മുംബൈ: ഈ വര്‍ഷത്തെ ഐപിഎല്‍ സീസണ്‍ നിരവധി യുവതാരങ്ങള്‍ക്കാണ് ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറന്നിരിക്കുന്നവര്‍ക്ക്. ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പ് ടീമില്‍ ആരെയൊക്കെ എടുക്കണമെന്ന കാര്യത്തില്‍ സെലക്ടര്‍മാര്‍ ആശയക്കുഴപ്പത്തിലാകുമെന്നത് തീര്‍ച്ചയാണ്. ഓസ്ട്രേലിയന്‍ ഇതിഹാസം മാത്യു ഹെയ്ഡന്‍ 31 കാരനായ ഇന്ത്യന്‍ ബാറ്റര്‍ക്ക് ലോകകപ്പ് ടീമിലിടം നേടാന്‍ യോഗ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ്.
സണ്‍റൈസേഴ്സ് ബാറ്റര്‍ രാഹുല്‍ ത്രിപാതിയാണ് താരം. നടപ്പ് സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് 393 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം. 39.30 ആണ് ബാറ്റിങ് ശരാശരി. 161.72 പ്രഹരശേഷിയും താരത്തിന്റ മികവിന്റെ തെളിവാണ്. മൂന്ന് അര്‍ധ സെഞ്ചുറികളും സീസണില്‍ രാഹുല്‍ നേടി. 76 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. വളരെ അപകടകാരിയായ ബാറ്ററാണ് രാഹുലെന്നാണ് ഹെയ്ഡന്റെ പക്ഷം.
“മുന്‍നിരയിലിറങ്ങി തകര്‍ത്തടിക്കാനുള്ള അയാളുടെ മികവെനിക്ക് എനിക്ക് ഇഷ്ടമാണ്. ഉത്തരവാദിത്വ ബോധത്തോടെ സ്കോറിങ്ങിന് വേഗം കൂട്ടുന്ന ത്രിപാതി അതിശയിപ്പിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെത്താനുള്ള എല്ലാ യോഗ്യതയും താരത്തിനുണ്ടെന്നാണ് ഞാന്‍ കരുതുന്നത്,” ഹെയ്ഡന്‍ വ്യക്തമാക്കി.
“വളരെ അപകടകാരിയായ ബാറ്ററാണ് രാഹുല്‍. പിച്ചിന്റെ ഇരുവശങ്ങളിലേക്കും അനായാസം ഷോട്ടുതിര്‍ക്കാന്‍ കഴിയുന്നു. ഷോര്‍ട്ട് ബോളുകള്‍ നേരിടാനുള്ള രാഹുലിന്റെ മികവ് എന്നെ ആശ്ചര്യപ്പെടുത്തി. ട്വന്റി 20 ലോകകപ്പിനായി രാഹുലിനെ ഓസ്ട്രേലിയയില്‍ എത്തിക്കാം. ബൗണ്‍സുള്ള പിച്ചുകളിലെ രാഹുലിന്റെ ബാറ്റിങ് ഉപകാരപ്രദമാകും,” ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു.