Chennai Super Kings vs Delhi Capitals Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 55-ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് തോല്‍വി. ചെന്നൈ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയുടെ പോരാട്ടം 140 റണ്‍സില്‍ അവസാനിച്ചു.
ദീപക് ചഹറിന്റെ മികവിന് മുന്നില്‍ ഡല്‍ഹി ബാറ്റിങ് നിര പവര്‍പ്ലെയില്‍ തന്നെ തകര്‍ന്നു. ഡേവിഡ് വാര്‍ണര്‍ (0), ഫില്‍ സാള്‍ട്ട് (17) മൂന്ന് ഓവറിനുള്ളില്‍ തന്നെ പവലിയനിലെത്തി. മിച്ചല്‍ മാര്‍ഷ് (5) റണ്ണൗട്ടുമായതോടെ ഡല്‍ഹിക്ക് അനിവാര്യമായിരുന്നു തുടക്കം ലഭിച്ചില്ല. പിന്നീടെത്തിയ മനീഷ് പാണ്ഡെയും റീലി റൂസോയും സ്കോറിങ്ങിന് വേഗം കൂട്ടാനാകാതെ സമ്മര്‍ദത്തിലായി.
മനീഷ് 29 പന്തില്‍ 27 റണ്‍സാണെടുത്തത്. റൂസൊ 37 പന്തില്‍ 35 റണ്‍സും. മനീഷ് പാണ്ഡയെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചത് മതീഷ പതിരാനയായിരുന്നു. റൂസോയെ ജഡേജയും മടക്കിയതോടെ ഡല്‍ഹിയുടെ പ്രതീക്ഷകള്‍ മങ്ങി. 21 പന്തില്‍ 21 റണ്‍സെടുത്ത അക്സര്‍ പട്ടേലിന് തോല്‍വി ഭാരം കുറയ്ക്കാന്‍ മാത്രമാണായത്.
മൂന്ന് വിക്കറ്റെടുത്ത മതീഷ പതിരാനയും രണ്ട് വിക്കറ്റെടുത്ത ദീപക് ചഹറുമാണ് ചെന്നൈയുടെ ജയം ഉറപ്പാക്കിയത്. ജയത്തോടെ 15 പോയിന്റുമായി പട്ടികയിലെ രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ ചെന്നൈക്കായി. ഏഴാം തോല്‍വി വഴങ്ങിയതോടെ ഡല്‍ഹിയുടെ പ്ലെ ഓഫ് സാധ്യതകള്‍ മങ്ങി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈക്ക് മികച്ച തുടക്കം നല്‍കാന്‍ റുതുരാജ് ഗെയ്ക്വാദിനും ഡെവോണ്‍ കോണ്‍വെയ്ക്കുമായില്ല. റുതുരാജിനേയും (24) കോണ്‍വെയേയും (10) മടക്കി അക്സര്‍ പട്ടേലാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. വൈകാതെ മറ്റ് രണ്ട് സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും ലളിത് യാദവും അക്സറിനൊപ്പം ചേര്‍ന്നു.
മൊയീന്‍ അലിയെ (7) കുല്‍ദീപ് പുറത്താക്കിയപ്പോള്‍ അത്യൂഗ്രന്‍ ക്യാച്ചിലൂടെയാണ് രഹാനയെ (21) ലളിത് പുറത്താക്കിയത്. സ്പിന്‍ കുഴിയില്‍ വീണ് മെല്ലപ്പോയ ചെന്നൈ ഇന്നിങ്സിന് കുതിപ്പ് നല്‍കിയത് ശിവം ദൂബെയായിരുന്നു. മൂന്ന് സിക്സടക്കം 12 പന്തില്‍ 25 റണ്‍സാണ് ദൂബെ നേടിയത്. മിച്ചല്‍ മാര്‍ഷിന്റെ പന്തിലായിരുന്നു ദൂബെയുടെ പുറത്താകല്‍.
വൈകാതെ ദൂബെയ്ക്കൊപ്പം വെടിക്കെട്ട് ബാറ്റിങ്ങിന് തിരികൊളുത്തിയ റായുഡുവും പുറത്തായി. 17 പന്തില്‍ 23 റണ്‍സാണ് റായുഡു നേടിയത്. എന്നാല്‍ അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജ – എം എസ് ധോണി ദ്വയം ചെന്നൈ സ്കോറിങ്ങിന് വേഗം കൂട്ടി. ഖലീല്‍ അഹമ്മദ് എറിഞ്ഞ 19-ാം ഓവറില്‍ 21 റണ്‍സാണ് പിറന്നത്. 20 റണ്‍സും നേടിയത് ധോണിയായിരുന്നു.
16 പന്തില്‍ 21 റണ്‍സെടുത്ത ജഡേജ അവസാന ഓവറില്‍ മാര്‍ഷിന്റെ പന്തില്‍ അക്സറിന്റെ കൈകളിലൊതുങ്ങി. ഒന്‍പത് പന്തില്‍ 20 റണ്‍സെടുത്ത ധോണിയും 20-ാം ഓവറില്‍ വീണു. ഒരു ഫോറും രണ്ട് സിക്സുമാണ് ധോണി അടിച്ചെടുത്തത്.
പ്രിവ്യു
മുംബൈ ഇന്ത്യന്‍സിനെതിരെ ഉജ്വല ജയം നേടി ട്രാക്കിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. ബാറ്റിങ് മികവില്‍ ഇതുവരെ കുതിച്ച ചെന്നൈയുടെ ബോളിങ് നിര പ്രതീക്ഷക്കൊത്ത് ഉയര്‍ന്ന മത്സരമായിരുന്നു മുംബൈക്കെതിരായത്. മുംബൈയെ 139 റണ്‍സിലൊതുക്കി രണ്ട് ഓവര്‍ ബാക്കി നില്‍ക്കെ ജയം നേടാന്‍ ചെന്നൈക്കായിരുന്നു.
എങ്കിലും ചെന്നൈ ബോളിങ് നിരയുടെ സ്ഥിരതയില്ലായ്മ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മതീഷ പതിരാന, രവീന്ദ്ര ജഡേജ എന്നിവരുടെ പ്രകടനങ്ങളാണ് പല മത്സരങ്ങളും ചെന്നൈയെ തുണച്ചത്. പതിരാനയുടെ അവസാന ഓവറുകളിലെ ബോളിങ് മികവ് എതിര്‍ ടീമിന്റെ റണ്ണൊഴുക്ക് തടയുന്നതില്‍ നിര്‍ണായകമായിട്ടുണ്ട്.
മറുവശത്ത് ടൂര്‍ണമെന്റിന്റെ രണ്ടാം പകുതിയില്‍ ഉജ്വല ഫോമിലാണ് ഡേവിഡ് വാര്‍ണറും സംഘവും. അവസാന അഞ്ച് മത്സരങ്ങളില്‍ പരാജയം രുചിച്ചത് കേവലം ഒന്നില്‍ മാത്രം. വാര്‍ണര്‍, ഫില്‍ സാള്‍ട്ട്, റീലി റൂസൊ, മിച്ചല്‍ മാര്‍ഷ് തുടങ്ങിയ വിദേശ താരങ്ങളെല്ലാം നിലവില്‍ ഫോമിലാണ്. മാര്‍ഷ് ഓള്‍റൗണ്ട് മികവിലേക്കും ഉയര്‍ന്നിട്ടുണ്ട്.
മാര്‍ഷിനൊപ്പം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേലും ചേരുന്നതോടെ ഡല്‍ഹിയുടെ സാധ്യതകള്‍ വര്‍ധിക്കുന്നു. എന്നാല്‍ ഡല്‍ഹിയുടെ പേസ് നിര സീസണില്‍ നിരാശപ്പെടുത്തുകയാണ്. ആന്‍റിച്ച് നോര്‍ക്കെയുടെ അഭാവം പോയ മത്സരങ്ങളില്‍ പ്രകടമാണ്. മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ക്ക് നോര്‍ക്കെയും അഭാവം നികത്താനുമാകുന്നില്ല.