ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ ജയം നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നാല് വിക്കറ്റിന് ജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു. അര്‍ധസെഞ്ചുറി നേടിയ നായകന്‍ ഡേവിഡ് വാര്‍ണറും മികച്ച പ്രകടനം പുറത്തെടുത്ത ബൗളര്‍മാരുമാണ് ഡല്‍ഹിയ്ക്ക് വിജയം സമ്മാനിച്ചത്.
ഡല്‍ഹിയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും പൃഥ്വി ഷായും മികച്ച തുടക്കമാണ് സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ ഇരുവരും 38 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 11 പന്തില്‍ 13 റണ്‍സെടുത്ത പൃഥ്വി ഷായെ അഞ്ചാം ഓവറിലെ നാലാം പന്തില്‍ വരുണ്‍ ചക്രവർത്തി ബൗള്‍ഡാക്കി. മൂന്നാമന്‍ മിച്ചല്‍ മാർഷ്(9 പന്തില്‍ 2), വിക്കറ്റ് കീപ്പർ ഫിലിപ് സാള്‍ട്ട്(3 പന്തില്‍ 5) എന്നിവരും തിളങ്ങിയില്ല.സ്‌കോര്‍ 93-ല്‍ നില്‍ക്കെ വാര്‍ണറെ വരുണ്‍ ചക്രവര്‍ത്തി വിക്കറ്റിന് മുന്നില്‍ കുടുക്കി. 41 പന്തില്‍ നിന്ന് 57 റണ്‍സെടുത്ത ശേഷമാണ് വാര്‍ണര്‍ മടങ്ങിയത്.
മനീഷ് പാണ്ഡെയും അക്സർ പട്ടേലും ചേർന്ന് 15 ഓവറില്‍ ടീമിനെ 100 കടത്തി. 16-ാം ഓവറില്‍ മനീഷ് പാണ്ഡെയെ(23 പന്തില്‍ 21) അനുകുല്‍, റിങ്കുവിന്‍റെ കൈകളില്‍ എത്തിച്ചു. തൊട്ടടുത്ത ഓവറില്‍ അമാന്‍ ഖാനെ(2 പന്തില്‍ 0) റാണ ബൗള്‍ഡാക്കി. മത്സരം അവസാന ഓവറിലേക്ക് നീണ്ടപ്പോള്‍ 7 റണ്‍സാണ് ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. നാല് പന്ത് ബാക്കിനില്‍ക്കേ അക്സർ പട്ടേലും(19*), ലളിത് യാദവും(4*) ടീമിനെ ജയിപ്പിച്ചു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് 128 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 127 റണ്‍സിന് ഓള്‍ ഔട്ടായി. 43 റണ്‍സെടുത്ത ഓപ്പണര്‍ ജേസന്‍ റോയിയാണ് ടോപ് സ്‌കോറര്‍. മറ്റ് മൂന്ന് താരങ്ങള്‍ കൂടിയേ രണ്ടക്കം കണ്ടുള്ളൂ. അവസാന ഓവറില്‍ ഹാട്രിക് സിക്സ് സഹിതം 31 പന്തില്‍ പുറത്താവാതെ 38* റണ്ണെടുത്ത ആന്ദ്രേ റസലിന്റെ ബാറ്റിംഗാണ് അവസാന ഓവറുകളില്‍ കൊല്‍ക്കത്തയെ മാന്യമായ സ്‌കോറിലെത്തിച്ചത്.
ലിറ്റണ്‍ ദാസ്(4), വെങ്കടേഷ് അയ്യർ(0), ക്യാപ്റ്റന്‍ നിതീഷ് റാണ(4), മന്ദീപ് സിംഗ്(12), റിങ്കും സിംഗ്(6), സുനില്‍ നരെയ്ന്‍(4), അനുകുല്‍ റോയി(0), ഉമേഷ് യാദവ്(3), വരുണ്‍ ചക്രവർത്തി(1) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോറുകള്‍. ഇഷാന്ത് ശര്‍മ്മയും ആന്‍റിച്ച് നോര്‍ക്യയും അക്‌സര്‍ പട്ടേലും കുല്‍ദീപ് യാദവും രണ്ട് വീതവും മുകേഷ് കുമാര്‍ ഒരു വിക്കറ്റും നേടി.