ഐപിഎല്ലില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നായകമികവിനെ എല്ലാവരും വാഴ്ത്തുന്നുണ്ടെങ്കിലും താരത്തിന്റെ ബോളിങ് പ്രകടനം ആശങ്കയായി തന്നെ നിലനില്‍ക്കുകയാണ്. ഓന്നോ രണ്ടോ കളികളില്‍ മികവ് പുലര്‍ത്തിയതുകൊണ്ട് മാത്രം ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ ഹാര്‍ദിക്കിനെ ടീമിലെടുക്കാന്‍ സാധിക്കില്ലെന്നാണ് മുന്‍താരം പാര്‍ഥിവ് പട്ടേലിന്റെ അഭിപ്രായം.
“ആവശ്യം പൂര്‍ണ ശാരീരികക്ഷമതയുള്ള താരത്തെയാണ്. ഒന്നോ രണ്ടോ മത്സരത്തില്‍ തിളങ്ങുന്നയാളെ അല്ല. ലോകകപ്പിനിടയില്‍ പരിക്കേറ്റാല്‍ എന്ത് ചെയ്യും. ഇന്ത്യയ്ക്ക് വലിയനഷ്ടമാകും. നാല് ദിവസം നീണ്ടു നില്‍ക്കുന്ന കുറച്ച് മത്സരങ്ങള്‍ കളിച്ചാല്‍ മാത്രമെ ഒരാളുടെ ശാരീരിക ക്ഷമത എത്രത്തോളമുണ്ടെന്ന് മനസിലാക്കാന്‍ കഴിയു,” പാര്‍ഥിവ് ക്രിക്ബസിനോട് പറഞ്ഞു.
“മണിക്കൂറില്‍ 140 കിലോ മീറ്ററിന് മുകളില്‍ വേഗതയിലും ഇന്നിങ്സിന്റെ പല സമയത്തായും പന്തെറിയുന്ന ഒരാള്‍ക്ക് പരിക്ക് പെട്ടെന്ന് പറ്റാനുള്ള സാധ്യതയുണ്ട്. ഹാര്‍ദിക്കിന്റെ തന്നെ പ്രസ്താവനയിലേക്ക് നോക്കാം. ഒരു ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ എല്ലാ തരത്തിലും ടീമിനെ സഹായിക്കാന്‍ കഴിയുമെങ്കില്‍ മാത്രമേ എന്നെ പരിഗണിക്കാവു. അയാള്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ പൂര്‍ണമായും ഒരു ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ തിളങ്ങണം,” പാര്‍ഥിവ് കൂട്ടിച്ചേര്‍ത്തു.
“ഒരു താരത്തെ ടീമിലെടുക്കണമെങ്കില്‍ ഐപിഎല്ലിലെ പ്രകടനം മാത്രം പരിഗണിച്ചാല്‍ പോരാ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഒരു താരത്തെ നേരിട്ട് ഐപിഎല്ലില്‍ നിന്ന് ടീമിലെടുക്കുമ്പോള്‍ അഭ്യന്തര ക്രിക്കറ്റിന്റെ പ്രാധാന്യമാണ് കുറയുന്നത്. ലോകകപ്പിന് ഇനിയും ആറ് മാസമുണ്ട്. രഞ്ജി ട്രോഫ അതിനുള്ളില്‍ തുടങ്ങുമെന്നും ഹാര്‍ദിക് കുറച്ചു കളികളെങ്കിലും കളിക്കുമെന്നും പ്രതീക്ഷിക്കാം,” മുന്‍താരം വിശദീകരിച്ചു.
Also Read: ഞാന്‍ നിര്‍ദേശങ്ങള്‍ പങ്കുവയ്ക്കും, പക്ഷെ ഡുപ്ലെസിസ് അത് ചെയ്യാന്‍ കഴിയില്ലെന്ന് പറയും: കോഹ്ലി