രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ നോബോൾ വിളിച്ച അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്ത ഡൽഹി ക്യാപിറ്റൽസ് നായകൻ റിഷഭ് പന്തിനും സഹപരിശീലകൻ പ്രവീൺ ആംറേയ്ക്കും പിഴ. മാച്ച് ഫീയുടെ 100 ശതമാനമാണ് ഇരുവർക്കും പിഴ ചുമത്തിയത്. ഗ്രൗണ്ടിൽ ഇറങ്ങിവന്ന പ്രവീൺ ആംറേയെ ഒരു മത്സരത്തിൽ വിലക്കുകയും ചെയ്തിട്ടുണ്ട്. പേസർ ശാർദൂൽ താക്കൂറിനും മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തിയിട്ടുണ്ട്. ഐപിഎൽ പെരുമാറ്റ ചട്ടം ലംഘിച്ചതിനാണ് മൂവർക്കും പിഴ ചുമത്തിയത്
അതിനാടകീയ സംഭവങ്ങൾക്കാണ് ഇന്നലെ വാങ്കഡെ സ്റ്റേഡിയം സാക്ഷിയായത്. അവസാന ഓവറിൽ അമ്പയർ നോബോൾ വിളിക്കാതിരുന്നതാണ് പന്തിനേയും കൂട്ടരെയും ചൊടിപ്പിച്ചത്. ജയിക്കാൻ ആറ് പന്തിൽ 36 റൺസ് വേണ്ടിയിരുന്ന ഓവറിൽ രാജസ്ഥാന് പേസര്‍ ഓബദ് മക്കോയുടെ ആദ്യ മൂന്ന് പന്തും റോവ്മാന്‍ പവല്‍ ഗാലറിയിൽ എത്തിച്ചു മത്സരം ആവേശകരമായ പര്യവസാനത്തിലേക്ക് നീങ്ങുന്നതിനിടെയാണ് സംഭവം.
ഫുൾ ടോസ് ആയി വന്ന പന്ത് അരയ്ക്ക് മുകളിൽ ആയതിനാൽ നോബോൾ വിളിക്കണം എന്നതായിരുന്നു ഡൽഹി ടീമിന്റെ ആവശ്യം. എന്നാൽ അമ്പയർ നോബോൾ വിളിക്കാൻ കൂട്ടാക്കിയില്ല. ഇതോടെ ക്ഷുഭിതനായ പന്ത് താരങ്ങളെ തിരികെ വിളിച്ചു. ഉടൻ തന്നെ കോച്ചിങ് സ്റ്റാഫായ ഷെയിൻ വാട്സൺ ഇടപെട്ട് പന്തിനെ തടഞ്ഞു.
എന്നാൽ അതിനിടെ സഹപരിശീലകൻ പ്രവീൺ ആംറെ ഗ്രൗണ്ടിലേക്ക് ഇറങ്ങി വന്ന് അമ്പയർമാരുമായി തർക്കിച്ചു. ഇതിനിടയിൽ ബാറ്റിംഗ് താളം നഷ്ടമായ പവലിന് ടീമിനെ വിജയത്തിലെത്തിക്കാൻ കഴിയാതെ ആയി. രാജസ്ഥാൻ 15 റൺസിന് വിജയിക്കുകയും ചെയ്തു.
പന്തിന്റെ തിരിച്ചുവിളിക്കലിനെ ട്രോളുകൾ കൊണ്ടാണ് ആരാധകർ ആഘോഷമാക്കിയത്. കെവിൻ പീറ്റേഴ്സൺ ഉൾപ്പെടയുള്ള താരങ്ങളും ഡൽഹിയുടെ രീതികൾക്കെതിരെ രംഗത്ത് വന്നു. അമ്പയറുടെ തീരുമാനം ശരിയായിരുന്നു എന്നാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ പറഞ്ഞത്.
Also Read: IPL 2022: കുടുംബാംഗത്തിന് കോവിഡ്; ഡൽഹിക്കൊപ്പം പോണ്ടിങ് ഇന്ന് ഉണ്ടാവില്ല