IPL 2023: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ റിങ്കു സിങ് തുടര്‍ച്ചയായ അഞ്ച് സിക്സറുകള്‍ പറത്തി ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് വിജയം പിടിച്ചടക്കിയിട്ട് ആഴ്ചകള്‍ പിട്ടിന്നിട്ടിരിക്കുന്നു. എന്നാല്‍ റിങ്കുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ യാഷ് ദയാലിനെ പിന്നെ ഗുജറാത്ത് നിരയില്‍ കണ്ടിട്ടില്ല. അന്നത്തെ മത്സരശേഷം യാഷ് അസുഖബാധിതനായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗുജറാത്ത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ.
“മത്സരശേഷം യാഷ് അസുഖബാധിതനായി. എട്ട് കിലോയോളം ഭാരം കുറഞ്ഞു. ആ സമയത്ത് വൈറല്‍ ഇന്‍ഫെക്ഷന്‍ ബാധിച്ചിരുന്നു. കളിയിലെ സമ്മര്‍ദ്ദം കൂടിയായതോടെ യാഷ് തളര്‍ന്നു. നിലവില്‍ കളത്തില്‍ ഇറങ്ങാന്‍ പറ്റുന്ന സ്ഥിതിയിലല്ല അദ്ദേഹം,” ഹാര്‍ദിക്ക് വ്യക്തമാക്കി.
“ഒരാളുടെ വീഴ്ച മറ്റൊരാളുടെ വളര്‍ച്ചയ്ക്ക് കൂടെ കാരണമാകുന്നു. യാഷ് കളത്തിലേക്ക് മടങ്ങിയെത്തുന്നതിന് കുറച്ച് സമയമെടുക്കും,” മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിന് ശേഷം ഹാര്‍ദിക്ക് പറഞ്ഞു.
മുംബൈ ഇന്ത്യന്‍സിനെതിരെ 208 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയ ഗുജറാത്ത് 55 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് സ്വന്തമാക്കിയത്. അഞ്ചാം ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിക്കാനും നിലവിലെ ചാമ്പ്യന്മാര്‍ക്ക് സാധിച്ചു.