Gujarat Titans vs Chennai Super Kings Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 16-ാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് വിജയം. ചെന്നൈ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം നാല് പന്ത് ബാക്കി നില്‍ക്കെയാണ് ഗുജറാത്ത് മറികടന്നത്. അര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ് (63) ഗുജറാത്തിന്റെ ടോപ് സ്കോറര്‍.
നിലവിലെ ചാമ്പ്യന്മാര്‍ക്ക് മികച്ച തുടക്കമാണ് ശുഭ്മാന്‍ ഗില്ലും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് നല്‍കിയത്. 37 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ പിറന്നത്. സാഹയെ (25) മടക്കി രാജ്വർദ്ധൻ ഹംഗർഗേക്കർ മടക്കിയെങ്കിലും ഗില്ലും സായി സുദര്‍ശനും ചേര്‍ന്ന് ഗുജറാത്ത് ഇന്നിങ്സ് മുന്നോട്ട് പോയി. രണ്ടാം വിക്കറ്റ് വീഴ്ത്താന്‍ ഗുജറാത്തിന് പത്താം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു.
36 പന്തില്‍ നിന്നാണ് ഗില്‍ 63 റണ്‍സ് നേടിയത്. സായ് സുദര്‍ശന്‍ (22), വിജയ് ശങ്കര്‍ (27) എന്നിവരാണ് മറ്റ് പ്രധാന സ്കോറര്‍മാര്‍. അവസാന മൂന്ന് ഓവറില്‍ 30 റണ്‍സായിരുന്നു ഗുജറാത്തിന് ആവശ്യമായിരുന്നു. രാഹുല്‍ തേവാട്ടിയയും (15*) റാഷീദ് ഖാനും ( മൂന്ന് പന്തില്‍ 10 റണ്‍സ്) ചേര്‍ന്ന് അനായാസം ലക്ഷ്യം മറികടക്കുകയായിരുന്നു.
ആദ്യ ബാറ്റ് ചെയ്ത ചെന്നൈ റുതുരാജ് ഗെയ്ക്വാദിന്റെ അര്‍ദ്ധ സെഞ്ചുറി (92) മികവിലാണ് ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തിയത്. മൂന്നാം ഓവറില്‍ ഡെവോണ്‍ കോണ്‍വെയെ ബൗള്‍ഡാക്കി സീസണിലെ ആദ്യ വിക്കറ്റ് മുഹമ്മദ് ഷമി തന്റെ പേരിലാക്കി. മൂന്നാമനായെത്തിയ ബെന്‍ സ്റ്റോക്സിനെ കൂട്ടുപിടിച്ചായിരുന്നു റുതുരാജ് പിന്നീട് ഇന്നിങ്സ് നയിച്ചത്.
മൊയീന്‍ സ്കോറിങ്ങിന് വേഗം കൂട്ടാന്‍ കഴിയാതെ നിന്നപ്പോഴും റുതുരാജിന്റെ ബാറ്റില്‍ നിന്ന് അനായാസം ബൗണ്ടറികള്‍ പിറന്നു. റാഷിദ് ഖാന്റെ പന്തില്‍ വൃദ്ധിമാന്‍ സാഹയുടെ കൈകളില്‍ മൊയീന്റെ പോരാട്ടം അവസാനിച്ചു. 17 പന്തില്‍ 23 റണ്‍സാണ് താരം നേടിയത്. ചെന്നൈക്കായി അരങ്ങേറിയ ബെന്‍ സ്റ്റോക്സിനും (7) കാര്യമായി സംഭാവന ചെയ്യാനായില്ല.
അല്‍സാരി ജോസഫ് എറിഞ്ഞ ഒന്‍പതാം ഓവറില്‍ മൂന്ന് സിക്സറുകളാണ് റുതുരാജ് പായിച്ചത്. 23 പന്തില്‍ അര്‍ദ്ധ സെഞ്ചുറി പിന്നിടാനും റുതുരാജിനായി. നാലാം വിക്കറ്റില്‍ അമ്പട്ടി റായിഡുവിനൊത്ത് 51 റണ്‍സാണ് റുതുരാജ് ചേര്‍ത്തത്. 12 റണ്‍സെടുത്ത റായിഡു ജോഷ്വ ലിറ്റിലിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു.
ഒരുവശത്ത് സഹതാരങ്ങള്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചപ്പോഴും റുതുരാജ് കൂറ്റനടികള്‍ തുടരുകയായിരുന്നു. 18-ാം ഓവറിലെ ആദ്യ പന്തിലാണ് റുതുരാജ് പുറത്തായത്. അല്‍സാരിയുടെ ഫുള്‍ടോസ് ബൗണ്ടറി കടത്താന്‍ ശ്രമിച്ചെങ്കിലും ശുഭ്മാന്‍ ഗില്ലിന്റെ അത്യുഗ്രന്‍ ക്യാച്ച് തടയുകയായിരുന്നു. നാല് ഫോറും ഒന്‍പത് സിക്സുമടക്കം 50 പന്തില്‍ 92 റണ്‍സാണ് റുതുരാജ് നേടിയത്.
രവീന്ദ്ര ജഡേജയേയും (1) അതേ ഓവറില്‍ പുറത്താക്കി അല്‍സാരി ചെന്നൈക്ക് ഇരട്ട പ്രഹരം നല്‍കി. 19-ാം ഓവറില്‍ ഷമി ശിവം ഡൂബെയേയും പവലിയനിലേക്ക് അയച്ചു. 19 റണ്‍സ് മാത്രമാണ് ഡൂബേക്ക് നേടാനായത്. എന്നാല്‍ അവസാന ഓവറില്‍ ധോണി തന്റെ ഫിനിഷര്‍ കുപ്പായം അണിയുകയായിരുന്നു. ഏഴ് പന്തില്‍ 14 റണ്‍സെടുത്ത ധോണിയാണ് ചെന്നൈ സ്കോര്‍ 175 കടത്തിയത്.
ടീമുകള്‍
ചെന്നൈ സൂപ്പർ കിങ്സ്: ഡെവോൺ കോൺവെ, റുതുരാജ് ഗെയ്‌ക്‌വാദ്, ബെൻ സ്‌റ്റോക്‌സ്, അമ്പാട്ടി റായിഡു, മൊയിൻ അലി, ശിവം ഡൂബെ, എംഎസ് ധോണി, രവീന്ദ്ര ജഡേജ, മിച്ചൽ സാന്റ്‌നർ, ദീപക് ചഹർ, രാജ്വർധൻ ഹംഗാർഗേക്കർ
സബ്സ്റ്റിറ്റ്യൂട്ട്സ്: തുഷാർ ദേശ്പാണ്ഡെ, ശുഭ്രാംശു സേനാപതി, ഷായ്ക് റാഷിദ്, അജിങ്ക്യ രഹാനെ, നിശാന്ത് സിന്ധു.
ഗുജറാത്ത് ടൈറ്റൻസ്: വൃദ്ധിമാൻ സാഹ, ശുഭ്മാൻ ഗിൽ, കെയിന്‍ വില്യംസൺ, ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കർ, രാഹുൽ തേവാട്ടിയ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി, ജോഷ്വ ലിറ്റിൽ, യാഷ് ദയാൽ, അൽസാരി ജോസഫ്.
സബ്സ്റ്റിറ്റ്യൂട്ട്സ്: ബി സായ് സുദർശൻ, ജയന്ത് യാദവ്, മോഹിത് ശർമ്മ, അഭിനവ് മനോഹർ, കെ എസ് ഭരത്.