നാലു തവണ ഐപിഎൽ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് കഴിഞ്ഞ ഐപിഎൽ സീസണിൽ വളരെ മോശം പ്രകടനാണ് കാഴ്ചവച്ചത്. 10 ടീമുകളുടെ ഫോർമാറ്റിൽ ഒൻപതാം സ്ഥാനത്തെത്തി. ഈ വർഷം ക്യാപ്റ്റൻ എംഎസ് ധോണിയുടെ നേതൃത്വത്തിൽ ടീം തെറ്റുകൾ തിരുത്താൻ ശ്രമിക്കും. 2022ൽ സിഎസ്‌കെയുടെ നായകസ്ഥാനം രവീന്ദ്ര ജഡേജയെ ഏൽപ്പിച്ച ധോണിക്ക്, ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് തിരിച്ചെടുക്കേണ്ടി വന്നു.
ഇത്തവണ ലേലത്തിൽ ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സിനെ 16.25 കോടി രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കിയെങ്കിലും അദ്ദേഹത്തിന്റെ ടീമിലെ സാന്നിധ്യത്തെക്കുറിട്ട് ചോദ്യമുയരുന്നുണ്ട്. ആഷസ് പരമ്പരയ്ക്കായി ഐപിഎൽ മത്സരം കഴിയുന്നതിനു മുൻപേ ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ മടങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഐപിഎൽ സീസൺ കഴിയുന്നതുവരെ സ്റ്റോക്സ് ടീമിനൊപ്പമുണ്ടാകുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നാണ് സിഎസ്കെ സിഇഒ കാശി വിശ്വനാഥൻ പറഞ്ഞത്. അടുത്തിടെ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ സ്റ്റോക്‌സിന് കാൽമുട്ടിന് പരുക്കേറ്റിരുന്നുവെങ്കിലും ടൂർണമെന്റിന് മുന്നോടിയായി ടീമിൽ ചേരും.