ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ എം എസ് ധോണിയെ പുകഴ്ത്തി പാക്കിസ്ഥാന്‍ ഇതിഹാസ താരം വസിം അക്രം. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകന്‍ ധോണിയായിരുന്നെങ്കില്‍ മൂന്ന് കിരീടമെങ്കിലും ടീം നേടുമായിരുന്നെന്ന് അക്രം പറഞ്ഞു. സ്പോര്‍ട്സ്കീഡയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അക്രത്തിന്റെ പ്രതികരണം.
“ധോണിയായിരുന്നു നായകനെങ്കില്‍ ഇപ്പോള്‍ ബാംഗ്ലൂരിന്റെ പേരില്‍ മൂന്ന് കിരീടം ഉണ്ടാകുമായിരുന്നു. പക്ഷെ ഇതുവരെ ഒരു ട്രോഫി പോലും നേടാന്‍ അവര്‍ക്കായിട്ടില്ല. അവര്‍ക്ക് വലിയ ആരാധക പിന്തുണയുണ്ട്. ഇക്കാലത്തെ ഏറ്റവും മികച്ച താരമായ കോഹ്ലിയും ടീമിലുണ്ട്. പക്ഷെ കിരീടം മാത്രം അകലെയാണ്. ധോണി ടീമിലുണ്ടായിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു,” അക്രം പറഞ്ഞു.
നിലവില്‍ ടൂര്‍ണമെന്റ് പാതി പിന്നിടുമ്പോള്‍ പത്ത് കളികളില്‍ നിന്ന് അഞ്ച് വീതം ജയവും തോല്‍വിയുമായി അഞ്ചാം സ്ഥാനത്താണ് ബാംഗ്ലൂര്‍. ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 182 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയെങ്കിലും പ്രതിരോധിക്കാനായില്ല. 20 പന്ത് ബാക്കി നില്‍ക്കെയായിരുന്നു ഡല്‍ഹിയുടെ ജയം.
എല്ലാ കളികളിലും ജയം സ്വന്തമാക്കിയാല്‍ മാത്രമാണ് ഡല്‍ഹിക്ക് പ്ലെ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനാകു. അതുകൊണ്ട് തന്നെ ബാംഗ്ലൂരിനെതിരെ ഡല്‍ഹി ബാറ്റര്‍മാരെല്ലാം ആക്രമണ ശൈലിയായിരുന്നു തിരഞ്ഞെടുത്തത്. 87 റണ്‍സെടുത്ത ഫില്‍ സാള്‍ട്ടാണ് ഡല്‍ഹിയുടെ ജയം അനായാസമാക്കിയത്.
ടൂര്‍ണമെന്റിലെ ആദ്യ അഞ്ച് മത്സരങ്ങള്‍ ഡല്‍ഹി പരാജയപ്പെട്ടിരുന്നു. എന്നാല്‍ പിന്നീടുള്ള അഞ്ചില്‍ നാലും വിജയിക്കാന്‍ ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന ടീമിനായി.