Gujarat Titans vs Delhi Capitals Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 44-ാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് അഞ്ച് റണ്‍സ് തോല്‍വി. 131 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന്റെ പോരാട്ടം 125 റണ്‍സില്‍ അവസാനിച്ചു.
ഗുജറാത്തിനായി ഹാര്‍ദിക് പാണ്ഡ്യ (59) അര്‍ദ്ധ സെഞ്ചുറി നേടി പുറത്താകാതെ നിന്നെങ്കിലും ജയം സ്വന്തമാക്കാനായില്ല. അവസാന ഓവറില്‍ 12 റണ്‍സ് പ്രതിരോധിക്കവെ കേവലം ആറ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയ ഇഷാന്ത് ശര്‍മയാണ ഡല്‍ഹിയുടെ ജയം ഉറപ്പാക്കിയത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയെ കാത്തിരുന്നത് മുഹമ്മദ് ഷമിയുടെ തീയുണ്ടകളായിരുന്നു. പവര്‍പ്ലെയില്‍ മൂന്ന് ഓവറില്‍ കേവലം ഏഴ് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് ഷമി പിഴുതത്. ഫില്‍ സാള്‍ട്ട് (0), പ്രിയം ഗാര്‍ഗ് (10), റീലി റൂസൊ (8), മനീഷ് പാണ്ഡെ (1) എന്നിവരാണ് ഷമിക്ക് മുന്നില്‍ കീഴടങ്ങി പവലിയനിലെത്തിയത്.
ഡേവിഡ് വാര്‍ണര്‍ (2) റണ്ണൗട്ടും ആയതോടെ ഡല്‍ഹിക്ക് പവര്‍പ്ലെയില്‍ തന്നെ അഞ്ച് വിക്കറ്റ് നഷ്ടമായി. ആറാം വിക്കറ്റില്‍ അക്സര്‍ പട്ടേലും അമന്‍ ഖാനും നടത്തിയ ചെറുത്തു നില്‍പ്പാണ് ഡല്‍ഹിയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഇരുവരും 50 റണ്‍സാണ് ചേര്‍ത്തത്. 27 റണ്‍സെടുത്ത അക്സറിനെ മടക്കി മോഹിത് ശര്‍മയാണ് കൂട്ടുകെട്ട് പൊളിച്ചത്.
15-ാം ഓവറിന് ശേഷം അമന്‍ ഖാന്‍ സ്കോറിങ്ങിന് വേഗം കൂട്ടാന്‍ ആരംഭിച്ചു. 32 പന്തില്‍ നിന്ന് 24 റണ്‍സ് മാത്രമായിരുന്നു അതുവരെ അമാന്റെ സമ്പാദ്യം. എന്നാല്‍ 41-ാം പന്തില്‍ അമന്‍ അര്‍ദ്ധ ശതകം കുറിച്ചു. കരിയറിലെ തന്നെ അമന്റെ ആദ്യ അര്‍ദ്ധ ശതകമാണിത്. അമനൊപ്പം റിപല്‍ പട്ടേലും ചേര്‍ന്നതോടെ ഡല്‍ഹി സ്കോറിന് കുതിപ്പുണ്ടായി.
19-ാം ഓവറില്‍ 51 റണ്‍സെടുത്ത് മടങ്ങിയതോടെ 53 റണ്‍സ് കൂട്ടുകെട്ടും പൊളിഞ്ഞു. 27 പന്തുകളില്‍ നിന്നായിരുന്നും റിപല്‍ – അമന്‍ സഖ്യം 53 റണ്‍സെടുത്തത്. മൂന്ന് വീതം ഫോറും സിക്സും അമന്റെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. റാഷിദ് ഖാനായിരുന്നു വിക്കറ്റ് നേട്ടം.
13 പന്തില്‍ 23 റണ്‍സെടുത്ത് അവസാന ഓവറിലാണ് റിപല്‍ പുറത്തായത്. രണ്ട് ഫോറും ഒരു സിക്സും താരം നേടി. മുഹമ്മദ് ഷമിക്ക് പുറമെ ഗുജറാത്തിനായി മോഹിത് ശര്‍മ രണ്ടും റാഷിദ് ഖാന്‍ ഒരു വിക്കറ്റും നേടി.
പ്രിവ്യു
വൈകിയാണെങ്കിലും സൂപ്പര്‍ താരം മിച്ചല്‍ മാര്‍ഷ് ഫോമിലേക്ക് ഉയര്‍ന്നത് ഡല്‍ഹി ക്യാപിറ്റല്‍സിന് ആശ്വാസമാണ്. അവശേഷിക്കുന്ന ആറ് മത്സരങ്ങളില്‍ ഒന്നില്‍ പോലും തോല്‍ക്കാന്‍ ഡല്‍ഹിക്കാവില്ല. തോല്‍വി വഴങ്ങിയാല്‍ പ്ലെ ഓഫ് സാധ്യതയും മങ്ങും. ബാറ്റിങ്ങില്‍ മാര്‍ഷ്, ഫില്‍ സാള്‍ട്ട്, അക്സര്‍ പട്ടേല്‍ എന്നിവരൊഴികെയാരും റണ്‍സ് കണ്ടെത്തുന്നില്ല എന്നതും തിരിച്ചടിയാണ്.
ബോളിങ്ങില്‍ കഴിഞ്ഞ കുറച്ച് മത്സരങ്ങളായി ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ ഡല്‍ഹിക്കാവുന്നുണ്ട്. മാര്‍ഷ് ഫോമിലായതും ഇഷാന്ത് ശര്‍മയുടെ വരവും ബോളിങ് നിരയുടെ പ്രകടനം ഉയര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. കുല്‍ദീപ് യാദവ് – അക്സര്‍ സ്പിന്‍ ദ്വയം മധ്യ ഓവറുകളില്‍ റണ്ണൊഴുക്ക് തടയുന്നതില്‍ നിര്‍ണായകമാകും.
മറുവശത്ത് പോയിന്റ് പട്ടികയുടെ തലപ്പത്ത് എത്തിയ ഗുജറാത്തിന് കാര്യങ്ങള്‍ എളുപ്പമാണ്. ബോളിങ് നിരയും ബാറ്റിങ് യൂണിറ്റും ഒരുപോലെ ഫോമില്‍. ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം മികവ് പുലര്‍ത്തുന്നു. ഫിനിഷറുടെ റോള്‍ രാഹുല്‍ തേവാത്തിയയുടെ കൈകളില്‍ ഭദ്രമാണ്.
മുഹമ്മദ് ഷമി – ഹാര്‍ദിക് ദ്വയം പവര്‍പ്ലെയില്‍ എതിര്‍ ടീമിന്റെ ബാറ്റിങ് നിരയ്ക്ക് സ്ഥിരതയോടെ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. വിക്കറ്റ് വീഴ്ത്താന്‍ ഇരുവര്‍ക്കും കഴിയാതെ പോകുന്ന പവര്‍പ്ലെകള്‍ ചുരുക്കമാണ്. റാഷിദ് ഖാന്‍ – നൂര്‍ അഹമ്മദ് അഫ്ഗാന്‍ സ്പിന്‍ ദ്വയവും ഹാര്‍ദിക് പ്രതീക്ഷിക്കുന്ന ഫലം നല്‍കുന്നുണ്ട്.