ബാറ്റുകൊണ്ട് തിളങ്ങാന്‍ ഈ ഐപിഎല്‍ സീസണില്‍ വിരാട് കോഹ്ലിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ കോഹ്ലിയുടെ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് പ്ലെ ഓഫ് യോഗ്യത നേടാന്‍ സാധിക്കാതെ പോയി.
അവസാന ലീഗ് മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സെഞ്ചുറി നേടി ഒറ്റയാള്‍ പോരാട്ടത്തിലൂടെ കോഹ്ലി ടീമിന് മികച്ച സ്കോര്‍ സമ്മാനിച്ചിരുന്നു. എന്നാല്‍ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറി മികവില്‍ ഗുജറാത്ത് അനായാസം ലക്ഷ്യം മറികടക്കുകയായിരുന്നു.
ടൂര്‍ണമെന്റില്‍ നിന്നുള്ള പുറത്താകലിന് പിന്നാലെ മൗനം വെടിഞ്ഞ് തന്റെ നിരാശ വെളിപ്പെടുത്തിയിരിക്കുകയാണ് വിരാട് കോഹ്ലി ഇപ്പോള്‍.
“എല്ലാ നിമിഷങ്ങളും ഉള്‍പ്പെട്ട സീസണ്‍, പക്ഷെ ലക്ഷ്യത്തിനരികെ വീണു. നിരാശയുണ്ട്, പക്ഷെ നമ്മള്‍ തല ഉയര്‍ത്തി നില്‍ക്കണം. എല്ലാ തലങ്ങളും പിന്തുണച്ചവര്‍ക്ക് നന്ദി,” കോഹ്ലി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.
“പരിശീലകര്‍, മാനേജ്മെന്റ്, ടീം അംഗങ്ങള്‍ എല്ലാവര്‍ക്കും നന്ദി. ശക്തമായി തിരിച്ചുവരികയാണ് ലക്ഷ്യം,” കോഹ്ലി കൂട്ടിച്ചേര്‍ത്തു.