IPL 2022, DC vs RR Score Updates: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 223 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് നേടി. മിന്നും ഫോമിലുള്ള ഓപ്പണർ ജോസ് ബട്ട്ലറിന്റെ ബാറ്റിങ് മികവിലാണ് രാജസ്ഥാൻ കൂറ്റൻ സ്കോർ നേടിയത്. അർദ്ധ സെഞ്ചുറിയുമായി ദേവദത്ത് പടിക്കലും നായകൻ സഞ്ജു സാംസണും മികച്ച പിന്തുണ നൽകി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് പടിക്കലും ബട്ട്ലറും ചേർന്ന് സ്വപ്ന തുല്യമായ തുടക്കമാണ് നൽകിയത്. ആദ്യം മുതൽ അടിച്ചു കളിച്ച ഇരുവരും ഏഴാം ഓവറിൽ ടീം സ്കോർ 50 കടത്തി. പതിനൊന്നാം ഓവർ ആയപ്പോഴേക്കും ഇരുവരും ചേർന്ന് 100 റൺസിന്റെ കൂട്ടുകെട്ട് സ്വന്തമാക്കി. ഒപ്പം ബട്ട്ലർ അർദ്ധ സെഞ്ചുറിയും പൂർത്തിയാക്കി. തൊട്ടടുത്ത ഓവറിൽ പടിക്കലും അർദ്ധ സെഞ്ചുറി നേടി.
പതിനഞ്ചാം ഓവറിൽ ഇരുവരും ചേർന്ന് ടീം സ്കോർ 150 റൺസിലെത്തിച്ചു. എന്നാൽ തൊട്ടടുത്ത ഓവറിൽ പടിക്കലിനെ മടക്കി ഖലീൽ അഹമ്മദ് ആ കൂട്ടുകെട്ട് തകർത്തു. 35 പന്തിൽ 54 റൺസ് നേടിയ പടിക്കലിനെ ഖലീൽ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. അതേസമയം തന്നെ മറുവശത്ത് ബട്ട്ലർ തന്റെ ഈ സീസണിലെ മൂന്നാം സെഞ്ചുറി സ്വന്തമാക്കി. വെറും 58 പന്തുകളിൽ നിന്നായിരുന്നു സെഞ്ചുറി.
പടിക്കലിന് പിന്നാലെ എത്തിയ സഞ്ജു സാംസണും കത്തിക്കയറി. ഒരു വശത്ത് സഞ്ജുവും മറുവശത്തു ബട്ട്ലറും ബോളർമാരെ കണക്കിന് മർദിച്ചു. എന്നാൽ പതിനെട്ടാം ഓവറിന്റെ അവസാന പന്തിൽ മുസ്താഫിസുർ റഹ്മാൻ ബട്ട്ലറെ വാർണറുടെ കൈകളിൽ എത്തിച്ചു മടക്കി. 65 പന്തിൽ 116 റൺസായിരുന്നു സമ്പാദ്യം. ഒമ്പത് വീതം സിക്സറുകളും ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. പിന്നീട്അവസാന ഓവറിൽ 20 റൺസ് നേടി. സഞ്ജു ടീമിനെ 222 എന്ന സ്കോറിൽ എത്തിക്കുകയായിരുന്നു. 19 പന്തിൽ നിന്ന് 46 റൺസ് നേടി സഞ്ജു പുറത്താകാതെ നിന്നു.
രാജസ്ഥാൻ റോയൽസ് (പ്ലേയിംഗ് ഇലവൻ): ജോസ് ബട്ട്ലർ, ദേവ്ദത്ത് പടിക്കൽ, സഞ്ജു സാംസൺ(w/c), ഷിമ്റോൺ ഹെറ്റ്മെയർ, കരുൺ നായർ, റിയാൻ പരാഗ്, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, പ്രസിദ് കൃഷ്ണ, ഒബേദ് മക്കോയ്, യുസ്വേന്ദ്ര ചാഹൽ.
ഡൽഹി ക്യാപിറ്റൽസ് (പ്ലേയിംഗ് ഇലവൻ): പൃഥ്വി ഷാ, ഡേവിഡ് വാർണർ, ഋഷഭ് പന്ത് (w/c), റോവ്മാൻ പവൽ, സർഫറാസ് ഖാൻ, ലളിത് യാദവ്, അക്സർ പട്ടേൽ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുസ്താഫിസുർ റഹ്മാൻ, ഖലീൽ അഹമ്മദ്.
Also Read: IPL 2022: കുടുംബാംഗത്തിന് കോവിഡ്; ഡൽഹിക്കൊപ്പം പോണ്ടിങ് ഇന്ന് ഉണ്ടാവില്ല