മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കീങ്സിന് നാലാം തോല്‍വി. ചെന്നൈ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ജയം നേടി. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ അഭിഷേക് ശര്‍മയും (75) അവസാന ഓവറുകളില്‍ സ്കോറിങ്ങിന് വേഗം കൂട്ടിയ രാഹുല്‍ ത്രിപാതിയുമാണ് (15 പന്തില്‍ 39 റണ്‍സ്) ഹൈദരാബാദിന്റെ ജയം അനായാസമാക്കിയത്.
ഓപ്പണര്‍മാരായ കെയിന്‍ വില്യംസണും അഭിഷേക് സാവധാനമായിരുന്നു ഹൈദരാബാദ് ചെയ്സിന് അടിത്തറ പാകിയത്. പവര്‍പ്ലെയില്‍ കാര്യമായ ആക്രമണങ്ങള്‍ക്ക് മുതിര്‍ന്നില്ല ഇരുവരും. നിലയുറപ്പിച്ചതിന് ശേഷം പതിയെ ഇന്നിങ്സ് പടുത്തുയര്‍ത്തുകയായിരുന്നു. ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാന്‍ 13-ാം ഓവര്‍ വരെ ചെന്നൈക്ക് കാത്തിരിക്കേണ്ടി വന്നു.
സ്കോര്‍ 89 ല്‍ നില്‍ക്കെയായിരുന്നു വില്യംസണിന്റെ വിക്കറ്റ് വീണത്. 40 പന്തില്‍ 32 റണ്‍സായിരുന്നു സമ്പാദ്യം. പിന്നീടെത്തിയ രാഹുല്‍ ത്രിപാതി പെട്ടെന്ന് തന്നെ മത്സരം ഹൈദരാബാദിന്റെ വരുതിയിലെത്തിച്ചു. നേരിട്ട രണ്ടാം പന്തില്‍ തന്നെ സിക്സടിച്ചായിരുന്നു തുടക്കം. അത് ഹൈദരാബാദിനെ വിജയത്തിലെത്തിക്കുന്നത് വരെ തുടര്‍ന്നു.
ഇഴഞ്ഞു നീങ്ങിയ ചെന്നൈ
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈക്ക് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. മൂന്നാം ഓവറില്‍ തന്നെ ഫോമിലുള്ള റോബിന് ഉത്തപ്പയെ 15 റണ്‍സിന് നഷ്ടമായി. വാഷിങ്ടണ്‍ സുന്ദറാണ് വിക്കറ്റ് നേടിയത്. പവര്‍പ്ലെയുടെ അവസാന ഓവറില്‍ റുതുരാജ് ഗെയ്ക്വാദിനെ (16) ബൗള്‍ഡാക്കി നടരാജന് ഹൈദരാബാദിന് രണ്ടാം വിക്കറ്റ് നേടിക്കൊടുത്തു.
പിന്നീട് മോയിന്‍ അലിയും അമ്പട്ടി റായുഡുവും ചേര്‍ന്ന് ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമമായിരുന്നു. സ്കോറിങ്ങിന് കാര്യമായി വേഗത കൂട്ടാന്‍ സാധിച്ചില്ലെങ്കിലും മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 62 റണ്‍സ് ചേര്‍ത്തു. 27 റണ്‍സെടുത്ത റായുഡുവിനെ മടക്കി സുന്ദറാണ് കൂട്ടുകെട്ട് പൊളിച്ചത്. വൈകാതെ തന്നെ അലിയേയും (48) ചെന്നൈക്ക് നഷ്ടമായി.
പിന്നാലെയെത്തിയ ശിവം ഡൂബെയും നടരാജന് മുന്നില്‍ കീഴടങ്ങിയതോടെ വമ്പന്‍ സ്കോറെന്ന ചെന്നൈ മോഹം അവസാനിച്ചു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മുന്‍ നായകന് എംഎസ് ധോണി പരാജയപ്പെട്ടു. ആറ് പന്തില്‍ മൂന്ന് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. മാര്‍ക്കൊ ജാന്‍സണാണ് ധോണിയെ പുറത്താക്കിയത്.
19-ാം ഓവറില്‍ നായകന് രവീന്ദ്ര ജഡേജ നടത്തിയ പ്രകടനമാണ് ചെന്നൈയുടെ സ്കോര്‍ 150 കടക്കുന്നതില്‍ നിര്‍ണായകമായത്. 15 പന്തില്‍ നിന്ന് രണ്ട് ഫോറും ഒരു സിക്സുമടക്കം 23 റണ്‍സാണ് ജഡേജ നേടിയത്. അവസാന ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ 14 റണ്‍സ് വിട്ടുകൊടുത്തതും ചെന്നൈക്ക് പൊരുതാവുന്ന സ്കോര്‍ നേടാന്‍ സഹായിച്ചു.