Gujarat Titans vs Lucknow Super Giants Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലിഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 51-ാം മത്സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 56 റണ്‍സിന്റെ കൂറ്റന്‍ ജയം. ഗുജറാത്ത് ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്നൗവിന്റെ പോരാട്ടം 171-7 എന്ന നിലയില്‍ അവസാനിച്ചു
ലക്നൗവിനായി ക്വിന്റണ്‍ ഡി കോക്ക് (70), കെയില്‍ മേഴ്സ് (48) എന്നിവര്‍ പൊരുതി. നാല് ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത മോഹിത് ശര്‍മയാണ് ലക്നൗ ബാറ്റിങ് നിരയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയത്. നേരത്തെ ശുഭ്മാന്‍ ഗില്‍ (94*), വൃദ്ധിമാന്‍ സാഹ (81) എന്നിവരുടെ ഇന്നിങ്സാണ് ഗുജറാത്തിന് ഉയര്‍ന്ന സ്കോര്‍ സമ്മാനിച്ചത്.
ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ലക്നൗ നായകന്‍ ക്രുണാല്‍ പാണ്ഡ്യയുടെ തീരുമാനം തെറ്റായിരുന്നെന്ന് ഗുജറാത്ത് തെളിയിച്ചു. ഒന്നാം വിക്കറ്റില്‍ വൃദ്ധിമാന്‍ സാഹ – ശുഭ്മാന്‍ ഗില്‍ സഖ്യം നേടിയത് 142 റണ്‍സാണ്, അതും കേവലം 12.1 ഓവറില്‍. 20 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ച സാഹ 81 റണ്‍സെടുത്താണ് മടങ്ങിയത്.
ആവേശ് ഖാന്റെ പന്തില്‍ പുറത്താകുമ്പോള്‍ സാഹയുടെ ഇന്നിങ്സില്‍ പത്ത് ഫോറും നാല് സിക്സും പിറന്നു. 29 പന്തില്‍ അര്‍ദ്ധ ശതകം പിന്നി ഗില്ലും ലക്നൗ ബോളര്‍മാരെ കണക്കിന് ശിക്ഷിച്ചു. രണ്ടാം വിക്കറ്റില്‍ ഹാര്‍ദിക് പാണ്ഡ്യയുമായി ചേര്‍ന്ന് 42 റണ്‍സാണ് ഗില്‍ കണ്ടെത്തിയത്. 15 പന്തില്‍ 25 റണ്‍സെടുത്ത ഹാര്‍ദിക്കിന് പുറത്താക്കിയത് മോഹ്സിന്‍ ഖാനാണ്.
18-ാം ഓവറില്‍ ഗുജറാത്തിന്റെ സ്കോര്‍ 200 കടന്നു. അവശേഷിച്ച രണ്ട് ഓവറില്‍ 25 റണ്‍സ് നേടി ഐപിഎല്‍ ചരിത്രത്തിലെ ഗുജറാത്തിന്റെ ഉയര്‍ന്ന സ്കോര്‍ സ്ഥാപിക്കാന്‍ ഗില്ലിനും മില്ലറിനുമായി. 51 പന്തില്‍ 94 റണ്‍സുമായാണ് ഗില്‍ പുറത്താകാതെ നിന്നത്. രണ്ട് ഫോറും ഏഴ് സിക്സും താരം നേടി. മില്ലര്‍ 12 പന്തില്‍ 21 റണ്‍സാണ് നേടിയത്.
പ്രിവ്യു
ലക്നൗ ബാറ്റിങ് നിരയുടെ നെടുംതൂണായ നായകന്‍ കെ എല്‍ രാഹുലിന്റെ അഭാവത്തിലാണ് ലക്നൗ ഇന്ന് ഇറങ്ങുന്നത്. രാഹുലിന് പകരം മലയാളി താരം കരുണ്‍ നായരിനെ ടീമിലെടുത്തിട്ടുണ്ട്. കരുണിന് രാഹുലിന്റെ വിടവ് നികത്താന്‍ സാധിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. ലക്നൗവിന്റെ ഫോമും അത്ര ശുഭകരമല്ല, അവസാന അഞ്ച് കളികളില്‍ രണ്ട് ജയം മാത്രമാണുള്ളത്.
ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ ആയുഷ് ബഡോണി മാത്രമാണ് ബാറ്റിങ് നിരയില്‍ തിളങ്ങിയത്. മാര്‍ക്കസ് സ്റ്റോയിനിസ്, കെയില്‍ മേയേഴ്സ്, ക്രുണാല്‍ പാണ്ഡ്യ, നിക്കോളാസ് പൂരാന്‍ എന്നിവരുടെ നിറംമങ്ങിയ പ്രകടനങ്ങളും ലക്നൗവിന്റെ വിജയസാധ്യതകളെ ചോദ്യം ചെയ്യുന്നവയാണ്.
മറുവശത്ത് ഉജ്വല ഫോമിലാണ് ഗുജറാത്ത്. അവസാന അഞ്ച് മത്സരങ്ങളില്‍ നാലിലും ജയം. രാജസ്ഥാന്‍ റോയല്‍സിനെ 37 പന്ത് ബാക്കി നില്‍ക്കെ ഒന്‍പത് വിക്കറ്റിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസം ഗുജറാത്തിനെ കൂടുതല്‍ അപകടകാരികളാക്കുന്നു. ബാറ്റിങ് നിരയിലും ബോളിങ്ങിലും ഗുജറാത്തിന് ആശങ്കപ്പെടാന്‍ ഒന്നും തന്നെയില്ല.
മാച്ച് വിന്നേഴ്സിനാല്‍ സമ്പന്നമാണ് ടീം. ഹാര്‍ദിക്ക് പാണ്ഡ്യ, ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, ഡേവിഡ് മില്ലര്‍, വിജയ് ശങ്കര്‍, റാഷിദ് ഖാന്‍, മുഹമ്മദ് ഷമി, നൂര്‍ അഹമ്മദ് തുടങ്ങി ടീമിലെ പ്രധാനികളെല്ലാം ഫോമിലാണ്. എന്നാല്‍ ദേശീയ ടീമിലേക്ക് മടങ്ങി പോയ ജോഷ്വ ലിറ്റിലിന്റെ അസാന്നിധ്യത്തെ ഗുജറാത്തിന് മറികടക്കേണ്ടതുണ്ട്.