Delhi Capitals vs Chennai Super Kings Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണില്‍ പ്ലെ ഓഫില്‍ കടന്ന് ചെന്നൈ സൂപ്പര്‍ കിങ്സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഉജ്വല ജയത്തോടെയാണ് ചെന്നൈ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്.
ചെന്നൈ ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയുടെ പോരാട്ടം 146 റണ്‍സില്‍ അവസാനിച്ചു. 86 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ മാത്രമാണ് ഡല്‍ഹിക്കായി പൊരുതിയത്. വാര്‍ണറിന് പുറമെ അക്സര്‍ പട്ടേലും, സാള്‍ട്ടും മാത്രമാണ് ഡല്‍ഹി നിരയില്‍ രണ്ടക്കം കടന്നത്.
ചെന്നൈയുടെ സീസണിലെ എട്ടാം ജയമാണിത്. ഡല്‍ഹിയുടെ ഒന്‍പതാം തോല്‍വിയും. നേരത്തെ അര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്വാദ് (79), ഡെവോണ്‍ കോണ്‍ (87) എന്നിവരുടെ മികവിലാണ് ചെന്നൈ നിശ്ചിത ഓവറില്‍ 223 റണ്‍സ് എടുത്തത്.
നിര്‍ണായക മത്സരത്തില്‍ ചെന്നൈയുടെ പതിവ് ശൈലിയായിരുന്നു ഡല്‍ഹിക്കെതിരെയും കണ്ടത്. ഡല്‍ഹി ബോളര്‍മാര്‍ക്ക് പഴുതുകള്‍ നല്‍കാതെയായിരുന്ന ചെന്നൈ ഓപ്പണര്‍മാരുടെ ബാറ്റിങ്. റുതുരാജും കോണ്‍വെയും അനായാസം അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ബൗണ്ടറി കണ്ടെത്തി. ബോളര്‍മാരെ മാറി മാറി പരീക്ഷിച്ചിട്ടും ഡല്‍ഹിക്ക് കൂട്ടുകെട്ട് പൊളിക്കാനായില്ല.
പത്താം ഓവറില്‍ 37 പന്തില്‍ നിന്ന് സീസണിലെ മൂന്നാം അര്‍ദ്ധ സെഞ്ചുറി റുതുരാജ് കണ്ടെത്തി. അര്‍ദ്ധ സെഞ്ചുറി പിന്നിട്ടതോടെ താരം സ്കോറിങ്ങിന്റെ വേഗത കൂട്ടുകയും ചെയ്തു. 33-ാം പന്തിലായിരുന്നു കോണ്‍വെ സമാന നേട്ടം മറികടന്നത്. സ്കോര്‍ 141-ല്‍ നില്‍ക്കെ ചേതന്‍ സക്കറിയ കൂട്ടുകെട്ട് പൊളിച്ചു.
50 പന്തില്‍ മൂന്ന് ഫോറും ഏഴ് സിക്സുമടക്കം 79 റണ്‍സെടുത്തായിരുന്നു റുതുരാജിന്റെ മടക്കം. റുതുരാജ് പോയതോട മൂന്നാമനായി എത്തിയത് ശിവം ദുബെയായിരുന്നു. റുതുരാജിന്റെ മടങ്ങിയിട്ടും റണ്ണൊഴുക്ക് മുറിയാതെ ദുബെയും കോണ്‍വെയും ഇന്നിങ്സിനെ മുന്നോട്ട് നയിച്ചു. എന്നാല്‍ 9 പന്തില്‍ 22 റണ്‍സെടുത്ത ദുബെയെ ഖലീല്‍ പുറത്താക്കി.
നിര്‍ണായകമായ 19-ാം ഓവറില്‍ കോണ്‍വെയും പുറത്തായത് ചെന്നൈക്ക് തിരിച്ചടിയായി. 52 പന്തില്‍ 87 റണ്‍സാണ് ഇടം കയ്യന്‍ ബാറ്റര്‍ നേടിയത്. 11 ഫോറും മൂന്ന് സിക്സും കോണ്‍വെയുടെ ബാറ്റില്‍ നിന്ന് പിറന്നു. ഏഴ് പന്തില്‍ 20 റണ്‍സെടുത്ത ജഡേജയും അഞ്ച് റണ്‍സെടുത്ത ധോണിയും ചേര്‍ന്നാണ് ചെന്നൈയുടെ സ്കോര്‍ 220 കടത്തിയത്.
ടീം ലൈനപ്പ്
ഡൽഹി ക്യാപിറ്റൽസ്: ഡേവിഡ് വാർണർ, ഫിലിപ്പ് സാൾട്ട്, റിലീ റോസോ, യാഷ് ദുൽ, അമൻ ഹക്കിം ഖാൻ, അക്സർ പട്ടേൽ, ലളിത് യാദവ്, കുൽദീപ് യാദവ്, ചേതൻ സക്കറിയ, ഖലീൽ അഹമ്മദ്, ആൻറിച്ച് നോര്‍ക്കെ.
ചെന്നൈ സൂപ്പർ കിംഗ്‌സ്: റുതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായിഡു, ശിവം ദുബെ, മൊയിൻ അലി, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ദീപക് ചാഹർ, തുഷാർ ദേശ്പാണ്ഡെ, മഹേഷ് തീക്ഷണ.
പ്രിവ്യു
പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണെങ്കിലും ഇതുവരെ പ്ലെ ഓഫ് ഉറപ്പിക്കാന്‍ ചെന്നൈക്കായിട്ടില്ല. ഡല്‍ഹിയെ കീഴടക്കാനായാല്‍ കൂളായി ധോണിക്കും കൂട്ടര്‍ക്കും അവസാന നാലില്‍ ഇടം നേടാം. എന്നാല്‍ ഒന്നും നഷ്ടപ്പെടാനില്ലാത്ത ഡല്‍ഹിയെ അവരുടെ തട്ടകത്തില്‍ തളയ്ക്കുക ചെന്നൈക്ക് എളുപ്പമാകില്ല. ടോസ് നിര്‍ണായകമാകുകയും ചെയ്യും.
കൊല്‍ക്കത്തയോട് സ്വന്തം മൈതാനത്ത് തോല്‍വി ഏറ്റുവാങ്ങിയ ശേഷമാണ് ചെന്നൈയുടെ വരവ്. ടൂര്‍ണമെന്റിന്റെ അവസാന ഘട്ടത്തില്‍ ചെന്നൈക്കായി സ്ഥിരതയോടെ ബാറ്റ് വീശുന്നത് ശിവം ദുബെയും ഡെവോണ്‍ കോണ്‍വെയും മാത്രമാണ്. മറ്റുള്ളവരെല്ലാം ചെറിയ ഇന്നിങ്സിലേക്ക് ചുരുങ്ങുന്നത് ചെന്നൈയുടെ സ്കോറിങ്ങിനെ ബാധിക്കുന്നുണ്ട്.
ബോളിങ്ങില്‍ ദീപക് ചഹര്‍ ഫോമിലേക്ക് മടങ്ങിയെത്തിയതാണ് ചെന്നൈക്ക് ആശ്വാസം. അതുകൊണ്ട് തന്നെ തുഷാര്‍ ദേശ്പാണ്ഡെയുടെ ചുമലിലെ അധികഭാരം കുറഞ്ഞിട്ടുണ്ട്. ചഹറിന്റെ തിരിച്ചുവരവും മതീഷ പതിരാനയുടെ മികവും ചെന്നൈക്ക് തുണയാകും. രവിന്ദ്ര ജഡേജ-മൊയീന്‍ അലി സ്പിന്‍ ദ്വയവും എതിര്‍ ടീമിന്റെ റണ്ണൊഴുക്ക് തടയുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.
മറുവശത്ത് പഞ്ചാബിനെ ആധികാരികമായി കീഴടക്കിയാണ് പഞ്ചാബിന്റെ വരവ്. റീലി റൂസൊ, ഡേവിഡ് വാര്‍ണര്‍, പ്രിഥ്വി ഷാ എന്നീ മുന്‍നിര ബാറ്റര്‍മാരെല്ലാം ഫോമിലാണ്. പഞ്ചാബിനെതിരെ കേവലം രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 213 റണ്‍സെടുത്തത്. സീസണിന്റെ അന്തിമഘട്ടത്തില്‍ ഡല്‍ഹിയുടെ ബോളിങ് നിരയും പ്രതീക്ഷക്കൊത്ത് ഉയരുന്നുണ്ട്.