Chennai Super Kings vs Punjab Kings Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) പഞ്ചാബ് കിങ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് തോല്‍വി. ചെന്നൈ ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് പഞ്ചാബ് മറികടന്നത്. ഏഴ് പന്തില്‍ 13 റണ്‍സെടുത്ത സിക്കന്ദര്‍ റാസയാണ് പഞ്ചാബിന്റെ ജയം ഉറപ്പാക്കിയത്.
പഞ്ചാബിനായി പ്രഭ്സിമ്രാൻ സിംഗ് (42), ലിയാം ലിവിങ്സ്റ്റണ്‍ (40), സാം കറണ്‍ (29), ജിതേഷ് ശര്‍മ (21) എന്നിവരും തിളങ്ങി. നേരത്തെ ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് ചെന്നൈ നേടിയത്. 92 റണ്‍സ് നേടിയ ഡെവണ്‍ കോണ്‍വെയാണ് ചെന്നൈക്ക് ആധിപത്യം നേടിക്കൊടുത്തത്.
റുതുരാജ് ഗെയ്ക്വാദ് – ഡെവണ്‍ കോണ്‍വെ സഖ്യത്തിന്റെ സ്ട്രോക്ക് പ്ലെയുടെ എക്സിബിഷന്‍ തന്നെയായിരുന്നു ചെപ്പോക്കില്‍. പതിവ് പോലെ ചെന്നൈക്ക് ഉജ്വല തുടക്കം നല്‍കാന്‍ ഇരുവര്‍ക്കുമായി. ആദ്യ വിക്കറ്റ് വീഴ്ത്താന്‍ പത്താം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു പഞ്ചാബിന്. 58 പന്തില്‍ 86 റണ്‍സാണ് സഖ്യം നേടിയത്.
37 റണ്‍സെടുത്ത റുതുരാജിനെ സിക്കന്ദര്‍ റാസയാണ് മടക്കിയത്. മൂന്നാമനായി ചെന്നൈ പറഞ്ഞയച്ചത് ഉജ്വല ഫോമിലുള്ള ശിവം ദൂബെയെയായിരുന്നു. അതിനിടയില്‍ 30 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികയ്ക്കാനും കോണ്‍വെയ്ക്കായി. 17 പന്തില്‍ 28 റണ്‍സുമായി വെടിക്കെട്ട് തുടര്‍ന്ന ദൂബെയെ അര്‍ഷദീപ് പുറത്താക്കി.
നാലാമനായി എത്തിയ മോയീന്‍ അലിക്കും കാര്യമായി തിളങ്ങാനായില്ല. 6 പന്തില്‍ 10 റണ്‍സെടുത്ത താരം രാഹുല്‍ ചഹറിന്റെ പന്തില്‍ പുറത്താകുകയായിരുന്നു. 78 റണ്‍സ് പിന്നിട്ടതോടെ സീസണിലെ 400 റണ്‍സെന്ന നേട്ടം കൊയ്യാന്‍ കോണ്‍വെയ്ക്കായി. ഫാഫ് ഡു പ്ലെസിക്ക് ശേഷം 400 റണ്‍സ് മറികടക്കുന്ന ആദ്യ താരമാണ് കോണ്‍വെ.
അവസാന ഓവറുകളില്‍ സ്കോറിങ്ങിന് വേഗം കൂട്ടാനാകാതെ ജഡേജ സാം കറണിന്റെ പന്തില്‍ ലിവിങ്സ്റ്റണ് ക്യാച്ച് നല്‍കി മടങ്ങി. 10 പന്തില്‍ 12 റണ്‍സായിരുന്നു ജഡേജയുടെ സമ്പാദ്യം. 16 ഓവറില്‍ 169 എന്ന സ്കോറിലെത്തിയ ചെന്നൈ 200 അനായസം കടക്കുമെന്ന് തോന്നിച്ചെങ്കിലും 18, 19 ഓവറുകളില്‍ 16 റണ്‍സ് മാത്രമായിരുന്നു കോണ്‍വെ – ജഡേജ സഖ്യത്തിന് നേടാനായത്.
എന്നാല്‍ ചെപ്പോക്ക് കാത്തിരുന്ന ഫിനിഷ് നല്‍കാന്‍ ധോണിക്കായി. 20-ാം ഓവറിലെത്തി നാല് പന്തില്‍ 13 റണ്‍സുമായി ധോണി ചെന്നൈയെ 200-ലെത്തിച്ചു. രണ്ട് സിക്സറുകളാണ് ധോണി നേടിയത്. 52 പന്തില്‍ 92 റണ്‍സെടുത്ത് കോണ്‍വെ പുറത്താകാതെ നിന്നു. 16 ഫോറും ഒരു സിക്സുമാണ് കോണ്‍വെയുടെ ബാറ്റില്‍ നിന്ന് പിറന്നത്.
പ്രിവ്യു
രാജസ്ഥാനോട് വഴങ്ങിയ വമ്പന്‍ തോല്‍വിയുടെ തിരിച്ചടിയുമായാണ് ധോണിയും സംഘവും ചെപ്പോക്കിലിറങ്ങുന്നത്. റുതുരാജ് ഗെയ്ക്വാദ്, അജിങ്ക്യ രഹാനെ, ശിവം ദൂബെ, ഡെവണ്‍ കോണ്‍വെ എന്നിവര്‍ ഫോമിലാണെങ്കിലും മധ്യ ഓവറുകളില്‍ നിര്‍ണായക താരങ്ങള്‍ പുറത്തായാല്‍ അത് പരിഹരിക്കാന്‍ ചെന്നൈ ബാറ്റിങ് നിരയ്ക്ക് സാധിക്കുന്നില്ല എന്നത് പോരായ്മയാണ്.
മഹേഷ് തീക്ഷണ, രവീന്ദ്ര ജഡേജ, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ വിക്കറ്റ് വീഴ്ത്തുന്നുണ്ട്. തുഷാര്‍ റണ്‍സ് വിട്ട് നല്‍കുന്നതില്‍ മടി കാണിക്കാത്തത് തിരിച്ചടിയാകുന്നുണ്ട്. എട്ട് കളികളില്‍ നിന്ന് 14 വിക്കറ്റുകള്‍ സ്വന്തം പേരിലുണ്ടെങ്കിലും ശരാശരി ഒരു ഓവറില്‍ തുഷാര്‍ പത്ത് റണ്‍സിന് മുകളിലാണ് വിട്ടുകൊടുക്കുന്നത്.
ഐപിഎല്ലിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ സ്കോര്‍ ലക്നൗവിനോട് വഴങ്ങിയതിന് ശേഷമാണ് പഞ്ചാബ് എത്തുന്നത്. ജയം, തോല്‍വി, ജയം, തോല്‍വി എന്നിങ്ങനെ സ്ഥിരതയില്ലാതെയാണ് പഞ്ചാബിന്റെ പ്രകടനം. നായകന്‍ ശിഖര്‍ ധവാന്‍ പരുക്ക് മാറി ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും ലക്നൗവിനെതിരെ താരം പരാജയപ്പെട്ടിരുന്നു.
രാഹുല്‍ ചഹര്‍, അര്‍ഷദീപ് സിങ്ങ് എന്നിവരൊഴികെയുള്ള ബോളര്‍മാരും സ്ഥിരത പുലര്‍ത്തുന്നില്ല. ടീമിലെ സൂപ്പര്‍ താരമായ കഗീസൊ റബാഡ സീസണില്‍ പഞ്ചാബിനായി ഇതുവരെ തിളങ്ങിയിട്ടില്ല. മുംബൈക്കെതിരായ മത്സരം മാറ്റി നിര്‍ത്തിയാല്‍ 18.5 കോടി രൂപയ്ക്ക് ടീമിലെത്തിയ സാം കറണും നിറം മങ്ങിയാണ് തുടരുന്നത്.