Delhi Capitals vs Sunrisers Hyderabad Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ജയം. ഹൈദരാബാദ് ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയുടെ പോരാട്ടം ഒന്‍പത് റണ്‍സ് അകലെ അവസാനിച്ചു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് ഒരിക്കല്‍ക്കൂടി പരാജയപ്പെടുന്നതാണ് അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ കണ്ടത്. മുന്‍നിരയും മധ്യനിരയും ശീലം ആവര്‍ത്തിച്ചു, പോരായ്മകള്‍ തുടരുന്നു. പക്ഷെ ഏതെങ്കിലും ഒരു ബാറ്റര്‍ തിളങ്ങുന്ന പതിവ് ഹൈദരാബാദ് ഉപേക്ഷിച്ചില്ല. ഇത്തവണ ഓപ്പണര്‍ അഭിഷേക് ശര്‍മയും, ഹെന്‍റിച്ച് ക്ലാസനുമായിരുന്നു രക്ഷകരുടെ റോള്‍.
മായങ്ക് അഗര്‍വാള്‍ (5), രാഹുല്‍ ത്രിപാതി (10), എയ്ഡന്‍ മാര്‍ക്രം (8), ഹാരി ബ്രൂക്ക് (0), അബ്ദുള്‍ സമദ് (28) എന്നിവരാണ് ഹൈദരാബാദ് നിരയില്‍ തിളങ്ങാതെ പോയത്. ഒരു വശം വീഴുമ്പോഴും 36 പന്തില്‍ 67 റണ്‍സുമായി മിന്നും പ്രകടനം കാഴ്ചവച്ച അഭിഷേകായിരുന്നു ഹൈദരാബാദിന് അടിത്തറ പാകിയത്. 12 ഫോറും ഒരു സിക്സും താരം നേടി.
27 പന്തില്‍ നാല് സിക്സും മൂന്ന് ഫോറും ഉള്‍പ്പടെ 53 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്ലാസനാണ് ഹൈദരാബാദിന്റെ സ്കോര്‍ 190 കടത്തിയത്. 10 പന്തില്‍ 16 റണ്‍സുമായി അക്കീല്‍ ഹോസൈന്‍ പുറത്താകാതെ നിന്നു. ഡല്‍ഹിക്കായി മിച്ചല്‍ മാര്‍ഷ് നാലും ഇഷാന്ത് ശര്‍മ അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ടീം ലൈനപ്പ്
ഡൽഹി ക്യാപിറ്റൽസ്: ഡേവിഡ് വാർണർ, ഫിലിപ്പ് സാൾട്ട്, മിച്ചൽ മാർഷ്, മനീഷ് പാണ്ഡെ, പ്രിയം ഗാർഗ്, അക്സർ പട്ടേൽ, റിപാൽ പട്ടേൽ, കുൽദീപ് യാദവ്, ആൻറിച്ച് നോര്‍ക്കെ, ഇഷാന്ത് ശർമ, മുകേഷ് കുമാർ.
സൺറൈസേഴ്‌സ് ഹൈദരാബാദ്: ഹാരി ബ്രൂക്ക്, മായങ്ക് അഗർവാൾ, രാഹുൽ ത്രിപാഠി, എയ്ഡൻ മർക്രം, ഹെൻറിച്ച് ക്ലാസൻ, അഭിഷേക് ശർമ, അബ്ദുൾ സമദ്, അകേൽ ഹൊസൈൻ, ഭുവനേശ്വർ കുമാർ, മായങ്ക് മാർക്കണ്ഡെ, ഉമ്രാന്‍ മാലിക്ക്.
പ്രിവ്യു
കഴിഞ്ഞ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ഹൈദരാബാദിനെ കീഴടക്കാന്‍ ഡല്‍ഹിക്കായിരുന്നു. 144 എന്ന ചെറിയ സ്കോര്‍ ഉയര്‍ത്തി പ്രതിരോധിച്ചായിരുന്നു വാര്‍ണറിന്റേയും കൂട്ടരുടേയും ജയം. അക്സര്‍ പട്ടേല്‍, ആന്റിച്ച് നോര്‍ക്കെ, ഇഷാന്ത് ശര്‍മ എന്നിവരുടെ മികച്ച ബോളിങ്ങ് പ്രകടനമായിരുന്നു ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചത്.
എന്നാല്‍ ബാറ്റിങ്ങില്‍ ആശങ്കപ്പെടാന്‍ നിരവധി കാര്യങ്ങള്‍ ഡല്‍ഹിക്കുണ്ട്. പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, സര്‍ഫറാസ് ഖാന്‍ എന്നിവരുടെ ഫോം തന്നെയാണ് ടീമിന്റെ തലവേദന. വാര്‍ണര്‍ റണ്‍സ് കണ്ടെത്തുന്നുണ്ടെങ്കിലും സ്ട്രൈക്ക് റേറ്റ് കുറവാണ്. ഇത് മധ്യനിരയുടേയും ഫിനിഷര്‍മാരുടേയും ജോലി ഇരട്ടിയാക്കുന്നു.
മറുവശത്ത് ഹാട്രിക്ക് തോല്‍വിയുടെ ക്ഷീണത്തിലാണ് ഹൈദരാബാദ്. ലോകോത്തര ബാറ്റിങ്, ബോളിങ് യൂണിറ്റുകള്‍ ഉണ്ടായിട്ടും വിജയം അഞ്ച് തവണയാണ് നിഷേധിക്കപ്പെട്ടത്. ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ഖണ്ഡെ, ടി നടരാജന്‍, ഉമ്രാന്‍ മാലിക്ക് തുടങ്ങിയവരെല്ലാം സീസണില്‍ മികവ് പുലര്‍ത്തുന്നുണ്ടെന്നത് ടീമിന്റെ കരുത്താണ്.
ബാറ്റിങ് നിരയിലേക്ക് എത്തിയാല്‍ ഹാരി ബ്രൂക്കിന്റെ സെഞ്ചുറിയും നായകന്‍ എയ്ഡന്‍ മാര്‍ക്രം, ക്ലാസന്‍ എന്നിവരുടെ ചില പ്രകടനങ്ങളും മാത്രമാണ് സീസണിലുള്ളത്. ഇന്ത്യന്‍ താരങ്ങളായ രാഹുല്‍ ത്രിപാതി, മായങ്ക് അഗര്‍വാള്‍ ഒന്നും അവസരത്തിനൊത്ത് ഉയരുന്നില്ല. പോരായ്മകള്‍ നികത്തിയില്ലെങ്കല്‍ ഹൈദരാബാദിന്റെ സാധ്യതകള്‍ മങ്ങും.