മുംബൈ: കോവിഡ്ഭീതി നേരിടുന്ന ഡൽഹി ക്യാപിറ്റൽസും പഞ്ചാബ് കിങ്സും തമ്മിലുള്ള മത്സരത്തിന്റെ വേദി മാറ്റി. ബുധനാഴ്ച ബ്രാബോൺ സ്റ്റേഡിയത്തിലായിരിക്കും മത്സരമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അറിയിച്ചു. നേരത്തെ പൂണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നിശ്ചയിച്ചിരുന്നത്.
“ഡൽഹി ക്യാപിറ്റൽസ് സംഘത്തിൽ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതാണ് വേദി മാറ്റാൻ കാരണമായത്,” എന്ന് ബിസിസിഐ പ്രസ്താവനയിൽ പറഞ്ഞു. ദീർഘദൂര ബസ് യാത്ര ഒഴിവാക്കാനാണ് തീരുമാനം.
ആകെ അഞ്ചു പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഓസ്ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ടീമിന്റെ ഫിസിയോ പാട്രിക് ഫർഹത്ത് ആണ് ആദ്യം പോസിറ്റീവ് ആയത്. ഏപ്രിൽ 15-ന് ആണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. അടുത്ത ദിവസങ്ങളിൽ മസാജ് തെറാപ്പിസ്റ്റ് ചേതൻ കുമാർ, മിച്ചൽ മാർഷ്, ഡോക്ടർ അഭിജിത് സാൽവി, സോഷ്യൽ മീഡിയ കണ്ടന്റ് ടീം അംഗം ആകാശ് മാനെ തുടങ്ങിയവരും പോസിറ്റീവായി.
“കോവിഡ് പോസിറ്റീവായവർ ഐസൊലേഷനിലും നിരീക്ഷണത്തിലുമാണ്. ആറ്, ഏഴ് ദിവസങ്ങൾ കഴിയുമ്പോൾ പരിശോധന നടത്തും, രണ്ട് പരിശോധനകൾ നെഗറ്റീവ് ആയാൽ മാത്രമേ അവരെ ഡൽഹി ക്യാപിറ്റൽസിന്റെ ബയോ ബബിളിലേക്ക് ഉൾപ്പെടുത്തുകയുള്ളു, ”ബിസിസിഐ പ്രസ്താവനയിൽ പറഞ്ഞു.
“ഏപ്രിൽ 16 മുതൽ, മുഴുവൻ ഡൽഹി ക്യാപിറ്റൽസ് സംഘത്തിനും പ്രതിദിന ആർടി-പിസിആർ പരിശോധന നടത്തി. ഏപ്രിൽ 19 ന് നടത്തിയ നാലാമത്തെ ആർടി-പിസിആർ പരിശോധനയിൽ മറ്റുള്ളവർ എല്ലാവരും നെഗറ്റീവ് ആണ്. ഏപ്രിൽ 20 ന് രാവിലെ ഡൽഹി ക്യാപിറ്റൽസ് സംഘം അടുത്ത ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയരാവും.” ടീം അറിയിച്ചു.
Also Read: IPL Covid Scare: ഐപിഎല്‍ കോവിഡ് ഭീഷണിയില്‍; ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങള്‍ ക്വാറന്റൈനില്‍