സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ (92*) ഡേവിഡ് വാര്‍ണര്‍ റോവ്മാന്‍ പവല്‍ (67*) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങിലായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് 207-3 എന്ന പടുകൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് 66 പന്തുകളില്‍ നിന്ന് 122 റണ്‍സാണ് ചേര്‍ത്തത്. മുന്‍ ടീമിനെതിരെ വാര്‍ണറിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇന്നലെ നടന്നത്. ഹൈദരാബാദിനെ പരാജയപ്പെടുത്തി കളിയിലെ താരമായാണ് വാര്‍ണര്‍ കളം വിട്ടത്.
ഡല്‍ഹി ഇന്നിങ്സിന്റെ അവസാന ഓവറിലെത്തുമ്പോള്‍ വാര്‍ണര്‍ സെഞ്ചുറിക്ക് എട്ട് റണ്‍സ് അകലെയായിരുന്നു. പവലിനായിരുന്നു സ്ട്രൈക്ക് ലഭിച്ചത്. സെഞ്ചുറിക്കായി സ്ട്രൈക്ക് വേണോ എന്ന് വാര്‍ണറിനോട് താന്‍ ചോദിച്ചിരുന്നതായി പവല്‍ മത്സരശേഷം വെളിപ്പെടുത്തി.
“ഓവറിന്റെ ആരംഭത്തില്‍ ഞാന്‍ വാര്‍ണറിനോട് ചോദിച്ചു, ‘സെഞ്ചുറി തികയ്ക്കാനായി നിങ്ങള്‍ക്ക് സ്ട്രൈക്ക് വേണോ?’. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘ഇങ്ങനെയല്ല ക്രിക്കറ്റ് കളിക്കേണ്ടത്. നീ അടിച്ചെടുക്കാന്‍ പറ്റുന്നതിന്റെ പരമാവധി അടിച്ചെടുക്കൂ,” പവല്‍ പറഞ്ഞു.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മോശം ഫോമിനെ തുടര്‍ന്ന് ഹൈദരാബാദിന്റെ നായകസ്ഥാനവും ടീമിലെ ഇടവും വാര്‍ണറിന് നഷ്ടമായിരുന്നു. എന്നാല്‍ നടപ്പ് സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിലെത്തിയ വാര്‍ണര്‍ മിന്നും ഫോമിലാണ്. ഇതുവരെ എട്ട് മത്സരങ്ങളിള്‍ നിന്ന് 356 റണ്‍സാണ് നേടിയത്. ടോപ് സ്കോറര്‍മാരുടെ പട്ടികയില്‍ നാലാമതുമാണ് ഓസിസ് താരം.
Also Read: പന്തിനെ ‘പന്തു’കൊണ്ട് വട്ടം കറക്കി റിക്കി പോണ്ടിങ്ങിന്റെ മകന്; വീഡിയോ