മുംബൈ: ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ സിക്സര്‍ മഴ പെയ്യിച്ച് ശിവം ദുബെയും റോബിന് ഉത്തപ്പയും. ഇരുവരുടേയും അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സ് നിശ്ചിത ഓവറില്‍ 216 റണ്‍സ് അടിച്ചു കൂട്ടി. അവസാന പത്ത് ഓവറില്‍ ചെന്നൈ 156 റണ്‍സാണ് നേടിയത്.
പതിയെയായിരുന്നു ചെന്നൈയുടെ തുടക്കം. ഒരിക്കല്‍കൂടി ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് (17) പരാജയപ്പെടുകയും ഏഴാം ഓവറില്‍ മൊയിന്‍ അലിയേയും (3) ചെന്നൈക്ക് നഷ്ടമായി. 36-2 എന്ന നിലയില്‍ നിന്നായിരുന്നു ഉത്തപ്പ-ദുബെ സഖ്യത്തിന്റെ തുടക്കം. പത്താം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ചെന്നൈയുടെ സ്കോര്‍ 60-2.
പത്താം ഓവറിന് ശേഷം മധ്യ ഓവറുകളില്‍ ആധിപത്യം സ്ഥാപിച്ച് കൂറ്റന്‍ സ്കോറിലേക്ക് കുതിക്കുന്ന ചെന്നൈയുടെ ശൈലിയായിരുന്നു കണ്ടത്. ബാംഗ്ലൂരിന്റെ ഒരു ബോളറെ പോലും നിലയുറപ്പിക്കാന്‍ ദുബെയും ഉത്തപ്പയും അനുവദിച്ചില്ല. ബൗണ്ടറികള്‍ പിറക്കാത്ത ഓവറുകള്‍ പോലും ചുരുക്കമായിരുന്നു എന്ന് പറയാം.
50 പന്തില്‍ നിന്ന് നാല് ഫോറും ഒന്‍പത് സിക്സുമടക്കമായിരുന്നും ഉത്തപ്പ 88 റണ്‍സ് നേടിയത്. മറുവശത്ത് 46 പന്തില്‍ നിന്ന് അഞ്ച് ഫോറും എട്ട് സിക്സുമടക്കം ദുബെ 95 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ബാംഗ്ലൂരിനായി വനിന്ദു ഹസരങ്ക രണ്ടും ജോഷ് ഹെയ്സല്‍വുഡ് ഒരു വിക്കറ്റും നേടി.
Also Read: സന്തോഷ് ട്രോഫിക്കായി മലപ്പുറം ഒരുങ്ങി; മത്സരക്രമം, ടിക്കറ്റ് നിരക്ക്; മറ്റ് വിശദാംശങ്ങള്‍