ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും കരുത്തരായ ടീമുകളില്‍ ഒന്നാണ് മുംബൈ ഇന്ത്യന്‍സ്. 14 സീസണുകളില്‍ നിന്ന് അഞ്ച് കിരീടങ്ങള്‍ സ്വന്തമാക്കി. എന്നാല്‍ നടപ്പു സീസണില്‍ മുംബൈ കിതയ്ക്കുകയാണ്. പത്ത് കളികളില്‍ നിന്ന് കേവലം രണ്ട് ജയവുമായി പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്തും. ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാനത്തേക്ക് എത്തുന്നതിന് മുന്‍പ് തന്നെ പ്ലെ ഓഫ് കാണാതെ പുറത്താവുകയും ചെയ്തു.
ടീമിന്റെ പ്രധാന ആശങ്കകളില്‍ ഒന്ന് മുതിര്‍ന്ന താരം കീറോണ്‍ പൊള്ളാര്‍ഡിന്റെ ഫോമാണ്. 10 കളികളില്‍ നിന്ന് 129 റണ്‍സ് മാത്രമാണ് പൊള്ളാര്‍ഡിന്റെ സമ്പാദ്യം. നാല് വിക്കറ്റും താരം നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്‍സിനെതിരായ കളില്‍ 14 പന്തില്‍ നിന്ന് നാല് റണ്‍സായിരുന്നു നേടിയത്. മോശം ഫോമില്‍ തുടരുന്ന പൊള്ളാര്‍ഡ് യുവതാരങ്ങള്‍ക്ക് അവസരമൊരുക്കണമെന്നാണ് ആകാശ് ചോപ്ര പറയുന്നത്.
“മുംബൈ ഒരു മികച്ച ടീമിനെ പോലെ കളിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ ടീമില്‍ ഒരു മാറ്റം അനിവാര്യമാണ്. കിറോണ്‍ പൊള്ളാര്‍ഡിന് പകരം ഡെവാള്‍ഡ് ബ്രെവിസ് വരണം. എത്ര അവസരങ്ങള്‍ പൊള്ളാര്‍ഡിന് കൊടുക്കാന്‍ കഴിയും. അദ്ദേഹം റണ്‍സ് പോലും നേടുന്നില്ല. ചിലപ്പോള്‍ പൊള്ളാര്‍ഡിന്റെ ബോളിങ് ഉപകാരപ്പെട്ടേക്കാം. പൊള്ളാര്‍ഡിനോട് ടാറ്റ ബൈ ബൈ പറയാന്‍ സമയമായെന്ന് തോന്നുന്നു,” ചോപ്ര തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.
“ഇഷാന്‍ കിഷനും രോഹിത് ശര്‍മയും ഫോം കണ്ടെത്തിയിരിക്കുന്നു. അവര്‍ റണ്‍സ് നേടുന്നത് തുടരുമെന്ന് പ്രതീക്ഷിക്കാം. സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ സ്ഥിരതയോടെ കളിക്കുന്നുണ്ട്. പിന്നാലെ ടിം ഡേവിഡും എത്തുന്നതോടെ ബാറ്റിങ് സജ്ജമാകുന്നു. ജസ്പ്രിത് ബുംറ, ഡാനിയല്‍ സാംസ്, റിലെ മെരിടിത്ത് എന്നിവര്‍ ചേരുന്ന ബോളിങ് നിരയും മികച്ചതാണ്,” ചോപ്ര കൂട്ടിച്ചേര്‍ത്തു.
Also Read: മൂന്ന് ഗോള്‍ഡന്‍ ഡക്ക്, തുടര്‍ പരാജയങ്ങള്‍; പരിചിതമല്ലാത്ത പാതയിലൂടെ കോഹ്ലി