പതിനാറാമത് ഐപിഎൽ എഡിഷന് തുടക്കം കുറിക്കാനിരിക്കെ രണ്ടാം തവണ കപ്പ് ഉയർത്താൻ ഗുജറാത്ത് ടൈറ്റൻസിനെ സഹായിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അവരുടെ പേസർ ശിവം മാവി. ”കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും ഞങ്ങൾ കിരീടം നേടണം. ആ ലക്ഷ്യത്തോടെയാണ് ഞാൻ ടീമിൽ പങ്കാളിയായത്. ഒരിക്കൽ കൂടി ചാമ്പ്യന്മാരാകാൻ ടീമിനെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” അടുത്തിടെ പുറത്തുവന്ന വീഡിയോയിൽ താരം പറഞ്ഞു.
2022 ഐപിഎൽവരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പമായിരുന്നു മാവി. ന്യൂസിലൻഡിൽ നടന്ന അണ്ടർ 19 ലോകകപ്പിലെ മികച്ച പ്രകടനമാണ് താരത്തെ ലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കാൻ ഇടയാക്കിയത്.
”ലേല സമയത്ത് നാഗാലൻഡിൽ ഉത്തർപ്രദേശിനുവേണ്ടി രഞ്ജി ട്രോഫി മത്സരം കളിക്കുകയായിരുന്നു. എന്റെ ലേലം 1.10 കോടിക്ക് അവസാനിച്ചു. ഇത്രയും നേരത്തെ അവസാനിച്ചത് എന്തുകൊണ്ടാണെന്ന് ഞാൻ അതിശയിച്ചു. ഗുജറാത്ത് ടൈറ്റൻസ് എന്നെ സ്വന്തമാക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. കാരണം ആ ടിമിനു വേണ്ടി കളിക്കുന്നതിൽ ഞാൻ അതിയായ ആവേശത്തിലായിരുന്നു. ആ ടീമിന്റെ മാനേജ്മെന്റും ക്യാപ്റ്റനും മികച്ചവരാണെന്ന് ഞാൻ കേട്ടിരുന്നു. ഞാൻ അവരെയൊക്കെ നേരത്തെ തന്നെ പരിചയപ്പെട്ടിരുന്നു. ആ ടീമിലെ അന്തരീക്ഷവും വളരെ നല്ലതാണ്. അതിനാലാണ് അവർ എന്നെ സ്വന്തമാക്കണമെന്ന് ഞാൻ ആഗ്രഹിച്ചത്,” ഇരുപത്തിനാലുകാരനായ മാവി പറഞ്ഞു.
തന്റെ വർഷങ്ങളായുള്ള സുഹൃത്തും സഹതാരവുമായ ശുഭ്മാൻ ഗില്ലിനൊപ്പം കളിക്കുന്നതിലും താൻ ആവേശഭരിതനാണെന്ന് താരം പറഞ്ഞു. ”അണ്ടർ 19 സമയത്ത് ഞങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ചാണ് അണ്ടർ 19 സീരീസ് കളിച്ചത്. അതിനുശേഷം ഒരുമിച്ച് ലോകകപ്പ് കളിച്ചു. പിന്നീട് ഞങ്ങൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനുവേണ്ടി ഒരുമിച്ച് കളിച്ചു. അതിനുശേഷം ഇന്ത്യയ്ക്കു വേണ്ടി കളിച്ചു, ഇപ്പോൾ ഗുജറാത്ത് ടൈറ്റൻസിനു വേണ്ടിയും.”
അരങ്ങേറ്റ സമയത്ത് തന്റെ ടീമിന്റെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ എങ്ങനെയാണ് സഹായിച്ചത് എന്നതിനെക്കുറിച്ചും മാവി സംസാരിച്ചു. ”ഇന്ത്യയ്ക്കു വേണ്ടി ഹാർദിക്കിനൊപ്പം ഞാൻ കളിച്ചിട്ടുണ്ട്. എന്റെ അരങ്ങേറ്റ സമയത്ത് അദ്ദേഹം വളരെയധികം എനിക്ക് പിന്തുണ തന്നു. എനിക്കു മേൽ ഒരു സമ്മർദവും അദ്ദേഹം നൽകിയിട്ടില്ല. ആദ്യ മത്സരം കളിക്കുമ്പോൾ നിങ്ങൾക്കുമേൽ വളരെയധികം സമ്മർദം ഉണ്ടാകും. എന്നാൽ യാതൊരുവിധ ആശങ്കയുമില്ലാതെ ബോളിങ് ചെയ്യാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ഐപിഎല്ലിലും രഞ്ജിയിലും ഞാൻ ബോളിങ് ചെയ്തതുപോലെ ചെയ്യാൻ പറഞ്ഞു. ഒരു തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം അതൊരു വലിയ പിന്തുണയാണ്.”
മാർച്ച് 31 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽവച്ചാണ് ഗുജറാത്ത് ടൈറ്റൻസിന്റെ ആദ്യ മത്സരം. ചെന്നൈ സൂപ്പർ കിങ്സ് ആണ് എതിരാളികൾ.