Delhi Capitals vs Royal Challengers Bangalore Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 50-ാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴ് വിക്കറ്റിന്റെ ഉജ്വല ജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം 20 പന്ത് ബാക്കി നില്‍ക്കെയാണ് ഡല്‍ഹി മറികടന്നത്.
45 പന്തില്‍ 87 റണ്‍സെടുത്ത ഫില്‍ സാള്‍ട്ടാണ് ഡല്‍ഹിയുടെ ജയം അനായാസമാക്കിയത്. റൈലി റൂസൊ (35*), മിച്ചല്‍ മാര്‍ഷ് (26), ഡേവിഡ് വാര്‍ണര്‍ (22) എന്നിവര്‍ സാള്‍ട്ടിന് മികച്ച പിന്തുണ നല്‍കി. നേരത്തെ വിരാട് കോഹ്ലി (55), മഹിപാല്‍ ലോംറോര്‍ (54*) എന്നിവരുടെ പ്രകടനമാണ് ബാംഗ്ലൂരിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് പതിവ് പോലെ മികച്ച തുടക്കാമാണ് ഡു പ്ലെസിയും കോഹ്ലിയും നല്‍കിയത്. ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പോളിക്കാന്‍ 11-ാം ഓവര്‍ വരെ ഡല്‍ഹിക്ക് കാത്തിരിക്കേണ്ടി വന്നു. 45 റണ്‍സെടുത്ത ഡൂപ്ലെസിയെ മടക്കി മിച്ചല്‍ മാര്‍ഷാണ് 82 റണ്‍സ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ മാക്സ്വല്‍ റണ്‍സൊന്നുമെടുക്കാതെയും പുറത്തായി.
മൂന്നാം വിക്കറ്റില്‍ കോഹ്ലി – ലാംറോര്‍ സഖ്യത്തിന് സ്കോറിങ്ങിന് വേഗം കൂട്ടാനായില്ല. 32 പന്തില്‍ 55 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. സീസണിലെ ആറാം അര്‍ദ്ധ സെഞ്ചുറി തികച്ചതിന് പിന്നാലെ കോഹ്ലിയും മടങ്ങി. 46 പന്തില്‍ 55 റണ്‍സായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. അഞ്ച് ഫോറുകളാണ് കോഹ്ലിയുടെ ഇന്നിങ്സില്‍ പിറന്നത്.
അവസാന ഓവറുകളില്‍ ലോംറോര്‍ നടത്തിയ പ്രകടനം ബാംഗ്ലൂരിന് തുണയായി. ഒന്‍പത് പന്തില്‍ 10 റണ്‍സെടുത്ത് ദിനേഷ് കാര്‍ത്തിക്ക് ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. 29 പന്തില്‍ 54 റണ്‍സാണ് ലോംറോര്‍ നേടിയത്. ആറ് ഫോറും മൂന്ന് സിക്സും ഇന്നിങ്സിലുണ്ടായി. മൂന്ന് പന്തില്‍ എട്ട് റണ്‍സെടുത്ത അനൂജ് റാവത്താണ് ബാംഗ്ലൂരിനെ 180 കടത്തിയത്.
ടീം ലൈനപ്പ്
ഡൽഹി ക്യാപിറ്റൽസ്: ഡേവിഡ് വാർണർ, ഫിലിപ്പ് സാൾട്ട്, മിച്ചൽ മാർഷ്, റിലീ റോസോ, മനീഷ് പാണ്ഡെ, അമൻ ഹക്കിം ഖാൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുകേഷ് കുമാർ, ഇഷാന്ത് ശർമ, ഖലീൽ അഹമ്മദ്.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസിസ്, അനൂജ് റാവത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, മഹിപാൽ ലോംറോർ, ദിനേഷ് കാർത്തിക്, കേദാർ ജാദവ്, വനിന്ദു ഹസരംഗ, കർൺ ശർമ, മുഹമ്മദ് സിറാജ്, ജോഷ് ഹെയ്സല്‍ബുഡ്.
പ്രിവ്യു
പോയ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി ബോളിങ് നിര മികവ് പുലര്‍ത്തുന്ന ബാംഗ്ലൂരിനെയാണ് ഇത്തവണ കാണാനായത്. കഴിഞ്ഞ മത്സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ കേവലം 126 റണ്‍സ് പ്രതിരോധിച്ച് 18 റണ്‍സിന് വിജയിക്കാന്‍ ബാംഗ്ലൂരിനായിരുന്നു. ഒന്‍പത് കളികളില്‍ നിന്ന് 15 വിക്കറ്റെടുത്ത മുഹമ്മദ് സിറാജ് തന്നെയാമ് ടീമിന്റെ തുറുപ്പ് ചീട്ട്.
പവര്‍പ്ലെയില്‍ ഗുജറാത്തിന്റെ മുഹമ്മദ് ഷമി, രാജസ്ഥാന്റെ ട്രെന്‍ ബോള്‍ട്ട് എന്നിവരെ പോലെ അപകടകാരിയാണ് സിറാജ്. എന്നാല്‍ ബാറ്റിങ്ങില്‍ ബാംഗ്ലൂരിന് ആശങ്കപ്പെടാന്‍ നിരവധിയുണ്ട്. കോഹ്ലി, ഡൂപ്ലെസി, മാക്സ്വല്‍ എന്നിവരൊഴികെ മറ്റാര്‍ക്കും ഇതുവരെ തിളങ്ങാനായിട്ടില്ല. ദിനേഷ് കാര്‍ത്തിക്ക്, വനിന്ദു ഹസരങ്ക എന്നിവരും ബാറ്റുകൊണ്ട് സീസണില്‍ പരാജയമാണ്.
ഇന്ന് പരാജയപ്പെട്ടാല്‍ ഡല്‍ഹിയുടെ പ്ലെ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിക്കും. ഒന്‍പത് കളികളില്‍ നിന്ന് മൂന്ന് ജയം മാത്രമുള്ള ഡല്‍ഹി പട്ടികയില്‍ അവസാന സ്ഥാനത്താണ്. അവശേഷിക്കുന്ന അഞ്ച് മത്സരങ്ങളും ജയിച്ചാല്‍ 16 പോയിന്റിലേക്ക് ഉയരാന്‍ ഡല്‍ഹിക്കാകും. എന്നാല്‍ അത്ര എളുപ്പമാകില്ല കാര്യങ്ങളെന്നാണ് പോയിന്റ് പട്ടിക നല്‍കുന്ന സൂചന.
ബാറ്റിങ്ങിലും ബോളിങ്ങിലും ഒരു പോലെ തിരിച്ചടി നേരിട്ട സീസണാണ് ഡല്‍ഹിയുടേത്. നായകന്‍ റിഷഭ് പന്തിന്റെ അഭാവവും ഊര്‍ജവും ടീമിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. അക്സര്‍ പട്ടേലിനെ മാറ്റി നിര്‍ത്തിയാല്‍ ടീമിന് ഓര്‍ക്കാനാകുന്ന വ്യക്തിഗത പ്രകടനങ്ങള്‍ പോലും വിരളമാണ്. ബാംഗ്ലൂരിനെ മികച്ച മാര്‍ജിനില്‍ കീഴടക്കിയാല്‍ അവസാന സ്ഥാനത്ത് നിന്ന് കരകയറാന്‍ ഡല്‍ഹിക്കാകും.