Chennai Super Kings vs Kolkata Knight Riders Titans Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 61-ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ആറ് വിക്കറ്റ് ജയം. അര്‍ദ്ധ സെഞ്ചുറി നേടിയ നിതീഷ് റാണ (57*), റിങ്കു സിങ് (54) എന്നിവരാണ് 145 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടക്കാന്‍ കൊല്‍ക്കത്തയെ സഹായിച്ചത്.
ജേസണ്‍ റോയ് (12), റഹ്മാനുള്ള ഗുര്‍ബാസ് (1), വെങ്കിടേഷ് അയ്യര്‍ (9) എന്നിവരാണ് റിങ്കുവിന് പുറമെ പുറത്തായ താരങ്ങള്‍. റിങ്കു സിങ് റണ്ണൗട്ടായപ്പോള്‍ മറ്റ് മൂന്ന് വിക്കറ്റും സ്വന്തമാക്കിയത് ദീപക് ചഹറായിരുന്നു. 33-3 എന്ന സ്കോറില്‍ തകര്‍ച്ച നേരിട്ട കൊല്‍ക്കത്തയെ റിങ്കുവും റാണയും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. 99 റണ്‍സാണ് നാലാം വിക്കറ്റില്‍ പിറന്നത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈക്ക് ചെപ്പോക്കില്‍ പതിവ് പോലെ റണ്ണൊഴുക്കാനായില്ല. സ്കോര്‍ 31-ല്‍ നില്‍ക്കെ 17 റണ്‍സെടുത്ത റുതുരാജ് ഗെയ്ക്വാദിനെ വരുണ്‍ ചക്രവര്‍ത്തി മടക്കി. മൂന്നാമനായി എത്തിയ അജിങ്ക്യ രഹാനെയും ഓപ്പണര്‍ ഡെവണ്‍ കോണ്‍വെയും ചേര്‍ന്ന് സ്കോറിങ്ങിന് വേഗം കൂട്ടി. എന്നാല്‍ പവര്‍പ്ലെയ്ക്ക ശേഷം ചെന്നൈ തിരിച്ചടി നേരിട്ടു.
60-1 എന്ന നിലയില്‍ നിന്ന് 72-5 എന്ന സ്കോറിലേക്ക് ചെന്നൈ വീണു. 16 റണ്‍സെടുത്ത രഹാനെയെ പുറത്താക്കി വരുണ്‍ തന്നെയാണ് കൂട്ടുകെട്ട് പൊളിച്ചത്. കോണ്‍വെ (30) ശാര്‍ദൂല്‍ താക്കൂറിന് മുന്നില്‍ കീഴടങ്ങിയപ്പോള്‍ അമ്പട്ടി റായുഡു (4), മൊയിന്‍ അലി (1) എന്നിവര്‍ സുനില്‍ നരെയ്ന്റെ പന്തില്‍ ബൗള്‍ഡായി.
ആറാം വിക്കറ്റില്‍ ശിവം ദുബെ – രവീന്ദ്ര ജഡേജ സഖ്യമാണ് ചെന്നൈയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 53 പന്തില്‍ 68 റണ്‍സാണ് സഖ്യം നേടിയത്. 24 പന്തില്‍ 20 റണ്‍സെടുത്ത ജഡേജ അവസാന ഓവറിലാണ് പുറത്തായത്. വൈഭവ് അറോറയ്ക്കായിരുന്നു വിക്കറ്റ്. 48 റണ്‍സെടുത്ത് ദുബെ പുറത്താകാതെ നിന്നു.
പ്രിവ്യു
ഫോമിലുള്ള മുംബൈ ഇന്ത്യന്‍സിനേയും ഡല്‍ഹി ക്യാപിറ്റല്‍സിനേയും കീഴടങ്ങി ഹാട്രിക്ക് ജയം ലക്ഷ്യമിട്ടാണ് സ്വന്തം മൈതാനത്ത് ചെന്നൈ ഇറങ്ങുന്നത്. ചപ്പോക്കില്‍ ചെന്നൈ ഈ സീസണില്‍ തോല്‍വി അറിഞ്ഞിട്ടുണ്ടെങ്കിലും ഇനി മറ്റ് ടീമുകള്‍ക്ക് അത്ര എളുപ്പമാകില്ല കാര്യങ്ങള്‍. കാരണം ധോണിയുടെ പക്കലുള്ള മതീഷ പതിരാന എന്ന വജ്രായുധം തന്നെ.
പതിരാനയുടെ പേസും യോര്‍ക്കറുകളിലെ കൃത്യതയും ബാറ്റര്‍മാര്‍ക്ക് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മറ്റ് ചെന്നൈ ബോളര്‍മാരെ ലക്ഷ്യമാക്കി വേണം ബാറ്റര്‍മാര്‍ തന്ത്രം മെനയാന്‍. മധ്യ ഓവറുകളില്‍ റണ്ണൊഴുക്ക് തടയാന്‍ രവീന്ദ്ര ജഡേജ, മൊയിന്‍ അലി സ്പിന്‍ ദ്വയത്തിനുമാകുന്നുണ്ട്.
കൊല്‍ക്കത്തക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ എല്ലാം കൊണ്ടും ചെന്നൈക്ക് തന്നെ മുന്‍തൂക്കം. ബാറ്റിങ്ങില്‍ ഉജ്വല ഫോമില്‍ തന്നെയാണ് ചെന്നൈ താരങ്ങള്‍. എട്ടാം നമ്പര്‍ വരെ നീളുന്ന ബാറ്റിങ് നിരയെ പിടിച്ചു കെട്ടുക കൊല്‍ക്കത്തക്ക് എളുപ്പമാകില്ല. പ്രത്യേകിച്ചും രാജസ്ഥാന്‍ റോയല്‍സിനോടെ കനത്ത തോല്‍വി വഴങ്ങിയതിന് പിന്നാലെയുള്ള മത്സരമായതിനാല്‍.
അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും വലിയ മാര്‍ജിനിലും ജയിച്ച് മറ്റ് ടീമുകളുടെ ഫലങ്ങളേയും ആശ്രയിച്ചാല്‍ മാത്രമെ കൊല്‍ക്കത്തയ്ക്ക് മുന്നില്‍ പ്ലെ ഓഫിന്റെ വാതിലുകള്‍ തുറക്കു. ബോളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ പിന്നോട്ടായ കൊല്‍ക്കത്തയ്ക്ക് സര്‍വായുധവും നിരത്തേണ്ടി വരും ചെന്നൈക്കെതിരെ.