ഷെയിന്‍ വോണിന്റെ നേതൃത്വത്തില്‍ നീലക്കുപ്പായമണിഞ്ഞൊരു ടീം, പ്രഥമ ഐപിഎല്ലില്‍ കരുത്തരായ ടീമുകളെ മുട്ടുകുത്തിച്ച് കപ്പുയര്‍ത്തി. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2008 ല്‍. പിന്നീട് ഒരു സീസണില്‍ പോലും കലാശപ്പോരാട്ടത്തിന് യോഗ്യത നേടാന്‍ രാജസ്ഥാനായിട്ടില്ല. എന്നാല്‍ ഇത്തവണത്തെ ഐപിഎല്‍ വലിയ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.
ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എന്നിങ്ങനെ രണ്ട് പുതിയ ടീമുകളെത്തി. ഇരുവരും പ്ലെ ഓഫിലും കടന്നു. അഞ്ച് തവണ കിരീടം ചൂടിയ മുംബൈ ഇന്ത്യന്‍സും നാല് പ്രാവശ്യം കപ്പുയര്‍ത്തിയ ചെന്നൈ സൂപ്പര്‍ കിങ്സും പട്ടികയുടെ അവസാന സ്ഥാനത്തേക്ക് വീണു. പോരാട്ട വീര്യം ചോരാതെ സ്ഥിരതയോടെ കളിച്ച സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന് ഫൈനലിലുമെത്തി.
രാജസ്ഥാന് കന്നി കിരീടത്തില്‍ മുത്തമിടുമ്പോള്‍ ഇന്നത്തെ ടീമിന്റെ നായകന് സഞ്ജുവിന് പ്രായം വെറും 13 വയസാണ്. എന്നാല്‍ രാജസ്ഥാന് ഫൈനലില്‍ വിജയിച്ച നിമിഷം സഞ്ജു ഇന്നും മറന്നിട്ടില്ല. ഇന്നലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ ക്വാളിഫയര്‍ മത്സരം ജയിച്ചതിന് ശേഷമാണ് സഞ്ജു തന്റെ ഓര്‍മ്മ പങ്കുവച്ചത്.
“ഷെയിന്‍ വോണും സൊഹൈല്‍ തന്‍വീറും ചേര്‍ന്ന് രാജസ്ഥാന് കിരീടം നേടിക്കൊടുക്കുമ്പോള്‍ കേരളത്തില്‍ എവിടെയൊ അണ്ടര്‍ 16 വിഭാഗത്തിന്റെ ഫൈനല്‍ മത്സരം കളിക്കുകയായിരുന്നു ഞാന്‍,” സഞ്ജു പറഞ്ഞു. തന്റെ ഐപിഎല്‍ കരിയര്‍ താരം ആരംഭിച്ചത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലാണെങ്കിലും ആദ്യമായി കളത്തിലെത്തിയത് റോയല്‍സിന്റെ കുപ്പായത്തിലാണ്.
രാഹുല്‍ ദ്രാവിഡിന് മുന്നില്‍ സെലക്ഷന് ട്രയല്‍സില്‍ മികവ് പുലര്‍ത്താനായതാണ് സഞ്ജുവിന്റെ കരിയറില്‍ നിര്‍ണായകമായത്. കഴിഞ്ഞ സീസണിലാണ് സഞ്ജുവിനെ നായകനായി നിയമിച്ചത്. നിലവില്‍ രാജസ്ഥാന് റോയല്‍സിനായി ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ള താരമാണ് സഞ്ജു. ഈ സീസണില്‍ ഇതിനോടകം തന്നെ 400 ലധികം റണ്‍സ് സഞ്ജുവിന്റെ പേരിലുണ്ട്.
Also Read: ‘അദ്ദേഹം വളരെ അഭിമാനത്തോടെ ഞങ്ങളെ നോക്കുന്നുണ്ടാകും’; വോണിനെക്കുറിച്ച് ബട്ലര്