IPL 2023: സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് രാജസ്ഥാന്‍ റോയല്‍സ് താരം ആര്‍ അശ്വിന്‍. സഹതാരങ്ങളേയും സ്വയവും ട്രോളാന്‍ അശ്വിന് ഒരു മടിയുമില്ല. ഇപ്പോഴിതാ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തിന് ശേഷം രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിനേയും ട്രോളിയിരിക്കുകയാണ് അശ്വിന്‍.
മത്സരശേഷം വിജയാഹ്ളാദം പങ്കുവച്ചുകൊണ്ടാണ് അശ്വിനും സഞ്ജുവും ഒരു വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. സ്റ്റേഡിയത്തില്‍ സഞ്ജു ഫാന്‍സ് ആര്‍മി ഉണ്ടായിരുന്നെന്നും ഭക്ഷണം കഴിച്ചോയെന്ന് അവര്‍ ചോദിച്ചതായും അശ്വിന്‍ പറയുന്നു. തുടര്‍ന്നാണ് സഞ്ജുവിനെ എയറിലാക്കിക്കൊണ്ട് അശ്വിന്റെ ഡയലോഗ് എത്തിയത്.
സഞ്ജു രണ്ട് മുട്ട കഴിച്ചു എന്നാണ് അശ്വിന്‍ ആരാധകരോടായി പറഞ്ഞത്. ഡല്‍ഹി ക്യാപിറ്റല്‍സിനും ചെന്നൈക്കുമെതിരായ മത്സരങ്ങളില്‍ സഞ്ജു റണ്ണൊന്നുമെടുക്കാതെ പൂജ്യത്തിലായിരുന്നു പുറത്തായത്. ഇതാണ് അശ്വിന് ട്രോളാനുള്ള അവസരം ഒരുക്കി കൊടുത്തത്. അശ്വിന്റെ ഡയലോഗിന് പിന്നാലെ ഓംലറ്റ് ആയിരുന്നെന്നാണ് സഞ്ജു മറുപടി പറഞ്ഞത്.
തുടര്‍ന്ന് ചെന്നൈയെ അവരുടെ മൈതാനത്ത് വച്ച് കീഴടക്കിയതില്‍ സഞ്ജുവിന്റെ നായക മികവിനെ അശ്വിന്‍ പുകഴ്ത്തുകയും ചെയ്തു. അവസാനം വരെ കൂളായി നിന്നു ക്യാപ്റ്റനെന്നും ചെന്നൈയെ ചെപ്പോക്കില്‍ പരാജയപ്പെടുത്തുക എളുപ്പമല്ലെന്നും പറഞ്ഞ് സഞ്ജുവിന് ഹസ്തദാനവും അശ്വിന്‍ നല്‍കി.
ചെന്നൈക്കെതിരെ അവസാന പന്ത് വരെ നീണ്ട ത്രില്ലറിലായിരുന്നു രാജസ്ഥാന്റെ വിജയം. 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ പോരാട്ടം 172 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 17 പന്തില്‍ 32 റണ്‍സെടുത്ത ധോണിക്ക് ചെന്നൈക്കായി ജയം ഒരുക്കാനായില്ല. അവസാന ഓവറില്‍ സമ്മര്‍ദത്തെ അതിജീവിച്ച് ധോണിക്കെതിരെ പന്തെറിഞ്ഞ സന്ദീപ് ശര്‍മയാണ് രാജസ്ഥാന്റെ ജയം ഉറപ്പാക്കിയത്.