Chennai Super Kings vs Gujarat Titans Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ ക്വാളിഫയര്‍ ഒന്നില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കീഴടക്കി ചെന്നൈ സൂപ്പര്‍ കിങ്സ് ഫൈനലില്‍. ചെന്നൈ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന്റെ പോരാട്ടം 157 റണ്‍സില്‍ അവസാനിച്ചു.
173 എന്ന ഭേദപ്പെട്ട ലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് ചെപ്പോക്കില്‍ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നതായിരുന്നു കണ്ടത്. 42 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ ഒഴികെയുള്ള മുന്‍നിര ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടു. പവര്‍പ്ലെയില്‍ ദീപക് ചഹറും മധ്യ ഓവറുകളില്‍ രവീന്ദ്ര ജഡേജയും മഹേഷ് തീക്ഷണയും ഗുജറാത്ത് ബോളര്‍മാര്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി.
വൃദ്ധിമാന്‍ സാഹ (12), ഹാര്‍ദിക്ക് പാണ്ഡ്യ (8), ദാസുന്‍ ഷനക (17), ഡേവിഡ് മില്ലര്‍ (4), രാഹുല്‍ തേവാട്ടിയ (3) എന്നിവര്‍ പൊരുതാതെയായിരുന്നു കീഴടങ്ങിയത്. പിന്നീടെത്തിയ റാഷിദ് ഖാനും വിജയ് ശങ്കറും ചേര്‍ന്ന് തകര്‍ച്ചയില്‍ നിന്ന് ഗുജറാത്തിനെ കരകയറ്റാനുള്ള ശ്രമങ്ങള്‍ നടത്തി. 18-ാം ഓവറില്‍ 14 റണ്‍സെടുത്ത ശങ്കര്‍ പതിരാനയ്ക്ക് മുന്നില്‍ കീഴടങ്ങിയതോടെ 38 റണ്‍സ് കൂട്ടുകെട്ട് പൊളിഞ്ഞു.
16 പന്തില്‍ 30 റണ്‍സെടുത്ത റാഷിദ് ഖാന് തോല്‍വിയുടെ ഭാരം കുറയ്ക്കാന്‍ മാത്രമാണ് സാധിച്ചത്. ചെന്നൈക്കായി ദീപക് ചഹര്‍, രവീന്ദ്ര ജഡേജ, മഹേഷ് തീക്ഷണ, മതീഷ പതിരാന എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും തുഷാര്‍ ദേശ്പാണ്ഡെ ഒരു വിക്കറ്റും നേടി. ഇത് പത്താം തവണയാണ് ചെന്നൈ ഐപിഎല്‍ ഫൈനലില്‍ എത്തുന്നത്.
ഗുജറാത്തിന് ഫൈനലിലെത്താന്‍ ഒരു അവസരം കൂടി മുന്നിലുണ്ട്. എലിമിനേറ്ററിലെ മുംബൈ ഇന്ത്യന്‍സ് – ലക്നൗ സൂപ്പര്‍ ജയന്റ്സ് പോരാട്ടത്തിലെ വിജയികളെ ക്വാളിഫയര്‍ രണ്ടില്‍ പരാജയപ്പെടുത്തിയാല്‍ മതിയാകും.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് പതിവ് പോലെ മികച്ച തുടക്കം നല്‍കാന്‍ റുതുരാജ് ഗെയ്ക്വാദ് – ഡെവണ്‍ കോണ്‍വെ സഖ്യത്തിന് കഴിഞ്ഞു. കോണ്‍വെ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ റുതുരാജ് അനായാസം ബാറ്റ് വീശി. ഒന്നാം വിക്കറ്റില്‍ 87 റണ്‍സാണ് സഖ്യം ചേര്‍ത്തത്. 60 റണ്‍സെടുത്ത റുതുരാജിനെ മടക്കി മോഹിത് ശര്‍മയാണ് കൂട്ടുകെട്ട് പൊളിച്ചത്.
ഏഴ് ഫോറും ഒരു സിക്സുമായിരുന്നു താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. സ്ഥാനക്കയറ്റം ലഭിച്ച ശിവം ദൂബെ (1), അജിങ്ക്യ രഹാനെ (17) എന്നിവര്‍ വൈകാതെ മടങ്ങി. കോണ്‍വെയുടെ പോരാട്ടം 40 റണ്‍സില്‍ അവസാനിച്ചു. 34 പന്തുകളില്‍ നിന്നായിരുന്നു കോണ്‍വെയ്ക്ക് 40 റണ്‍സെടുക്കാനായത്. നാല് ഫോറുകള്‍ ഇന്നിങ്സില്‍ പിറന്നു.
ഒന്‍പത് പന്തില്‍ 17 റണ്‍സെടുത്ത അമ്പട്ടി റായുഡുവും എം എസ് ധോണിയും (1) സ്കോറിങ്ങിന് വേഗം കൂട്ടാനുള്ള ശ്രമത്തിനിടെ വീണു. രവീന്ദ്ര ജഡേജ (22), മൊയിന്‍ അലി (9) എന്നിവരുടെ ബാറ്റിങ്ങാണ് ചെന്നൈയുടെ സ്കോര്‍ 170 കടത്തിയത്. അവസാന മൂന്ന് ഓവറില്‍ 35 റണ്‍സെടുക്കാന്‍ ചെന്നൈക്ക് കഴിഞ്ഞു.
ഗുജറാത്തിനായി മോഹിത് ശര്‍മയും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം നേടി. റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, ദർശൻ നൽകണ്ടെ എന്നിവര്‍ ഓരൊ വിക്കറ്റുമായി തിളങ്ങി.
ടീം ലൈനപ്പ്
ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ, ഹാർദിക് പാണ്ഡ്യ, ദാസുൻ ഷനക, ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, ദർശൻ നൽകണ്ടെ, മോഹിത് ശർമ, നൂർ അഹമ്മദ്, മുഹമ്മദ് ഷമി.
ചെന്നൈ സൂപ്പർ കിംഗ്‌സ്: റുതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവെ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായിഡു, ശിവം ദുബെ, മൊയിൻ അലി, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ദീപക് ചാഹർ, തുഷാർ ദേശ്പാണ്ഡെ, മഹേഷ് തീക്ഷണ.
പ്രിവ്യു
സീസണില്‍ ഏറ്റവും സ്ഥിരതയോടെയുള്ള പ്രകടനം പുറത്തെടുത്ത ടീമാണ് ഗുജറാത്ത്. കഴിഞ്ഞ സീസണിന് സമാനമായി ഇത്തവണയും ലീഗ് ഘട്ടത്തില്‍ പത്ത് ജയം നേടി. ബോളിങ്ങിലും ബാറ്റിങ്ങിലും ഒരു പോലെ മികവ് പുലര്‍ത്തുന്ന എന്നതാണ് ഗുജറാത്തിന്റെ പ്രത്യേകത. 14 കളികളില്‍ നിന്ന് 680 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ബാറ്റിങ്ങില്‍ ഗുജറാത്തിന്റെ കരുത്ത്. ഈ ഐപിഎല്ലില്‍ ഇതിനോടകം തന്നെ രണ്ട് സെഞ്ചുറികള്‍ ഗില്‍ നേടി.
ഗില്ലിനെ മാറ്റി നിര്‍ത്തിയാല്‍ ബാറ്റിങ്ങില്‍ വലിയ തോതില്‍ സംഭാവന ചെയ്യുന്ന താരങ്ങളില്ലെങ്കിലും വിജയ ഫോര്‍മുല ഗുജറാത്തിനുണ്ട്. ഹാര്‍ദിക് പാണ്ഡ്യ, വൃദ്ധിമാന്‍ സാഹ, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തേവാട്ടിയ എന്നിവരെല്ലാം കളിയുടെ ഗതി മാറ്റാന്‍ കെല്‍പ്പുള്ളവരാണ്. ബോളിങ്ങിലും ചെന്നൈയേക്കാള്‍ കരുത്ത് ഗുജറാത്തിന് തന്നെ. മുഹമ്മദ് ഷമി – റാഷിദ് ഖാന്‍ ദ്വയമാണ് വിക്കറ്റ് വേട്ടയില്‍ ടൂര്‍ണമെന്റില്‍ തന്നെ മുന്നില്‍.
ഇരുവരും സീസണില്‍ ഇതിനോടകം 24 വിക്കറ്റുകള്‍ വീതം പിഴുതുകഴിഞ്ഞു. 17 വിക്കറ്റെടുത്ത മോഹിത് ശര്‍മയും 13 വിക്കറ്റുമായി നൂര്‍ അഹമ്മദും ഷമിക്കും റാഷിദിനും മികച്ച പിന്തുണയാണ് നല്‍കുന്നത്. മറുവശത്ത് ബാറ്റിങ്ങാണ് ചെന്നൈയുടെ കരുത്ത്. ഡെവണ്‍ കോണ്‍വെ, റുതുരാജ് ഗെയ്ക്വാദ്, ശിവം ദൂബെ എന്നിവരാണ് സ്ഥിരതയോടെ ബാറ്റ് വീശുന്നത്. രവീന്ദ്ര ജഡേജയുടേയും എം എസ് ധോണിയുടേയും ഫിനിഷിങ് കൂടെയെത്തുന്നതോടെ കൂറ്റന്‍ സ്കോര്‍ ചെന്നൈയുടെ കൈകളില്‍ ഭദ്രമാണ്.
ടൂര്‍ണമെന്റിന്റെ അവാസാന ഘട്ടത്തില്‍ ബോളിങ്ങിലെ ആശങ്കകള്‍ പരിഹരിക്കാന്‍ ചെന്നൈക്കായിട്ടുണ്ട്. തുഷാര്‍ ദേശ്പാണ്ഡെ (20 വിക്കറ്റ്), രവീന്ദ്ര ജഡേജ (17 വിക്കറ്റ്), മതീഷ പതിരാന (15 വിക്കറ്റ്) എന്നിവരാണ് ധോണിയുടെ പ്രധാന ആയുധങ്ങള്‍. അവസാന ഓവറില്‍ റണ്ണൊഴുക്ക് തടയാന്‍ പതിരാനയ്ക്ക് കഴിയുന്നുണ്ട്. മധ്യ ഓവറുകളുടെ ചുമത ജഡേജയ്ക്കും മൊയിന്‍ അലിക്കുമാണ്. പവര്‍പ്ലെയില്‍ തന്റെ ഫോമിലേക്ക ഉയരാന്‍ ദീപക് ചഹറിന് കഴിഞ്ഞതും ചെന്നൈക്ക് ആശ്വാസമാണ്.