ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ വച്ച് നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കെത്താന്‍ യുവതാരങ്ങള്‍ക്ക് ഐപിഎല്‍ നിര്‍ണായകമാണ്. ഇന്ന് ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുള്ള പലരും ഐപിഎല്ലിലൂടെ തിളങ്ങിയെത്തിയവരാണ്. എന്നാല്‍ ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ യോഗ്യതയുള്ള താരമാരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹര്ഭജന് സിങ്.
സണ്‍റൈസേഴ്സിന്റെ പേസറായ ഉമ്രാന് മാലിക്കാണ് ഹര്‍ഭജന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്സിനെതിരായ അവസാന ഓവറില്‍ ഒരു റണ്‍സു പോലും വഴങ്ങാതെ മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. പഞ്ചാബിനെ 151 റണ്‍സിലൊതുക്കാനും ഉമ്രാനായി. ഉനദ്കട്ടിനും മലിങ്കയ്ക്കും ശേഷം ഈ നേട്ടം (വിക്കറ്റ് മെയ്ഡന്‍) കൈവരിക്കുന്ന ആദ്യ ബോളര്‍ കൂടിയാണ് ഉമ്രാന്.
“ഉമ്രാന് നീല ജേഴ്സി അണിയേണ്ട താരമാണ്, പറ്റുന്നത്ര വേഗം. ട്വന്റി ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ യോഗ്യതയുള്ള താരമാണ് ഉമ്രാനെന്ന് എനിക്കു തോന്നുന്നു. ഉമ്രാനൊരു മാച്ച് വിന്നറാകാന്‍ സാധിക്കും,” ഹര്ഭജന് സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷമായിരുന്നു ഉമ്രാന് ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചത്. ഈ സീസണില്‍ ഇതുവരെ ഒന്‍പത് വിക്കറ്റുകള്‍ നേടി.
വേഗതയാണ് ഉമ്രാന്റെ കരുത്ത്. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം ഡെയില്‍ സ്റ്റെയിനിന്റെ കീഴിലാണ് നിലവില്‍ പരിശീലനം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകന് ശ്രേയസ് അയ്യരിനെ യോര്‍ക്കറിലൂടെ പുറത്താക്കിയ ഉമ്രാന്റെ മികവ് ഏറെ ചര്‍ച്ചയായിരുന്നു.