IPL 2022 CSK vs PBKS: ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 188 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഓപ്പണര്‍ ശിഖര്‍ ധവാന്റെ തകര്‍പ്പന് പ്രകടനത്തിന്റെ ബലത്തിലാണ് മികച്ച സ്കോര്‍ നേടിയത്. 59 പന്തില്‍ നിന്ന് 88 റണ്‍സെടുത്ത് ധവാന്‍ പുറത്താകാതെ നിന്നു. 42 റണ്‍സെടുത്ത ഭാനുക രാജപക്സെ ധവാന് മികച്ച പിന്തുണ നല്‍കി. ചെന്നൈക്കായി ഡ്വയിന്‍ ബ്രാവൊ രണ്ടു വിക്കറ്റ് നേടി.
ബാറ്റിങ്ങിന് പേരുകേട്ട വാംഘഡയിലെ പിച്ചില്‍ പഞ്ചാബിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളും ധവാനും പവര്‍പ്ലെ ഓവറുകളില്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചുവെന്ന് തന്നെ പറയാം. പവര്‍പ്ലെ അവസാനിക്കാന്‍ ഒരു പന്തു ബാക്കി നില്‍ക്കെയാണ് മായങ്ക് മടങ്ങിയത്. 21 പന്തില്‍ 18 റണ്‍സ് മാത്രമായിരുന്നു നായകന്റെ സമ്പാദ്യം. ടീമിലേക്ക് മടങ്ങിയെത്തിയ ഭാനുക രാജപക്സയെ കൂട്ടുപിടിച്ചായിരുന്നു ധവാന്റെ പോരാട്ടം.
10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ പഞ്ചാബിന്റെ സ്കോര്‍ 72-1. രാജപക്സെയും ധവാനും ചേര്‍ന്ന് ചെന്നൈ ബോളര്‍മാരുടെ തന്ത്രങ്ങളെ ബുദ്ധികൊണ്ട് മറികടക്കുകയായിരുന്നു. രവിന്ദ്ര ജഡേജ ഫീല്‍ഡര്‍മാരെ തലങ്ങും വിലങ്ങും നിര്‍ത്തിയിട്ടും ധവാന്‍ അനായാസം ബൗണ്ടറികള്‍ നേടി. ബ്രാവോയുടെ സ്ലൊ ബോളുകള്‍ക്ക് പോലും ധവാന്റെ സ്കോറിങ്ങിനെ തടയാന്‍ സാധിച്ചില്ല. ചെന്നൈ ഫീല്‍ഡര്‍മാര്‍ ക്യാച്ച് വിട്ടുകളയുന്നതില്‍ ഒരിക്കല്‍കൂടി മികവ് കാണിച്ചതോടെ പഞ്ചാബിന് കാര്യങ്ങള്‍ എളുപ്പമായി.
സ്കോര്‍ 147 ല്‍ എത്തി നില്‍ക്കെയാണ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാന്‍ ചെന്നൈക്ക് കഴിഞ്ഞത്. രണ്ട് വീതം ഫോറും സിക്സുമടിച്ച രാജപക്സെ ബ്രാവോയുടെ സ്ലൊ ഷോര്‍ട്ട് ബോള്‍ തന്ത്രത്തില്‍ വീണു. പിന്നാലെയെത്തിയ ലിയാം ലിവിങ്സ്റ്റണ്‍ ഏഴ് പന്തില്‍ 19 റണ്‍സുമായി തന്റെ ജോലി കൃത്യമായി ചെയ്ത് മടങ്ങി. വിക്കറ്റ് ബ്രാവോയ്ക്ക് തന്നെ. ഒന്‍പത് ഫോറും രണ്ട് സിക്സുമടക്കമായിരുന്നു ധവാന്‍ 88 റണ്‍സ് നേടിയത്. അവസാന 10 ഓവറില്‍ 115 റണ്‍സാണ് പഞ്ചാബ് നേടിയത്.
Also Read: സന്തോഷ് ട്രോഫി: ഒഡീഷയോ കര്‍ണാടകയോ? കേരളത്തിന്റെ സെമി ഫൈനല്‍ എതിരാളികളെ ഇന്നറിയാം