Mumbai Indians vs Chennai Super Kings Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 49-ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് ആറ് വിക്കറ്റ് ജയം. മുംബൈ ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം 14 പന്ത് ബാക്കി നില്‍ക്കെയാണ് ചെന്നൈ മറികടന്നത്.
ചെന്നൈക്കായി ഡെവണ്‍ കോണ്‍വെ (44), റുതുരാജ് ഗെയ്ക്വാദ് (30), ശിവം ദൂബെ (26) എന്നിവര്‍ തിളങ്ങി. മുംബൈക്കായി പിയൂഷ് ചൗള രണ്ട് വിക്കറ്റെടുത്തു. നേരത്തെ അര്‍ദ്ധ സെഞ്ചുറി നേടിയ നേഹല്‍ വധേരയുടെ (64) മികവിലാണ് മുംബൈ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയത്.
ടോസ് നഷ്ടപ്പെട്ട മുംബൈ ഇന്ത്യന്‍സ് ഓപ്പണിങ്ങില്‍ മോശം ഫോമിലുള്ള രോഹിത് ശര്‍മയ്ക്ക് പകരം കാമറൂണിനെ പരീക്ഷിച്ചായിരുന്നു തുടക്കം. ആദ്യ ഓവറില്‍ 10 റണ്‍സ് പിറന്നെങ്കിലും പിന്നീട് മുംബൈ മുന്‍നിര തകര്‍ന്നടിയുകയായിരുന്നു. 14 റണ്‍സെടുക്കുന്നതിനിടെ ഗ്രീന്‍ (6), ഇഷാന്‍ കിഷന്‍ (7), രോഹിത് ശര്‍മ (0) എന്നിവര്‍ മടങ്ങി.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് രോഹിത് റണ്ണൊന്നുമെടുക്കാതെ പുറത്താകുന്നത്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ റണ്‍സൊന്നുമെടുക്കാതെ പുറത്താകുന്ന താരമെന്ന മോശം റെക്കോര്‍ഡും രോഹിതിന് പേരിലായി. തകര്‍ച്ചയില്‍ നിന്ന് മുംബൈനെ കരകയറ്റാന്‍ സൂര്യകുമാര്‍ യാദവ് – നേഹല്‍ വധേര സഖ്യത്തിനായി.
55 റണ്‍സാണ് നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ത്തത്. 22 പന്തില്‍ 26 റണ്‍സെടുത്ത സൂര്യകുമാറിനെ മടക്കി രവീന്ദ്ര ജഡേജയാണ് കൂട്ടുകെട്ട് പൊളിച്ചത്. നേഹല്‍ വധേരയുടെ പോരാട്ടം മുംബൈയെ നാണക്കേടില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. 51 പന്തില്‍ 64 റണ്‍സെടുത്ത് 18-ാം ഓവറിലാണ് നേഹല്‍ പുറത്തായത്. എട്ട് ഫോറും ഒരു സിക്സും താരത്തിന്റെ ഇന്നിങ്സില്‍ പിറന്നു.
ട്രിസ്റ്റന്‍ സ്റ്റബ്സ് (21 പന്തില്‍ 20), ടിം ഡേവിഡ് (2), അര്‍ഷദ് ഖാന്‍ (1) എന്നിവര്‍ക്ക് അവസാന ഓവറില്‍ സ്കോറിങ്ങിന് വേഗം കൂട്ടാനാകാത്തതും മുംബൈക്ക് തിരിച്ചടിയായി. ചെന്നൈക്കായി മതീഷ പതിരാന മൂന്നും തുഷാര്‍ ദേശ്പാണ്ഡെ ദീപക് ചഹര്‍ എന്നിവര്‍ രണ്ടും വിക്കറ്റ് നേടി.
ടീം ലൈനപ്പ്
ചെന്നൈ സൂപ്പർ കിങ്സ്: റുതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, അജിങ്ക്യ രഹാനെ, മൊയിൻ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ദീപക് ചാഹർ, മതീഷ പതിരണ, തുഷാർ ദേശ്പാണ്ഡെ, മഹേഷ് തീക്ഷണ.
മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ, ഇഷാൻ കിഷൻ, കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, ട്രിസ്റ്റൻ സ്റ്റബ്‌സ്, ടിം ഡേവിഡ്, നെഹൽ വധേര, ജോഫ്ര ആർച്ചർ, പിയൂഷ് ചൗള, ആകാശ് മധ്വാൾ, അർഷാദ് ഖാൻ.
പ്രിവ്യു
സീസണിലെ ആദ്യ ഏറ്റുമുട്ടലില്‍ മുംബൈക്കെതിരെ ആധികാരിക ജയം സ്വന്തമാക്കാന്‍ ചെന്നൈക്കായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അങ്ങനെയല്ല. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ ഒരു ജയം പോലും നേടാനാകാതെയാണ് ചെന്നൈയുടെ വരവ്. മുംബൈ ഹാട്രിക്ക് ജയം തേടിയാണ് ചെപ്പോക്കില്‍ ഇന്ന് ഇറങ്ങുന്നതും.
രോഹിത് ശര്‍മയുടെ മോശം ഫോം മാറ്റി നിര്‍ത്തിയാല്‍ മുംബൈയുടെ ബാറ്റിങ് നിര ശക്തമാണ്. തുടര്‍ച്ചയായ രണ്ട കളികളില്‍ 200-ലധികം റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചാണ് ടീമിന്റെ വരവ്. സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ഫോമിലേക്ക് ഉയര്‍ന്നത് മുംബൈയുടെ കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ബോളിങ്ങില്‍ മുംബൈ ദുര്‍ബലരാണ്.
തുടര്‍ച്ചയായി നാല് മത്സരങ്ങളിലാണ് മുംബൈയുടെ ബോളിങ് നിര 200-ലധികം റണ്‍സ് വഴങ്ങിയത്. ജസ്പ്രിത് ബുംറയുടെ അഭാവം, ജോഫ്ര ആര്‍ച്ചര്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നത്, പരിചയസമ്പന്നനായ പേസ് ബോളറുടെ അഭാവം എന്നിവയാണ് തിരിച്ചടി. ഒന്‍പത് കളികളില്‍ നിന്ന് 15 വിക്കറ്റെടുത്ത പിയൂഷ് ചൗള മാത്രമാണ് ആശ്വാസം.
ചെന്നൈയുടേയും വില്ലന്‍ ബോളിങ് നിര തന്നെയാണ്. ബാറ്റിങ്ങില്‍ മേല്‍ക്കൈ പുലര്‍ത്തുമ്പോള്‍ ബോളര്‍മാര്‍ റണ്‍സ് വഴങ്ങി ചെന്നൈയെ നിരവധി തവണ സീസണില്‍ പരാജയത്തിലേക്ക് തള്ളിവിട്ടു. ജഡേജയും പതിരാനയും മാത്രമാണ് തിളങ്ങുന്നത്. മഹേഷ് തീക്ഷണയ്ക്ക് പകരം മിച്ചല്‍ സാറ്റ്നര്‍ മുംബൈക്കെതിരെ കളത്തിലെത്തിയേക്കും.