‍ 93 റണ്‍സാണ് ചേര്‍ത്തത്. 29 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്സുമടക്കം 51 റണ്‍സാണ് ഷാ നേടിയത്. വരുണ്‍ ചക്രവര്‍ത്തിയാണ് കൂട്ടുകെട്ട് പൊളിച്ചത്. താരം മടങ്ങിയതിന് ശേഷമെത്തിയ നായകന് റിഷഭ് പന്തും ആക്രമണ ബാറ്റിങ് തന്നെയാണ് സ്വീകരിച്ചത്. സ്കോര്‍ 148 ല്‍ എത്തി നില്‍ക്കെ 14 പന്തില്‍ 27 റണ്‍സെടുത്ത പന്തിനെ ആന്ദ്രെ റസല്‍ മടക്കി.
148-2 എന്ന ശക്തമായ നിലയില്‍ നിന്ന് ഡല്‍ഹിയുടെ മധ്യനിരയെ തകര്‍ത്ത് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ കൊല്‍ക്കത്ത ശ്രമിച്ചു. ലളിത് യാദവ് (1), റോവ്മാന്‍ പവല്‍ (8) എന്നിവര്‍ അതിവേഗം കീഴടങ്ങി. 61 റണ്‍സെടുത്ത വാര്‍ണറിനെ പുറത്താക്കി ഉമേഷ് യാദവ് സീസണിലെ വിക്കറ്റ് നേട്ടം ഒന്പതാക്കി. 45 പന്തില്‍ ആറ് ഫോറും രണ്ട് സിക്സുമടങ്ങിയതായിരുന്നു ഇടം കയ്യന്‍ ബാറ്ററുടെ ഇന്നിങ്സ്.
മൂന്ന് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണതോടെ ഡല്‍ഹി 180 കടക്കില്ലെന്ന് തോന്നിപ്പിച്ചു. എന്നാല്‍ അക്സര്‍ പട്ടേലും ശാര്‍ദൂല്‍ താക്കൂറും ചേര്‍ന്ന് കൊല്‍ക്കത്തയ്ക്ക് ഇരട്ട പ്രഹരം നല്കി. ഉമേഷ് യാദവ് എറിഞ്ഞ 19-ാം ഓവറില്‍ ഇരുവരും ചേര്‍ന്ന് 23 റണ്‍സാണ് നേടിയത്. അവസാന ഓവര്‍ എറിഞ്ഞ കമ്മിന്‍സ് 16 റണ്‍സും വഴങ്ങി. ശാര്‍ദൂല്‍ 11 പന്തില്‍ 29 റണ്‍സും അക്സര്‍ 14 പന്തില്‍ 22 റണ്‍സുമെടുത്തു.
Also Read: IPL 2022 CSK vs SRH: വിസിലടിക്കാറായിട്ടില്ല! ഹൈദരാബാദിന് ആദ്യ ജയം; ചെന്നൈയ്ക്ക് നാലാം തോല്‍വി