Gujarat Titans vs Rajasthan Royals Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 23-ാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മൂന്ന് വിക്കറ്റ് ജയം. 178 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ജയമൊരുക്കിയത് സഞ്ജു സാംസണും (60), ഷിമ്രോണ്‍ ഹെറ്റ്‌മെയറും (56) ചേര്‍ന്നാണ്.
178 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാനെ കാത്തിരുന്നത് മുഹമ്മദ് ഷമിയുടേയും ഹാര്‍ദിക് പാണ്ഡ്യയുടേയും അവിശ്വസനീയ ബോളിങ്ങായിരുന്നു. ജോസ് ബട്ട്ലര്‍ (0), യശസ്വി ജയ്സ്വാള്‍ (1) എന്നിവരെ ഇരുവരും ചേര്‍ന്ന് മടക്കി. ആദ്യ ആറ് ഓവറില്‍ രാജസ്ഥാന് നേടാനായത് കേവലം 26 റണ്‍സ് മാത്രമായിരുന്നു.
ദേവദത്ത് പടിക്കലിനെ കൂട്ടുപിടിച്ച് സഞ്ജു മൂന്നാം വിക്കറ്റില്‍ 43 റണ്‍സ് ചേര്‍ത്തു. ഒൻപതാം ഓവറിലാണ് പടിക്കല്‍ പുറത്തായത്. 26 റണ്‍സ് നേടിയ താരത്തെ റാഷിദ് ഖാനാണ് മടക്കിയത്. പിന്നീടെത്തിയ റിയാന്‍ പരാഗ് (5) വീണ്ടും നിരാശപ്പെടുത്തി. റാഷിദ് തന്നെയാണ് പരാഗിനേയും പുറത്താക്കിയത്. പിന്നീട് അഹമ്മദാബാദ് കണ്ടത് സഞ്ജുവിന്റെ മാസ്മരിക ഇന്നിങ്സായിരുന്നു.
റാഷിദ് ഖാനെതിരെ നാല് സിക്സറുകള്‍ താരം പായിച്ചു. അതില്‍ മൂന്നെണ്ണം ഒരു ഓവറില്‍ നിന്ന് മാത്രവും. രാജസ്ഥാനെ പിന്നില്‍ നിന്ന് സഞ്ജു കൈപിടിച്ച് ഉയര്‍ത്തുകയായിരുന്നു. മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തിലായിരുന്നു സഞ്ജു പുറത്തായത്. നൂര്‍ അഹമ്മദിന്റെ പന്തില്‍ ഡേവിഡ് മില്ലറാണ് സഞ്ജുവിനെ കൈകളില്‍ ഒതുക്കിയത്.
32 പന്തില്‍ നിന്ന് മൂന്ന് ഫോറും ആറ് സിക്സും പറത്തിയാണ് സഞ്ജു വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്. സഞ്ജുവിന്റെ മടക്കത്തിന് ശേഷം ഹെറ്റ്‌മെയര്‍ ഗിയര്‍ മാറ്റി. ദ്രുവ് ജൂറലും അവസരത്തിനൊത്ത് ഉയര്‍ന്നു (10 പന്തില്‍ 18). മൂന്ന് പന്തില്‍ 10 റണ്‍സുമായി രവി അശ്വിനും തന്റെ റോള്‍ കൃത്യമായി നിര്‍വഹിച്ചു. എന്നാല്‍ 26 പന്തില്‍ 56 റണ്‍സുമായി ഹെറ്റ്‌മെയറാണ് രാജസ്ഥാന് ജയം സമ്മാനിച്ചത്.
രണ്ട് ഫോറും അഞ്ച് സിക്സും ഹെറ്റ്‌മെയറിന്റെ ഇന്നിങ്സിലുണ്ടായി. ജയത്തോടെ അഞ്ച് കളികളില്‍ നിന്ന് നാല് ജയവുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും രാജസ്ഥാനായി. ഗുജറാത്തിന്റെ സീസണിലെ രണ്ടാം തോല്‍വിയാണിത്.
ഗുജറാത്ത് ഇന്നിങ്സില്‍ വൃദ്ധിമാന്‍ സാഹ ആദ്യ ഓവറില്‍ തന്നെ ട്രെന്‍ ബോളിട്ടിന് മുന്നില്‍ കീഴടങ്ങി. രണ്ടാം വിക്കറ്റില്‍ സായ് സുദര്‍ശന്‍ – ശുഭ്മാന്‍ ഗില്‍ കൂട്ടുകെട്ടിന് സ്കോറിങ്ങിന് വേഗത കൂട്ടാനുമായില്ല. സായ് 20 റണ്‍സില്‍ നില്‍ക്കെ റണ്ണൗട്ടാവുകയായിരുന്നു. പിന്നീടെത്തിയ ഹാര്‍ദിക് പാണ്ഡ്യ ഒരിക്കല്‍ കൂടി പ്രതീക്ഷ കാത്ത് സൂക്ഷിക്കാതെ പുറത്തായി.
19 പന്തില്‍ 28 റണ്‍സ് മാത്രമായിരുന്നു ഹാര്‍ദിക്കിന് നേടാനായത്. മറുവശത്ത് ക്രീസില്‍ ഒന്നാം ഓവര്‍ തൊട്ട് നങ്കൂരമിട്ട ഗില്ലാവട്ടെ 16-ാം ഓവറിലാണ് വീണത്. പക്ഷെ 45 റണ്‍സ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. നാല് ഫോറും ഒരു സിക്സും 34 പന്തുകള്‍ നേരിട്ട ഇന്നിങ്സില്‍ പിറന്നു. അഭിനവ് മനോഹര്‍ ഡേവിഡ് മില്ലര്‍ കൂട്ടുകെട്ടാണ് ഗുജറാത്ത് ഇന്നിങ്സിന് വേഗത നല്‍കിയത്.
23 പന്തില്‍ 45 റണ്‍സ് ഇരുവരും ചേര്‍ത്തു. മൂന്ന് സിക്സടക്കം 13 പന്തില്‍ 27 റണ്‍സെടുത്താണ് അഭിനവ് മടങ്ങിയത്. 30 പന്തില‍്‍ 46 റണ്‍സെടുത്ത മില്ലര്‍ അവസാന ഓവറിലാണ് പുറത്തായത്. മൂന്ന് ഫോറും രണ്ട് സിക്സും താരം നേടി. രാജസ്ഥാനായി സന്ദീപ് ശര്‍മ രണ്ടും ആദം സാമ്പ, ട്രെന്‍ ബോള്‍ട്ട്, ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ടീം ലൈനപ്പ്
ഗുജറാത്ത് ടൈറ്റൻസ്: വൃദ്ധിമാൻ സാഹ, ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ഹാർദിക് പാണ്ഡ്യ, അഭിനവ് മനോഹർ, ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, അൽസാരി ജോസഫ്, മുഹമ്മദ് ഷമി, മോഹിത് ശർമ.
രാജസ്ഥാൻ റോയൽസ്: ജോസ് ബട്ട്‌ലർ, യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ, റിയാൻ പരാഗ്, ഷിമ്‌റോൺ ഹെറ്റ്‌മെയർ, ധ്രുവ് ജൂറൽ, രവിചന്ദ്രൻ അശ്വിൻ, ട്രെന്‍ ബോൾട്ട്, ആദം സാമ്പ, സന്ദീപ് ശർമ, യുസുവേന്ദ്ര ചാഹൽ.
പ്രിവ്യു
പോയിന്റ് പട്ടികയുടെ തലപ്പത്താണ് രാജസ്ഥാന്‍. ഗുജറാത്തിനെതിരെ ഇറങ്ങുമ്പോള്‍ ലക്ഷ്യം ഹാട്രിക്ക് വിജയവും. ചെന്നൈ സൂപ്പര്‍ കിങ്സിനെ ചെപ്പോക്കില്‍ പോയി കീഴടക്കിയതിന് ആത്മവിശ്വാസവും സഞ്ജുവിനും കൂട്ടുര്‍ക്കുമുണ്ടാകും. കഴിഞ്ഞ രണ്ട് മത്സരങ്ങളും പൂജ്യത്തില്‍ പുറത്തായ സഞ്ജു സാംസണിന്റെ തിരിച്ചു വരവും രാജസ്ഥാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നുണ്ടാകും.
ബാറ്റിങ്ങില്‍ ഇത്തവണയും ജോസ് ബട്ട്ലറാണ് കരുത്ത്. നാല് കളികളില്‍ നിന്ന് താരം മൂന്ന് അര്‍ദ്ധ സെഞ്ചുറി നേടി. ഷിമ്രോണ്‍ ഹെയ്റ്റ്മെയറുടെ ഫോമും ഫിനിഷിങ് ജോലികള്‍ എളുപ്പമാക്കും. രവിചന്ദ്രന്‍ അശ്വിന്‍, യുസുവേന്ദ്ര ചഹല്‍, ആദം സാമ്പ സ്പിന്‍ ത്രയമാണ് സഞ്ജുവിന്റെ പ്രധാന അസ്ത്രം. സന്ദീപ് ശര്‍മയുടെ വരവ് ബോളിങ് നിരയെ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
റിങ്കു സിങ് ഷോക്കില്‍ നിന്ന് മുക്തിനേടി പഞ്ചാബിനെതിരെ വിജയം സ്വന്തമാക്കി ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഗുജറാത്തിനായിട്ടുണ്ട്. ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, വൃദ്ധിമാന്‍ സാഹ, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍ എന്നിവര്‍ ഫോമിലുമാണ്. എന്നാല്‍ കഴിഞ്ഞ സീസണിന് വിപരീതമായി ബാറ്റിങ്ങിലും ബോളിങ്ങിലും ഹാര്‍ദിക് പാണ്ഡ്യ പരാജയപ്പെടുകയാണ്.
റാഷിദ് ഖാനും മുഹമ്മദ് ഷമിയും നയിക്കുന്ന ബോളിങ് നിരയില്‍ വലിയ ആശങ്കകളില്ലെന്ന് പറയാം. മോഹിത് ശര്‍മയുടെ തിരിച്ചുവരവ് ടീമിന് മുതല്‍കൂട്ടാകും. അല്‍സാരി ജോസഫും ജോഷ്വ ലിറ്റിലും വിക്കറ്റ് വേട്ട തുടരുന്നതും രാജസ്ഥാന് കാര്യങ്ങള്‍ കടുപ്പമാക്കിയേക്കും.