അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) സമീപകാല സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് എം എസ് ധോണിയെന്ന ബാറ്ററിനേക്കാള്‍ പ്രാധാന്യം കൊടുക്കുന്നത് അദ്ദേഹത്തിന്റെ നായക മികവിനാണ്. ഇംപാക്ട് പ്ലെയര്‍ നിയമം നിലവില്‍ വന്ന പശ്ചാത്തലത്തില്‍, ആദ്യ മത്സരത്തില്‍ ധോണി ചെന്നൈയുടെ ഇംപാക്ട് പ്ലെയര്‍ ആയേക്കും.
താരം ശാരീരിക ക്ഷമത പൂര്‍ണമായി കൈവരിക്കാത്ത സാഹചര്യത്തിലാണിത്. മത്സരത്തിനിറങ്ങാന്‍ 80 ശതമാനം ഫിറ്റാണെങ്കില്‍ ധോണി ഇംപാക്ട് പ്ലെയറായി കളത്തിലെത്തുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍ എന്നിവയിലായിരിക്കും ധോണി ഈ സീസണില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയെന്നും വിവരമുണ്ട്.
ബെന്‍ സ്റ്റോക്സ് ഏത് സ്ഥാനത്ത് ബാറ്റിങ്ങിനിറങ്ങുമെന്ന ചോദ്യം നേരത്തെ മുതല്‍ ഉയരുന്നതാമ്. രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നപ്പോള്‍ സ്റ്റോക്സ് ഓപ്പണറിന്റെ റോളിലായിരുന്നു. എന്നാല്‍ ഡെവോണ്‍ കോണ്‍വ – റുതുരാജ് ഗെയ്ക്വാദ് സഖ്യത്തിലാണ് ചെന്നൈ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ട് സ്റ്റോക്സ് മൂന്നാം നമ്പറിലായിരിക്കും ഇറങ്ങുക.
ഇതൊടെ ചെന്നൈയുടെ മധ്യനിര ഇടം കയ്യന്‍ ബാറ്റര്‍മാരാല്‍ സമ്പന്നമാകും. സ്റ്റോക്സിന് പുറമെ, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, ശിവം ഡൂബെ എന്നിവരാണ് മധ്യനിരയില്‍ ചെന്നൈക്കായി ഇറങ്ങുക. റാഷിദ് ഖാന്റെ ലെഗ് സ്പിന്നിന് ഇടം കയ്യന്‍ ഓള്‍ റൗണ്ടര്‍മാര്‍ എന്ത് മറുപടി നല്‍കുമെന്നതും ആരാധകര്‍ ഉറ്റുനോക്കുകയാണ്.
ഗുജറാത്ത് ടൈറ്റന്‍സിനായി ഉദ്ഘാടന മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ആര് ഓപ്പണിങ്ങിനിറങ്ങുമെന്നതാണ് മറ്റൊരു ചോദ്യം. പോയ സീസണില്‍ വൃദ്ധിമാന്‍ സാഹയ്ക്ക് ഗില്ലിന് മികച്ച പിന്തുണ നല്‍കാന്‍ കഴിഞ്ഞിരുന്നു. പ്രത്യേകിച്ചും പവര്‍പ്ലേകളില്‍. ഡേവിഡ് മില്ലറിന്റെ അഭാവവും പരിഗണിക്കുമ്പോള്‍ കെയിന്‍ വില്യംസണായിരിക്കും ഓപ്പണിങ്ങിനെത്തുക.
അങ്ങനെയെങ്കില്‍ മാത്യു വെയ്ഡിനായിരിക്കും ഫിനിഷറിന്റെ റോള്‍. ഓസ്ട്രേലിയക്കായി താരത്തിന് അവസാന ഓവറുകളില്‍ സ്കോറിങ്ങിന് വേഗം കൂട്ടാന്‍ സാധിച്ചിരുന്നു. വില്യംസണും വെയ്ഡും ആദ്യ ഇലവനില്‍ ഇറങ്ങുമ്പോള്‍ സാഹയ്ക്ക് പുറത്തിരിക്കേണ്ടി വരും.
സാധ്യത ഇലവന്‍
ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മാൻ ഗിൽ, കെയിന്‍ വില്യംസൺ, സായ് സുദർശൻ, ഹാർദിക് പാണ്ഡ്യ, മാത്യു വെയ്ഡ്, രാഹുൽ തേവാട്ടിയ, അഭിനവ് മനോഹർ, റാഷിദ് ഖാൻ, ജയന്ത് യാദവ്, അൽസാരി ജോസഫ്, മുഹമ്മദ് ഷമി.
ചെന്നൈ സൂപ്പർ കിങ്സ്: റുതുരാജ് ഗെയ്ക്വാദ്, ഡെവോൺ കോൺവെ, ബെൻ സ്‌റ്റോക്‌സ്, മൊയിൻ അലി, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, ശിവം ഡൂബെ, എംഎസ് ധോണി, മിച്ചൽ സാന്റ്‌നർ, ദീപക് ചഹർ, സിമർജീത് സിങ്.