ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) പതിനാറാം സീസണില്‍ സ്ഥിരതയില്ലാത്ത പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പുറത്തെടുക്കുന്നത്. എട്ട് കളികളില്‍ നിന്ന് നാല് വീതം ജയവും തോല്‍വിയുമാണ് ടീമിനുള്ളത്.
ഫാഫ് ഡു പ്ലെസിസ് (422), വിരാട് കോഹ്ലി (333), ഗ്ലെന്‍ മാക്സ്വല്‍ (258) എന്നിവരാണ് ബാംഗ്ലൂരിനായി മികവ് പുലര്‍ത്തുന്നത്. എന്നാല്‍ മധ്യനിര ടൂര്‍ണമെന്റിലുടനീളം പരാജയപ്പെട്ടു. പ്രധാനമായും ദിനേഷ് കാര്‍ത്തിക്കിന്റെ ഫോമില്ലായ്മയാണ് തിരിച്ചടി.
കഴിഞ്ഞ സീസണില്‍ 16 മത്സരങ്ങളില്‍ നിന്ന് 183.33 പ്രഹരശേഷിയില്‍ 330 റണ്‍സാണ് കാര്‍ത്തിക്ക് നേടിയത്. ഈ പ്രകടനമായിരുന്നു കാര്‍ത്തിക്കിനെ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് എത്തിച്ചത്. എന്നാല്‍ ഈ സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 83 റണ്‍സ് മാത്രമാണ് കാര്‍ത്തിക്കിന് നേടാനായത്. പ്രഹരശേഷിയാകട്ടെ 131.75.
കാര്‍ത്തിക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍താരം ഇര്‍ഫാന്‍ പത്താന്‍.
“ബാംഗ്ലൂരിന്റെ മധ്യനിര ദുര്‍ബലമാണ്. കൂറ്റന്‍ സ്കോറുകള്‍ പിന്തുടരുമ്പോള്‍ കാര്‍ത്തിക്കില്‍ കൂടുതല്‍ ഉത്തരവാദിത്തം വരുന്നു. എന്നാല്‍ കഴിഞ്ഞ എട്ട് കളികളിലായി കാര്‍ത്തിക്കിന് തെളിയിക്കാനായിട്ടില്ല. ബാംഗ്ലൂര്‍ മാനേജ്മെന്റ് ഇക്കാര്യം വളരെ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്,” പത്താന്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.
കോഹ്ലി, മാക്സ്വല്‍, ഫാഫ് ത്രയം പരാജയപ്പെട്ടാല്‍ എന്ത് ചെയ്യണമെന്ന കാര്യവും ബാംഗ്ലൂര്‍ ചിന്തിക്കണമെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു.