കഴിഞ്ഞ ഡിസംബറില്‍ ഉണ്ടായ വാഹനാപകടത്തിന് ശേഷം ആദ്യമായി ഇന്നലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പൊതുവേദിയിലെത്തി. തന്റെ ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ആദ്യ ഹോം മത്സരത്തിലാണ് ഗ്യാലറിയില്‍ പന്ത് പ്രത്യക്ഷപ്പെട്ടത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെയായിരുന്നു മത്സരം.
ആദ്യം ബാറ്റ്‍ ചെയ്ത ഡല്‍ഹിയുടെ സ്കോര്‍ 160 കടത്താന്‍ സഹായിച്ചത് ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേലിന്റെ പ്രകടനമായിരുന്നു. 22 പന്തില്‍ നിന്ന് 26 റണ്‍സാണ് അക്സര്‍ നേടിയത്. റിഷഭ് പന്തിന്റെ ഏറ്റവും മികച്ച ഷോട്ടുകളില്‍ ഒന്നായ ഒറ്റക്കൈ സിക്സും അക്സറിന്റെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. ഒറ്റക്കൈ സിക്സ് പന്തിന് വേണ്ടിയായിരുന്നെന്നാണ് മത്സരശേഷം അക്സര്‍ പറഞ്ഞത്.
“റിഷഭിനെ ഡ്രെസിങ് റൂമില്‍ കാണാന്‍ സാധിച്ചത് എല്ലാവര്‍ക്കും വളരെയധികം സന്തോഷം നല്‍കിയ ഒന്നായിരുന്നു. ഗുജറാത്ത് താരങ്ങളും റിഷഭിനെ കാണാന്‍ വന്നിരുന്നു. അദ്ദേഹം പെട്ടെന്ന് തന്നെ ശാരീരിക ക്ഷമത വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോള്‍ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരുമിച്ച് ഒറ്റക്കൈ സിക്സറുകള്‍ പായിക്കാം,” അക്സര്‍ പറഞ്ഞു.
ഇന്നലത്തെ മത്സരത്തിനിടയില്‍ പന്തിനെ ഗ്യാലറിയില്‍ ദൃശ്യമായതിന് പിന്നാലെ ഡല്‍ഹി ആരാധകരുടെ ആരവവും മുഴങ്ങി. വീ വാണ്ട് റിഷഭ് പന്ത് എന്ന് കാണികള്‍ ഒന്നടങ്കം ഏറ്റുപറയുന്നതാണ് പിന്നീട് കണ്ടത്. ആരാധകരുടെ സ്നേഹത്തിന് പന്ത് തന്റെ കൈ വീശിക്കാണിച്ചാണ് നന്ദി പറഞ്ഞത്. വൈകാരിക നിമിഷമായിരുന്നു ഇന്നലെ മൈതാനത്തുണ്ടായത്.
2022 ഡിസംബര്‍ 30-ാം തീയതിയാണ് ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയില്‍ വച്ച് പന്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ താരത്തിന് നിര്‍ണായക ടൂര്‍ണമെന്റുകള്‍ നഷ്ടമായിരുന്നു. വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ഏകദിന ലോകകപ്പ് എന്നിവയിലും പന്തിന് കളിക്കാനാകില്ല.