Delhi Capitals vs Lucknow Super Giants Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 16-ാം സീസണിലെ മൂന്നാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് വിജയം. ലഖ്നൗ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയുടെ പോരാട്ടം 143 റണ്‍സില്‍ അവസാനിച്ചു.
ഡല്‍ഹിക്കായി നായകന്‍ ഡേവിഡ് വാര്‍ണര്‍ (56), റിലീ റോസോ (30) ഒഴികെ ആര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. അഞ്ച് വിക്കറ്റെടുത്ത മാര്‍ക്ക് വുഡാണ് ഡല്‍ഹി ബാറ്റിങ്ങ് നിരയെ തകര്‍ത്തത്. ആവേശ് ഖാന്‍ രവി ബിഷ്ണോയി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. ആദ്യ ബാറ്റ് ചെയ്ത ലഖ്നൗ കെയില്‍ മേയേഴ്സ് (73), നിക്കോളാസ് പൂരാന്‍ (36) എന്നിവരുടെ ബാറ്റിങ് മികവിലാണ് ലഖ്നൗ 193 റണ്‍സ് പടുത്തുയര്‍ത്തിയത്.
പരിചിതമല്ലാത്ത പിച്ചില്‍ ദുഷ്കരമായിരുന്നു ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് കാര്യങ്ങള്‍. നാലാം ഓവറില്‍ കെ എല്‍ രാഹുല്‍ (8) പുറത്താകുമ്പോള്‍ സ്കോര്‍ 19 മാത്രം. പിന്നീട് മൂന്നാമനായെത്തിയ ദീപക് ഹൂഡയെ കാഴ്ചക്കാരനാക്കിയ മേയേഴ്സിന്റെ കൂറ്റനടികള്‍. ഒന്‍പതാം ഓവറില്‍ മേയേഴ്സ് തന്റെ അര്‍ദ്ധ ശതകം പിന്നിട്ടു. 28 പന്തിലായിരുന്നു നേട്ടം.
ഫോറിനേക്കാള്‍ സിക്സറുകള്‍ക്കായിരുന്നു മേയേഴ്സിന്റെ ബാറ്റിന് പ്രിയം. ഹുഡയുമൊത്ത് രണ്ടാം വിക്കറ്റില്‍ 79 റണ്‍സാണ് ചേര്‍ത്തത്. ഹുഡയുടെ സംഭാവന കേവലം 17 റണ്‍സ് മാത്രമായിരുന്നു. ഹുഡയെ മടക്കി കുല്‍ദീപ് യാദവ് കൂട്ടുകെട്ട് പൊളിച്ചു. വൈകാതെ അക്സര്‍ പട്ടേലിന്റെ പ്രവചനാതീത പന്തില്‍ മേയേഴ്സും മടങ്ങി. ഏഴ് സിക്സും രണ്ട് ഫോറും ഉള്‍പ്പടെയായിരുന്നു 73 റണ്‍സ് താരം നേടിയത്.
പിന്നാലെയെത്തിയ മാര്‍ക്കസ് സ്റ്റോയിസിന് കത്തിക്കയറാനായില്ല. ഖലീല്‍ അഹമ്മദിന്റെ പന്തില്‍ മടങ്ങി. എന്നാല്‍ നിക്കോളാസ് പൂരാന്റെ വെടിക്കെട്ടായിരുന്നു പിന്നീട് കണ്ടത്. 21 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്സും ഉള്‍പ്പടെ 36 റണ്‍സെടുത്ത താരം 19-ാം ഓവറിലാണ് കീഴടങ്ങിയത്. ഖലീല്‍ തന്നെയാണ് പൂരാന്റെ വിക്കറ്റും സ്വന്തമാക്കിയത്.
ഫിനിഷറുടെ റോളിലെത്തിയ ആയുഷ് ബഡോണി പോയ സീസണിലെ ഫോം ആവര്‍ത്തിക്കുകയായിരുന്നു. ഏഴ് പന്തില്‍ 18 റണ്‍സെടുത്ത ബഡോണിയുടെ പ്രകടനമാണ് ലഖ്നൗ സ്കോര്‍ 185 കടത്തിയത്. ഒരു ഫോറും രണ്ട് സിക്സുമാണ് താരം നേടിയത്. 13 പന്തില്‍ 15 റണ്‍സെടുത്ത് ക്രുണാല്‍ പാണ്ഡ്യ പുറത്താകാതെ നിന്നു. അവാസന പന്തില്‍ ഇംപാക്ട് പ്ലെയറായി എത്തിയ കൃഷ്ണപ്പ ഗൗതി സിക്സ് പറത്തി സ്കോര്‍ 193-ല്‍ എത്തിച്ചു.
ടീം ലൈനപ്പ്
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്: കെ എൽ രാഹുൽ, കൈൽ മേയേഴ്‌സ്, മാർക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, ക്രുണാൽ പാണ്ഡ്യ, നിക്കോളാസ് പൂരാൻ, ആയുഷ് ബഡോണി, മാർക്ക് വുഡ്, ജയ്ദേവ് ഉനദ്കട്ട്, രവി ബിഷ്‌ണോയ്, ആവേശ് ഖാൻ.
ഡൽഹി ക്യാപിറ്റൽസ്: ഡേവിഡ് വാർണർ, പൃഥ്വി ഷാ, മിച്ചൽ മാർഷ്, റിലീ റോസോ, സർഫറാസ് ഖാൻ, റോവ്മാൻ പവൽ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ചേതൻ സക്കറിയ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ.
പ്രിവ്യു
റിഷഭ് പന്തിന്റെ അഭാവത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇത്തവണ കിരീട മോഹവുമായി ഇറങ്ങുന്നത്. കാറപകടത്തില്‍ പരുക്കേറ്റ താരത്തിന് ഈ വര്‍ഷം കളത്തിലെത്താനാകില്ലെന്നാണ് സൂചനകള്‍. പന്തിന്റെ അഭാവത്തില്‍ ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയെ നയിക്കുന്നത്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ തന്നെ കിരീടം നേടാത്ത ടീമുകൂടെയാണ് ഡല്‍ഹി.
വാര്‍ണറിന്റെ നായക മികവ് മാത്രമല്ല ഡല്‍ഹി ലക്ഷ്യമിടുന്നത്, ടൂര്‍ണമെന്റിലെ താരത്തിന്റെ ബാറ്റിങ് പ്രകടനം കൂടിയാണ്. പൃഥ്വി ഷാ, റോവ്മാന്‍ പവല്‍, ഫില്‍ സാള്‍ട്ട്, അക്സര്‍ പട്ടേല്‍, മിച്ചല്‍ മാര്‍ഷ്, ലുങ്കി എന്‍ഗിഡി, കുല്‍ദീപ് യാദവ്, ആൻറിച്ച് റോര്‍കെ തുടങ്ങി ട്വന്റി 20-ക്ക് വേണ്ട എല്ലാ ചേരുവകകളും ചേര്‍ന്ന ടീമാണ് ഇത്തവണ ഡല്‍ഹി.
കന്നി സീസണിലെ പ്രകടനം ആവര്‍ത്തിക്കാനാകും കെ എല്‍ രാഹുലിന്റെ നേതൃത്വത്തിലുള്ള ലഖ്നൗവിന്റെ ലക്ഷ്യം. 2022-ല്‍ 14 ലീഗ് മത്സരങ്ങളില്‍ നിന്ന് ഒന്‍പത് ജയമാണ് ലഖ്നൗ നേടിയത്. എന്നാല്‍ നായകന്‍ കെ എല്‍ രാഹുലിന്റെ ഫോമാണ് ലഖ്നൗവിന്റെ പ്രധാന തലവേദന. തന്റെ പ്രിയടൂര്‍ണമെന്റില്‍ രാഹുല്‍ അവസരത്തിനൊത്ത് ഉയരുമെന്നാണ് ടീമിന്റെ പ്രതീക്ഷയും.
രാഹുലിനൊപ്പം ക്വിന്റണ്‍ ഡി കോക്ക്, നിക്കോളാസ് പൂരാന്‍, മാര്‍ക്കസ് സ്റ്റോയിനിസ് തുടങ്ങിയ വമ്പനടിക്കാരുമുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ പുറത്തെടുത്ത തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ ആത്മവിശ്വാസം ഡി കോക്കിനുണ്ടാകും. ആവേശ് ഖാന്‍, മാര്‍ക്ക് വുഡ്, ക്രുണാല്‍ പാണ്ഡ്യ, അമിത് മിശ്ര തുടങ്ങിയവരാണ് ബോളിങ്ങിലെ പ്രധാനികള്‍.