റിഷഭ് പന്തെന്ന സൂപ്പര്‍ താമില്ലാതെയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലിഗിന്റെ (ഐപിഎല്‍) 16-ാം സീസണിന് ഡല്‍ഹി ക്യാപിറ്റല്‍സ് ഇറങ്ങിയത്. വാഹനാപകടത്തെ തുടര്‍ന്ന് നിര്‍ബന്ധിത വിശ്രമത്തില്‍ കഴിയുന്ന പന്തിന്റെ അസാന്നിധ്യത്തില്‍ ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയെ നയിച്ചത്. ഡല്‍ഹിയെ ഉയരങ്ങളിലേക്ക് നയിച്ച പന്ത് ഒപ്പമില്ലെങ്കിലും ചെര്‍ത്ത് നിര്‍ത്തിയിരിക്കുകയാണ് ടീം.
ഹൃദയസ്പര്‍ശിയായ ഒരു നിമിഷമായിരുന്നു ഇന്നലെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ ആദ്യ മത്സരത്തില്‍ ഡല്‍ഹിയുടെ ഡഗൗട്ടിലുണ്ടായിരുന്നത്. റിഷഭ് പന്തിന്റെ 17-ാം നമ്പര്‍ ജേഴ്സിക്ക് ഡഗൗട്ടിന് മുകളിലായി ടീം മാനേജ്മെന്റ് ഇടം ഒരുക്കി. എന്നും ഞങ്ങളുടെ ഡഗൗട്ടില്‍, എന്നും ഞങ്ങളുടെ ടീമില്‍, എന്ന ക്യാപ്ഷനോട് ചിത്രം ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തു ഡല്‍ഹി.
പുതിയ സീസണിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ഡല്‍ഹിക്ക് പന്ത് ആശംസകളും അറിയിച്ചിരുന്നു. ഇംപാക്ട് പ്ലെയറുള്ളതിനാല്‍ ടീമിലെ പതിമൂന്നാമന്‍ ഞാനാണ്, അല്ലെങ്കില്‍ പന്ത്രണ്ടാമനാകുമായിരുന്നു, ടീം ലൈനപ്പ് പ്രവചിക്കാനുള്ള ഡല്‍ഹിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ച് കൊണ്ട് പന്ത് ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ഡിസംബര്‍ 30-ാം തീയതിയാണ് ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയില്‍ വച്ച് പന്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ താരത്തിന് നിര്‍ണായക ടൂര്‍ണമെന്റുകള്‍ നഷ്ടമായിരുന്നു. വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ഏകദിന ലോകകപ്പ് എന്നിവയിലും പന്തിന് കളിക്കാനാകില്ല.