ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടമവസാനിച്ച് ഐപിഎല്‍ പ്ലെ ഓഫീലേക്ക് കടന്നിരിക്കുകയാണ്. മികവുറ്റ പ്രകടനവുമായി തങ്ങളുടെ കന്നി ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും അവസാന നാലിലെത്തി. ആദ്യ സീസണിലെ ചാമ്പ്യന്മാരായ രാജസ്ഥാന് റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമാണ് പ്ലെ ഓഫിലെത്തിയ മറ്റ് രണ്ട് ടീമുകള്‍.
രാജസ്ഥാന് റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ആദ്യ പ്ലെ ഓഫിന് മുന്നോടിയായി ആരോക്കെ കലാശപ്പോരിലേക്കെത്തുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാന്.
“ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കീഴടക്കി രാജസ്ഥാന് ഫൈനലിലേക്ക് കുതിക്കും. ഗുജറാത്തും രാജസ്ഥാനുമാണ് സീസണിലെ ഏറ്റവും മികച്ച ടീമുകള്‍. ഇരുടീമുകളും തന്നെ കലാശപ്പോരിലും ഏറ്റുമുട്ടും,” സ്റ്റാര്‍ സ്പോര്‍ട്സിലെ ക്രിക്കറ്റ് ലൈവ് എന്ന പരിപാടിയില്‍ സ്വാന് പറഞ്ഞു.
ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ചെടുത്താണ് ഗുജറാത്ത് പ്ലെ ഓഫിലേക്ക് യോഗ്യത നേടിയത്. 14 മത്സരങ്ങളില്‍ നിന്ന് 10 ജയവുമായി 20 പോയിന്റുകളും നേടി. സീസണില്‍ 10 മത്സരങ്ങള്‍ ജയിച്ച ഏക ടീമാണ് ഗുജറാത്ത്.
ജോസ് ബട്ലര്, യുസ്വേന്ദ്ര ചഹല്‍ തുടങ്ങിയവരുടെ മിന്നും പ്രകടനമാണ് രാജസ്ഥാന് തുണയായത്. വിക്കറ്റ് വേട്ടയിലും റണ്‍ വേട്ടയിലും ഇരുവരുമാണ് ഒന്നാം സ്ഥാനത്ത്. ഗുജറാത്തിന് പിന്നിലാണ് രണ്ടാം സ്ഥാനത്താണ് രാജസ്ഥാന് ലീഗ് ഘട്ടം അവസാനിപ്പിച്ചത്.
Also Read: കാപ്റ്റനായി ഹാർദിക്, ഫിനിഷറായി ദിനേശ് കാർത്തിക്; ഈ ഐപിഎൽ സീസണിലെ മികച്ച ഇലവൻ